തലശ്ശേരി ∙ വേലിയിറക്ക സമയത്തു കടലിലെ പാറക്കെട്ടിലെത്തിയ അച്ഛനും മകനും വേലിയേറ്റത്തിൽ പെട്ടെന്നു വെള്ളം കയറിയപ്പോൾ കടലിൽ കുടുങ്ങി; അഗ്നിരക്ഷാസേനയെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ബംഗാൾ സ്വദേശികളായ മലായ് ഭദ്രയും (56) മകൻ രാജേശ്രി ഭദ്രയുമാണു (26) കടലിലെ പാറക്കെട്ടിൽ അകപ്പെട്ടത്. ബെംഗളൂരുവിൽ ഐടി പ്രഫഷനൽ രാജേശ്രി ഭദ്രയും കുടുംബവും അവധിയാഘോഷത്തിനാണു തലശ്ശേരിയിലെത്തിയത്. രാജേശ്രിയുടെ അമ്മയും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിലും കടലിൽ ഇറങ്ങിയില്ല.
റെസ്റ്റ് ഹൗസിനു സമീപത്തെ ബീച്ച് റിസോർട്ടിലായിരുന്നു താമസം.
ഉച്ചയ്ക്കു രണ്ടരയോടെ മലായ് ഭദ്രയും രാജേശ്രി ഭദ്രയും സുഹൃത്ത് നീലാദ്രി ഭട്ടാചാർജിയും മണക്കാ ദ്വീപിലെത്തി. വേലിയിറക്ക സമയമായതിനാൽ സമീപത്തെ പാറക്കെട്ടിലേക്കു നടന്നു പോകാവുന്ന സ്ഥിതിയായിരുന്നു. മൂന്നുപേരും കടലിലൂടെ നടന്നു പാറക്കെട്ടിലെത്തി വൈകാതെ വെള്ളം കയറുകയായിരുന്നു.
നീന്തൽ വശമില്ലാത്ത മലായ് ഭദ്ര കടലിൽ വീണു. ഇദ്ദേഹത്തെ രക്ഷിച്ച് പാറയിലിരുത്തിയശേഷം നീലാദ്രി ഭട്ടാചാർജി നീന്തി കരയിലെത്തി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേന മലായ് ഭദ്രയെ വടംകെട്ടിയും രാജേശ്രി അഗ്നിരക്ഷ സേനാംഗങ്ങളുടെ സംരക്ഷണയിൽ നീന്തിയും കരയ്ക്കെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട
ഇരുവർക്കും ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി.അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ കെ.രാജീവൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.എം.ഷിജു, സേനാംഗങ്ങളായ സൽമാൻ ഫാരിസ്, പി.കെ.രാകേഷ്, ഷിധിൻരാജ്, റിഥിൻ, എൻ.കെ.റിജിൽ എന്നിവരാണു രക്ഷാപ്രവർത്തനം നടത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]