കണ്ണൂർ ∙ വിദ്യാർഥി ഏറ്റുമുട്ടലിലും ലാത്തിയടിയിലും സംഘർഷം നിറഞ്ഞ കണ്ണൂർ സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ 5 ജനറൽ സീറ്റുകളും നേടി എസ്എഫ്ഐക്കു ജയം. കാസർകോട്, വയനാട് ജില്ലാ നിർവാഹക സമിതി പ്രതിനിധി സ്ഥാനം നേടി കെഎസ്യു–എംഎസ്എഫ് സഖ്യം (യുഡിഎസ്എഫ്) ശക്തി തെളിയിച്ചു.
സർവകലാശാലയുടെ 26 കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രണ്ടു സീറ്റിൽ എസ്എഫ്ഐ പരാജയപ്പെടുന്നത്. കണ്ണൂർ ജില്ലാ നിർവാഹക സമിതി പ്രതിനിധിയായി എസ്എഫ്ഐ ജയിച്ചു.
വോട്ടെടുപ്പിനിടെ എസ്എഫ്ഐ – യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടിയതിനാൽ വൻ പൊലീസ് സാന്നിധ്യത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. നന്ദജ് ബാബു (ചെയർപഴ്സൻ), കവിത കൃഷ്ണൻ (സെക്രട്ടറി), എം.ദിൽജിത്ത്, അൽന വിനോദ് (വൈസ് ചെയർപഴ്സൻ), കെ.ആദിഷ (ജോ.സെക്രട്ടറി), പി.കെ.ശ്രീരാഗ് (ജില്ലാ നിർവാഹക സമിതി പ്രതിനിധി, കണ്ണൂർ) എന്നിവരാണ് എസ്എഫ്ഐ ബാനറിൽ ജയിച്ചത്.
എം.ടി.പി.ഫിദ (ജില്ലാ നിർവാഹക സമിതി പ്രതിനിധി, കാസർകോട്), മുഹമ്മദ് നിഹാൽ (ജില്ലാ നിർവാഹക സമിതി പ്രതിനിധി, വയനാട്) എന്നിവരാണ് ജയിച്ച യുഡിഎസ്എഫുകാർ.
വയനാട് സീറ്റിൽ സമനില വന്നതോടെ നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. കാസർകോട്ട് ഒരു വോട്ടിനാണ് ജയം. സർവകലാശാല ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ തന്നെ സംഘർഷം തുടങ്ങിയിരുന്നു.
എസ്എഫ്ഐ, എംഎസ്എഫ് യൂണിയനുകളുടെ സംസ്ഥാന നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, എസ്ഐ വി.വി.ദീപ്തി എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ‘അടിപൂരം’;
തുടക്കം വ്യാജ തട്ടിക്കൊണ്ടുപോകൽ
കാസർകോട് എംഐസി ആർട്സ് ആൻഡ് സയൻസ് കോളജിലെ യൂണിയൻ കൗൺസിലറായ സഫ്വാനെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ടുപോയതായി യുഡിഎസ്എഫ് ആരോപിച്ചു. തുടർന്നുണ്ടായ തർക്കമാണു സംഘർഷത്തിനിടയാക്കിയത്.
വിദ്യാർഥികൾ ഏറ്റുമുട്ടിയതോടെ പൊലീസ് ഇടപെട്ടു.
സ്ഥാനാർഥിയെ തടഞ്ഞ് പൊലീസ്
ബാലറ്റ് പേപ്പർ തട്ടിപ്പറിച്ചുവെന്ന എംഎസ്എഫ് പ്രവർത്തകരുടെ ആരോപണത്തെ തുടർന്ന് എസ്എഫ്ഐ വനിതാ സ്ഥാനാർഥിയെ പൊലീസ് പിടിച്ചുവച്ചതും സംഘർഷത്തിനു കാരണമായി. പ്രവർത്തകയെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിൽ ബലമായി മോചിപ്പിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ ഇരുവിഭാഗത്തെയും പൊലീസ് പോളിങ് ബൂത്തിനടുത്തുനിന്ന് മാറ്റി.
സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവർ സ്ഥലത്തെത്തി.
കല്ലേറ്; ലാത്തിയടി
ഹെൽമറ്റ്, ചെടിച്ചട്ടി, കല്ല് എന്നിവ പരസ്പരമെറിഞ്ഞ് അക്രമം ശക്തമായപ്പോൾ പൊലീസ് ലാത്തിവീശി. സിവിൽ പൊലീസ് ഓഫിസർ രജനി, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അശ്വന്ത്, കണ്ണൂർ ഏരിയാ കമ്മിറ്റിയംഗം വൈഷ്ണവ് പ്രകാശൻ, എംഎസ്എഫ് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ്, യൂത്ത് ലീഗ് നേതാവ് ഷബീർ എടയന്നൂർ എന്നിവരുൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു.
ടൗൺ എസ്ഐ വി.വി.ദീപ്തി പ്രവർത്തകരെ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ് പറഞ്ഞു.
വാഹനം തടഞ്ഞ് എസ്എഫ്ഐ
കൗൺസിലറുമായി കാസർകോട്ടുനിന്നു വന്ന വാഹനം എസ്എഫ്ഐ പ്രവർത്തകർ തടയാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിന് കാരണമായി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
സംഘർഷ വിവരമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, കോൺഗ്രസ് നേതാവ് വി.പി.അബ്ദുൽ റഷീദ് എന്നിവർ സ്ഥലത്തെത്തി.
ആഘോഷം 2 വഴി
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംഘർഷം ഒഴിവാക്കാൻ ഇരുവിഭാഗത്തിന്റെയും ആഹ്ലാദപ്രകടനം രണ്ടു വഴികളിലൂടെ തിരിച്ചുവിട്ടു. എസ്എഫ്ഐ ആഹ്ലാദപ്രകടനം പഴയ ബസ്സ്റ്റാൻഡിൽ അവസാനിച്ചു.
യുഡിഎസ്എഫ് പ്രകടനം കാൽടെക്സിനും അവസാനിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് യൂണിയൻ തിരഞ്ഞെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.
വൈസ് ചെയർപഴ്സൻ സ്ഥാനത്തേക്കു മത്സരിച്ച യുഡിഎസ്എഫിലെ നാജിയ റൗഫ് നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെടൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]