കണ്ണൂർ ∙ മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ രോഗനിർണയ ലബോറട്ടറിയിൽ 20 മാസത്തിനിടെ പരിശോധനയ്ക്കു കൊണ്ടുവന്ന 110 നായ്ക്കളിൽ 66 എണ്ണത്തിനും പേവിഷബാധ കണ്ടെത്തി. ഇക്കൊല്ലം ജനുവരി മുതൽ സെപ്റ്റംബർ വരെ പരിശോധനയ്ക്കു കൊണ്ടുവന്ന 53 നായ്ക്കളിൽ 31 എണ്ണത്തിനും പേവിഷബാധ കണ്ടെത്തി.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മൃഗങ്ങളുടെ പരിശോധനാ കേന്ദ്രമാണ് കണ്ണൂരിലേത്. പേവിഷനിർണയമാണ് ഇവിടെ കൂടുതൽ നടക്കുന്നത്. പക്ഷികളിലും മൃഗങ്ങളിലുമുള്ള എല്ലാവിധ രോഗങ്ങളും ഇവിടെ കണ്ടെത്താം. സംശയാസ്പദമായ സാഹചര്യത്തിൽ ചത്ത നായ, പൂച്ച, പശു, കുറുക്കൻ, കുരങ്ങൻ എന്നിവയ്ക്ക് പേവിഷബാധ സംശയിച്ചാൽ പരിശോധനയ്ക്കു കൊണ്ടുവരാം.
നായ, പൂച്ച എന്നിവയ്ക്ക് 400 രൂപയാണ് ഫീസ്. ഒരുദിവസം കൊണ്ട് പരിശോധനാഫലം ലഭിക്കും.
പരിശോധനയ്ക്കു കൂടുതൽ മൃഗങ്ങളെ കൊണ്ടുവരുന്നത് കണ്ണൂരിൽ നിന്നാണെന്ന് ഡപ്യൂട്ടി ഡയറക്ടർ ഡോ.പി.കെ.പത്മരാജൻ പറഞ്ഞു. നായ, പൂച്ച എന്നിവയുടെ ജഡമാണ് പേവിഷബാധ സംശയിച്ച് കൂടുതൽ കൊണ്ടുവരുന്നത്.
നായ്ക്കളിലധികവും തെരുവുനായ്ക്കളുടേതും. ഇക്കൊല്ലം മാത്രം 19 തെരുവുനായ്ക്കൾക്ക് പേവിഷബാധ കണ്ടെത്തി. ഡിസംബറിൽ പരിശോധനയ്ക്കു കൊണ്ടുവന്ന 16 നായ്ക്കളിൽ 15 എണ്ണത്തിനും പേവിഷബാധ കണ്ടെത്തി. ചത്തനിലയിൽ കണ്ടെത്തിയ തെരുവുനായ്ക്കളിൽ 90 ശതമാനത്തിനും പേവിഷബാധ കണ്ടെത്തി.
വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും മനുഷ്യരിലും പേവിഷബാധ നിർണയം ലാബിൽ നടത്തുന്നുണ്ട്. മൃഗങ്ങളിൽ അസാധാരണമായ രോഗം കാണുമ്പോൾ സാംപിൾ പുണെ, ഭോപാൽ, ബെംഗളൂരു ലാബുകളിലേക്ക് അയയ്ക്കും. വളർത്തുമൃഗങ്ങളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ 100 രൂപ കൊടുത്ത് പോസ്റ്റ്മോർട്ടവും ചെയ്യാം.
കുടിവെള്ള പരിശോധനയ്ക്ക് 250 രൂപയാണ് ഫീസ്. പക്ഷിമൃഗങ്ങളുടെ രോഗങ്ങളെക്കുറിച്ച് ഇവിടെ ബോധവൽക്കരണ ക്ലാസുകളും നൽകുന്നു.
നായയുടെ കടിയേറ്റു; ഇനി കേസും?
മയ്യിൽ ∙ നാടകാവതരണത്തിനിടെ തെരുവുനായയുടെ കടിയേറ്റ നാടകപ്രവർത്തകനെതിരെ പരാതി നൽകുമെന്ന് ഫോൺ സന്ദേശം.
പറവൂർ സ്വദേശിനി രതീദേവിയാണു താനെന്നും നായസ്നേഹിയെന്നും സ്വയം പരിചയപ്പെടുത്തിയ ശബ്ദസന്ദേശം നാടകം സംഘടിപ്പിച്ച കണ്ടക്കൈ കൃഷ്ണപിള്ള വായനശാലയുടെ ഭാരവാഹികളിൽ ഒരാളുടെ വാട്സാപ്പിലേക്കാണ് എത്തിയത്.
സന്ദേശത്തിൽ നാടകം അവതരിപ്പിച്ചയാളുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയും കേസ് കൊടുക്കുമെന്നു പറയുന്നുമുണ്ട്. കണ്ടക്കൈപറമ്പിലെ പി.രാധാകൃഷ്ണനെ (57) തെരുവുനായ ആക്രമണ ബോധവൽക്കരണ നാടകാവതരണത്തിനിടെ കഴിഞ്ഞദിവസമാണ് തെരുവുനായ കടിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]