കണ്ണപുരം∙ കണ്ണപുരം കീഴറ സ്ഫോടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മറ്റിടങ്ങളിൽ എവിടെയെങ്കിലും സ്ഫോടകവസ്തുക്കൾ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടോ എന്ന സംശയത്തിനു വ്യക്തത വരുത്താൻ വിദഗ്ധ അന്വേഷണത്തിനു പൊലീസ്. ജില്ലയിലൊട്ടാകെ അന്വേഷണം വ്യാപിപ്പിക്കും. സ്ഫോടനക്കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ചാലാട് സ്വദേശി അനൂപ് മാലിക്ക് എന്ന പി.അനൂപ്കുമാറി (55)നെ നാളെ കസ്റ്റഡിയിൽ വാങ്ങും.
സ്ഫോടക വസ്തുക്കളുടെ രഹസ്യശേഖരമടക്കം അറിയാനുള്ള ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനുമാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
സമാനമായ 5 സ്ഫോടനക്കേസുകളിൽ പ്രതിയാവുകയും, ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടും സ്ഫോടകവസ്തു നിർമാണത്തിൽ നിന്ന് ഇയാൾ പിന്തിരിയാത്തതിനു പിന്നിലുള്ള കാരണമാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്. കീഴറയിലുണ്ടായിരുന്നതു പോലെ വൻ സ്ഫോടകശേഖരം മറ്റിടങ്ങളിൽ എവിടെയെങ്കിലുമുണ്ടോ എന്നതിനു കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിയെ 3 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും പൂർണമായി സഹകരിക്കാതെ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് അറിയിച്ചത്.
കണ്ണപുരം വേന്തിയിൽ വാടക വീട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചതുപോലെ, ആരെങ്കിലും പ്രതിക്കുവേണ്ടി സ്ഫോടകവസ്തു നിർമാണം നടത്തുന്നുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിൽ കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് ആണ് കീഴറ സ്ഫോടനക്കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 30ന് പുലർച്ചെ വേന്തിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു വാടക വീടിനകത്തുണ്ടായിരുന്ന ചാലാട് സ്വദേശി മുഹമ്മദ് അഹ്സം (54) ആണ് മരിച്ചത്.ഉഗ്രസ്ഫോടനത്തിൽ വാടകവീട് പൂർണമായും, സമീപത്തെ 8ലധികം വീടുകൾക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.
2016ൽ പള്ളിക്കുന്ന് രാജേന്ദ്ര നഗറിൽ അനൂപ്കുമാർ വാടകയ്ക്ക് എടുത്ത വീട്ടിൽ നടന്ന സ്ഫോടനത്തിൽ സമീപത്തെ 50 ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായിരുന്നു. ആറാംകോട്ടം, ചാലക്കുന്ന്, മട്ടന്നൂർ എന്നിവിടങ്ങളിലെ സ്ഫോടനക്കേസുകളിലും ഇയാൾ പ്രതിയാണ്.
ശിക്ഷിക്കപ്പെട്ടാലും വീണ്ടും സ്ഫോടകവസ്തു നിർമാണം നടത്താൻ പ്രതിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ആൾക്കാരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ ഒറ്റപ്പെട്ട ഇടങ്ങളിൽ വീടുകൾ വാടകയ്ക്ക് എടുക്കുന്നതാണ് ശീലം.
നിർമാണ വസ്തുക്കൾ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി ചെറുകുന്ന് കൊവ്വപ്പുറത്ത് വാടക വീട്ടിലാണ് ഇയാൾ കഴിഞ്ഞത്. കണ്ണൂരിലും, കണ്ണപുരത്തും ജിംനേഷ്യം ട്രെയ്നർ ആയി പൊതുപ്രവർത്തകരുടെ ഇടയിൽ നല്ല മതിപ്പുണ്ടാക്കിയിരുന്നു.ഇതിനിടയിൽ രാത്രി ഉത്സവത്തിനും മറ്റ് ആവശ്യത്തിനുമുള്ള പടക്കനിർമാണത്തിനു വേണ്ടി സ്ഫോടകവസ്തുക്കൾ ശേഖരിച്ചു വക്കും.
ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന സ്ഫോടനം നടത്തുകയും ഇവ ശേഖരിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]