
യൂത്ത് കോൺഗ്രസ് പരിപാടിക്കുനേരെ സിപിഎമ്മിന്റെ കൂക്കിവിളി: അടുവാപ്പുറത്ത് സംഘർഷാവസ്ഥ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിക്കൂർ ∙ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം തകർക്കുകയും വീടിനു നേരെ അക്രമം നടത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്നലെ വൈകിട്ട് അടുവാപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി തടസ്സപ്പെടുത്താൻ സിപിഎം ശ്രമം. പ്രകടനത്തിലേക്കു സിപിഎം പ്രവർത്തകർ തള്ളിക്കയറി കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചുമാറ്റി.
തുടർന്നു നടന്ന യോഗത്തിൽ കെപിസിസി അംഗം വി.പി.അബ്ദുൽ റഷീദ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയുടെ വാർഷിക പരിപാടിയുടെ അനൗൺസ്മെന്റ് വാഹനമെത്തി അനൗൺസ്മെന്റ് നടത്തി. സിപിഎം പ്രവർത്തകർ സംഘടിക്കുകയും ചെയ്തു. പ്രദേശത്ത് ഏറെനേരം സംഘർഷസാധ്യതയുണ്ടായി. അരമണിക്കൂറിനു ശേഷം അനൗൺസ്മെന്റ് വാഹനം പോയെങ്കിലും സിപിഎം പ്രവർത്തകർ കൂക്കിവിളികളുമായി പരിപാടി കഴിയുംവരെ തുടർന്നു.
പരിപാടി കഴിഞ്ഞ് വാഹനത്തിൽ മടങ്ങുകയായിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അടുവാപ്പുറം വളവിൽ വച്ച് കല്ലേറുമുണ്ടായി. കാർ തടഞ്ഞു നിർത്തി സിപിഎം പ്രവർത്തകർ വധഭീഷണി മുഴക്കിയെന്ന് കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി.ശശിധരൻ മയ്യിൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സിപിഎമ്മുകാർ തകർത്ത സ്തൂപം ഉണ്ടായിരുന്ന സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഉയർത്തിയ കോൺഗ്രസ് കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. മയ്യിൽ പൊലീസിനു പുറമേ കണ്ണൂരിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി.ശശിധരൻ എന്നിവർ പ്രസംഗിച്ചു. മാർട്ടിൻ ജോർജ്, റിജിൽ മാക്കുറ്റി, മുഹമ്മദ് ബ്ലാത്തൂർ, കെ.സി.ഗണേശൻ, കെ.പി.ശശിധരൻ, സുദീപ് ജയിംസ്, രാജീവൻ എളയാവൂർ, ശ്രീജേഷ് കൊയിലേരിയൻ, അമൽ കുറ്റ്യാട്ടൂർ എന്നിവർ സനീഷിന്റെ വീട് സന്ദർശിച്ചു.
28 സിപിഎം പ്രവർത്തകർക്ക് എതിരെ കേസ്
ഇരിക്കൂർ ∙ സനീഷ് അടുവാപ്പുറത്തിന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ച രക്തസാക്ഷിസ്തൂപം തകർത്ത സംഭവത്തിൽ 28 സിപിഎം പ്രവർത്തകർക്കെതിരെ കേസ്. ശിവദാസൻ, ചന്ദ്രൻ, രാഘവൻ, ലക്ഷ്മണൻ, സജിത്ത്, രാധാകൃഷ്ണൻ, ഷിനോജ്, ഷനിൽ തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു ഇരുപതോളം പേർക്കെതിരെയുമാണ് മയ്യിൽ പൊലീസ് കേസെടുത്തത്. സനീഷിന്റെ പരാതിയിലാണ് കേസെടുത്തത്. ഡിവൈഎഫ്ഐ നേതാവ് ഫോണിലൂടെ വധഭീഷണി മുഴക്കിയതായി കാണിച്ചും സനീഷ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ എസ്ഐ ജിമ്മിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
അക്രമം യൂത്ത് കോൺഗ്രസ് സൃഷ്ടി: സിപിഎം
ഇരിക്കൂർ ∙ വീട് ആക്രമിച്ചെന്ന വാർത്ത യൂത്ത് കോൺഗ്രസ് സൃഷ്ടിയാണെന്ന് സിപിഎം ചൂളിയാട് ലോക്കൽ കമ്മിറ്റി പറഞ്ഞു. അടുവാപ്പുറത്ത് സിപിഎം നടത്തിയ പ്രകടനം സമാധാനപരമായിരുന്നു. പ്രകടനം കടന്നുപോയശേഷം സ്വയം വീട് തകർക്കുകയും സ്തൂപവും പ്രചാരണ സാമഗ്രികളും നശിപ്പിക്കുകയും ചെയ്ത് പ്രചരിപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ് ചെയ്തത്. പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
സിപിഎമ്മുകാർ ഗോഡ്സേയുടെ പിന്മുറക്കാരായി: മാർട്ടിൻ ജോർജ്
∙രക്തസാക്ഷിസ്തൂപം തകർത്തതിലൂടെ, രാഷ്ട്രപിതാവിനു നേർക്കു നിറയൊഴിച്ച ഗോഡ്സേയുടെ പിന്മുറക്കാരായി സിപിഎം മാറിയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. സിപിഎം ശക്തികേന്ദ്രങ്ങളിൽ മഹാത്മജിയുടെ ആശയാദർശങ്ങൾ പോലും അവർ ഭയപ്പെടുന്നതിന്റെ ഉദാഹരണമാണ് സംഭവം. കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാമെന്ന വ്യാമോഹം വേണ്ട. അക്രമം നടത്തിയ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭയന്ന് പിന്മാറില്ല: കെ.സുധാകരൻ
∙സ്തൂപം തകർത്ത സിപിഎം നടപടിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ സമൂഹമാധ്യമ കുറിപ്പ്. ഭയന്ന് പിന്മാറുമെന്ന് കരുതുന്നുണ്ടെങ്കിൽ കമ്യൂണിസ്റ്റ് ഭീകരർക്ക് തെറ്റുപറ്റിയെന്നും ശക്തമായ പ്രവർത്തനങ്ങളുമായി കോൺഗ്രസ് വരും ദിവസങ്ങളിൽ മുന്നോട്ട് പോകുമെന്നും സുധാകരൻ കുറിച്ചു. പാർട്ടി ഗ്രാമങ്ങളിൽ അടക്കം അധിവസിക്കുന്ന സമാധാനകാംഷികളായ പൊതുസമൂഹം നിങ്ങളെ തള്ളിപ്പറയുന്ന കാലം വിദൂരമല്ലെന്നും കെ.സുധാകരൻ സമൂഹമാധ്യമത്തിൽ കുറിച്ചു