ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിൽ നിന്നുള്ള വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനു ഫാം അതിർത്തിയിൽ പണിയുന്ന ആനമതിലിന്റെ പ്രവൃത്തി പൂർണമായി പൂർത്തിയാകും മുൻപ് ആദ്യഘട്ടത്തിൽ നിർമിച്ച ഭാഗം ഇടിയുന്നു. ബ്ലോക്ക് 13 ൽ 55 ഭാഗത്താണ് മതിലിന്റെ അടിഭാഗം ഇടിഞ്ഞു തുടങ്ങിയത്.
കഴിഞ്ഞ മഴക്കാലത്ത് ഇവിടം ഇടിയാൻ ആരംഭിച്ചിരുന്നു. നിർമാണത്തിലുള്ള അപാകതയാണെന്നു പ്രദേശത്തെ താമസക്കാരൻ ശശി ഹൈക്കോടതി ജഡ്ജിമാർ ഫാം സന്ദർശിച്ചപ്പോൾ ചൂണ്ടിക്കാണിച്ചിരുന്നു.
അന്നു ചെറുതായി ഇടിഞ്ഞുതുടങ്ങിയ ഭാഗം ഇപ്പോൾ കൂടുതൽ ഇടിഞ്ഞിട്ടുണ്ട്.
വളയംചാൽ വനം ഓഫിസ് പരിസരത്ത് നിന്ന് തുടങ്ങി പരിപ്പ് തോട് 55 വരെ 9.899 കിലോമീറ്റർ നീളത്തിൽ മതിലും അര കിലോമീറ്റർ റെയിൽവേലിയും ഉൾപ്പെടെ 37.9 കോടി രൂപയുടെ ആനമതിൽ പ്രവൃത്തി 2023 സെപ്റ്റംബർ 30 നാണ് ആറളത്ത് ഉദ്ഘാടനം ചെയ്തത്.
ഒരുവർഷം നിർമാണ കാലാവധി ഉണ്ടെങ്കിലും പുനരധിവാസ മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വേഗം പണി പൂർത്തിയാക്കണമെന്ന് ഉദ്ഘാടകനായ മന്ത്രി നിർദേശിച്ചു. എന്നിട്ടും 21 മാസം കഴിഞ്ഞപ്പോഴും 3.9 കിലോമീറ്റർ മാത്രം ആയിരുന്നു നിർമിച്ചത്.
സമയബന്ധിതമായി പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് ഈ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ കരാർ പ്രകാരം അവശേഷിപ്പിച്ച 6 കിലോമീറ്റർ ദൂരത്തെ പ്രവൃത്തി ഇപ്പോൾ നടക്കുന്നുണ്ട്.
പഴയ കരാറുകാരൻ നിർമിച്ച ഭാഗത്താണ് അപാകത കണ്ടെത്തിയിട്ടുള്ളത്. ഇടിച്ചിൽ കണ്ടെത്തിയ ഭാഗത്ത് ഉൾപ്പെടെ പരിശോധന നടത്തി ബലം ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
സ്ഥിതി ആശങ്കാജനകം, ഇന്നലെയും കാട്ടാനവിളയാട്ടം
ആനമതിൽ പ്രവൃത്തി അനന്തമായി നീളുമ്പോൾ, പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലുമായി തമ്പടിച്ചിട്ടുള്ള കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം രൂക്ഷം.
കഴിഞ്ഞ ഫെബ്രുവരി 23ന് വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന ദുരന്തത്തിനു ശേഷം ഇരുപതോളം വീടുകൾക്കു നേരെ ആക്രമണം ഉണ്ടായി. ബൈക്ക് യാത്രികരെ കാട്ടാനക്കൂട്ടം ആക്രമിച്ച സംഭവവും ഉണ്ടായി.
10 വർഷത്തിനിടെ 14 പേരെയാണ് കാട്ടാന കൊന്നത്. ആറളം ഫാം കൃഷിയിടത്തിൽ ഇതുവരെ 100കോടി രൂപയിലധികം വിളനാശം ഉണ്ടാക്കി.
25 – 30 ആനകൾ ഇപ്പോഴും ഫാമിൽ തമ്പടിക്കുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആറളം ആർആർടിയിലെയും സമീപ റേഞ്ചുകളിലെയും വനപാലകർ മാറിമാറി 24 മണിക്കൂറും ആറളത്ത് കാവൽ തുടരുന്നുണ്ടെങ്കിലും ഏതു സമയവും എന്തും സംഭവിക്കാമെന്ന ഭീഷണിയാണുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

