ആപ്പിൽ അരികിലെത്തി 42 ഗവ. ആശുപത്രികൾ; ബുക്കിങ് ഓൺലൈനായി, പണമടയ്ക്കാനും സൗകര്യം
കണ്ണൂർ∙ ജില്ലയിലെ 42 ആശുപത്രികളിൽ ഇ–ഹെൽത്തും ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനങ്ങളും സജ്ജമായതായി ഡപ്യൂട്ടി ഡിഎംഒ ഡോ.രേഖ അറിയിച്ചു.
ഒപി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ലാബ്, ഫാർമസി സൗകര്യങ്ങളും ഇ–ഹെൽത്ത് ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
8 താലൂക്ക് ആശുപത്രികളിൽകൂടി ഇന്നലെ ഓൺലൈനിലൂടെ അപോയ്മെന്റ് എടുക്കാനും ഡിജിറ്റലായി പണമടയ്ക്കാനുമുള്ള സംവിധാനം ഒരുങ്ങി. യുഎച്ച്ഐഡി (യുണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ) നമ്പർ ജനറേറ്റ് ചെയ്ത് ഇ–ഹെൽത്തിലൂടെ ഓൺലൈനായി സേവനങ്ങൾ ലഭ്യമാക്കാം.
യുപിഐ ആപ്പുകൾ, കാർഡ് എന്നിവ വഴി ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനവും ആശുപത്രികളിലുമുണ്ട്.ജില്ലയിലെ 32 ആശുപത്രികളിലാണു പൂർണമായും ഡിജിറ്റൽ സേവനം തയാറായതെന്ന് ഡപ്യൂട്ടി ഡിഎംഒ പറഞ്ഞു. ലാബ് സേവനത്തിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതനുസരിച്ച് മറ്റ് ആശുപത്രികളും പൂർണമായി ഡിജിറ്റൽ സേവനത്തിലേക്ക് മാറും. നിലവിൽ മാങ്ങാട്ടുപറമ്പിലെ ഇ.കെ.നായനാർ മെമ്മോറിയൽ ഗവ.വിമൻ ആൻഡ് ചൈൽഡ് ആശുപത്രി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറി.
പരിയാരത്ത് 3 വർഷം മുൻപേ
∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മൂന്ന് വർഷം മുൻപേ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പാക്കി.
കാർഡ് ഉപയോഗിച്ചും പണം അടയ്ക്കാം. പിഒഎസ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്.
എന്നാൽ മുൻകൂറായി ഒപി ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സംവിധാനമില്ല. ഇനിയും സാങ്കേതികതടസ്സം!
∙ ഡിജിറ്റൽ പണമിടപാടിനുള്ള സംവിധാനങ്ങൾ ഏഴിനു തന്നെ തുടങ്ങണമെന്ന ഉത്തരവ് വന്നിട്ടില്ലെന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രി അധികൃതർ.
ആശുപത്രിയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം തയാറായിട്ടില്ല. തലശ്ശേരി ജനറൽ ആശുപത്രി, പയ്യന്നൂർ ഗവ. താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും ഡിജിറ്റൽ സംവിധാനത്തിന്റ ഒരുക്കങ്ങൾ തുടങ്ങുന്നതേയുള്ളു.
സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇരിക്കൂർ താലൂക്ക് ആശുപത്രിയിലും ഡിജിറ്റൽ പണമിടപാടിനുള്ള സംവിധാനം പൂർത്തിയായില്ല. ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും കരിവെള്ളൂർ കമ്യുണിറ്റി ഹെൽത്ത് സെന്ററിലും പെരിങ്ങോം താലൂക്ക് ആശുപത്രിയിലും പണമടയ്ക്കാനുള്ള ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടില്ല. ജില്ലാ ആശുപത്രിയിലും പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

