ചിറ്റാരിപ്പറമ്പ് ∙ കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടാനകൾ ഒരേക്കറോളം സ്ഥലത്തെ കൃഷി പൂർണമായും നശിപ്പിച്ചു.
ചിറ്റേറി കേളപ്പൻ, ഷീജ, ബിന്ദു, ബാബു എന്നിവരുടെ വാഴയും കമുകും ആണ് ആന നശിപ്പിച്ചത്. ആക്കം മൂല സ്രാമ്പിതാഴെ, കാളാങ്കണ്ടി, പറക്കാട്, തെറ്റുമ്മൽ തുടങ്ങിയ പ്രദേശങ്ങളിലും കൃഷികൾ ദിനംപ്രതി നശിപ്പിക്കുന്നത് പതിവാണ്.
പലരും ബാങ്ക് വായ്പയും മറ്റും എടുത്താണ് കൃഷിയിറക്കുന്നത്. എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് കൃഷി ചെയ്യുന്ന ഇവരെ കാട്ടാന, പന്നി, കുരങ്ങ്, കാട്ടി (കാട്ടുപോത്ത്) ശല്യം ദുരിതക്കയത്തിലേക്കു തള്ളിവിടുകയാണ്. രാത്രി കാട്ടാനകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തീ കൂട്ടിയാണ് നാട്ടുകാർ പ്രതിരോധം തീർക്കുന്നത്.
ഇതോടെ ഉറക്കമൊഴിഞ്ഞ് കൃഷിക്ക് കാവലിരിക്കുകയാണ് കർഷകർ.
ആന ഇറങ്ങുന്നത് അറിഞ്ഞാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി നാട്ടുകാരുടെ കൂടെ സഹായത്തോടെ പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും കാട്ടാനകളെ ഉൾ വനത്തിലേക്ക് ഓടിച്ച് കയറ്റും. ഇതിന് അപ്പുറം മറ്റൊരു പ്രവൃത്തിയും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
സ്ഥലം ഉടമകൾ ഉറക്കക്ഷീണത്താൽ ഒന്നു കണ്ണടച്ചപ്പോൾ എല്ലാം തിന്ന് ഇവ കാടുകയറുന്ന സ്ഥിതിയാണ്. പ്രാദേശികമായി വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരെ വനാതിർത്തിയിൽ വിന്യസിപ്പിക്കുന്നതിൽ അധികൃതർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കണ്ണവം റേഞ്ചിൽ വനത്തിലും വനത്തിനോട് ചേർന്നും 60 ഓളം ഗ്രാമങ്ങൾ ഉണ്ട്.
ഇതിൽ 15 ഓളം ഗ്രാമങ്ങളിൽ കാട്ടാനശല്യം അതിരൂക്ഷമാണ്. ഒരു ഭാഗത്തുനിന്ന് ഓടിക്കുന്ന കാട്ടാനകൾ മറ്റു ഭാഗങ്ങളിൽ എത്തുന്നതു തടയണം.
ഇതിനായി പ്രതിരോധ മാർഗങ്ങൾ സർക്കാർ തലത്തിൽ ആലോചിച്ചൊരുക്കണം. കണ്ണവം വനത്തിൽ ഉൾക്കൊള്ളാവുന്നതിലും ഇരട്ടിയോളം ആനകളാണ് നിലവിൽ വനത്തിലുള്ളത്.
പേര്യ, കോറം വനത്തിൽ നിന്നുമാണ് ആനകൾ എത്തുന്നത്. കോളയാട് പെരുവ ഭാഗങ്ങളിൽ നിന്ന് ഓടിക്കുന്ന കാട്ടാനകൾ നേരെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ചെന്നപ്പൊയിലിലാണ് വരാറുള്ളത്.
ഇവിടെ നിന്നു തിരിച്ചും. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

