
തലശ്ശേരി ∙ രണ്ടാംവിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ സഹോദരിയെ കുത്തിക്കൊല്ലുകയും വിവാഹം കഴിക്കാനിരുന്നയാളെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തെന്ന കേസിൽ 2 സഹോദരന്മാർ കുറ്റക്കാരെന്നു കോടതി. നാലു പ്രതികളെ വിട്ടയച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഷഹത മൻസിലിൽ ഖദീജയെ (28) കൊല്ലുകയും ഫറോക്ക് കോടമ്പുഴയിലെ ഷാഹുൽ ഹമീദിനെ (43) ആക്രമിക്കുകയും ചെയ്തെന്ന കേസിൽ ഉളിയിൽ പടിക്കച്ചാൽ ഗവ.
എൽപി സ്കൂളിന് സമീപം പുതിയപുരയിൽ കെ.എൻ.ഇസ്മായിൽ (40), സഹോദരൻ കെ.എൻ.ഫിറോസ് (36) എന്നിവരെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി ഫിലിപ് തോമസ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ 10ന് പറയും.
പടിക്കച്ചാൽ കണിയാന്ററമ്പ് ഹൗസിൽ അബ്ദുൽ റഹൂഫ് (41), മട്ടന്നൂർ പാറപ്പൊയിൽ ഷമീർ മൻസിലിലെ പി.പി.നിസാർ (53), മുണ്ടേരി, മൊട്ടമ്മൽ ഈന്തുംകാട്ടിൽ ഇ.എം.അബ്ദുൽ റഹൂഫ് (45), ചാവശ്ശേരി ആഷിക് മൻസിലിൽ യു.കെ.നാസർ(46) എന്നിവരെയാണ് വിട്ടയച്ചത്. 2012 ഡിസംബർ 22ന് ആണ് കേസിനാസ്പദമായ സംഭവം.
ഷാഹുൽ ഹമീദുമായി ഇഷ്ടത്തിലായ ഖദീജ, ഷാഹുൽ ഹമീദിന്റെ നാടായ കോടമ്പുഴയിൽ പോയ വിവരമറിഞ്ഞ പ്രതികൾ വിവാഹം മതാചാര പ്രകാരം നടത്തിക്കൊടുക്കാമെന്നു ഷാഹുൽ ഹമീദിന്റെ ബന്ധുക്കളെ വിശ്വസിപ്പിച്ചു പടിക്കച്ചാലിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ഇരുവരെയും വീട്ടിൽ നിർത്തി മറ്റുള്ളവരെ നിക്കാഹിനെക്കുറിച്ചു സംസാരിക്കാനെന്നു പറഞ്ഞു പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈസമയം ഒന്നും രണ്ടും പ്രതികൾ ഷാഹുൽ ഹമീദിനെ കുത്തി പരുക്കേൽപിച്ചശേഷം ഖദീജയെ കുത്തിക്കൊന്നെന്നാണ് കേസ്.
ആദ്യ വിവാഹത്തിൽ ഖദീജയ്ക്ക് 2 മക്കളുണ്ട്. ഷാഹുൽ ഹമീദിന്റെ പരാതിയിലാണ് കേസെടുത്തത്.മട്ടന്നൂർ പൊലിസ് ഇൻസ്പെക്ടർ കെ.വി.വേണുഗോപാലാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.രൂപേഷും പ്രതിഭാഗത്തിനുവേണ്ടി അഡ്വ.പി.സി.നൗഷാദും ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]