
ഉദയഗിരി പഞ്ചായത്തിലെ സോളർ തൂക്കുവേലിയുടെ നിർമാണം ഫലപ്രദമായ രീതിയിലല്ലെന്ന് പരാതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലക്കോട്∙ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ഉദയഗിരി പഞ്ചായത്തിൽ മുട്ടത്താംവയൽ മുതൽ അരിവിളഞ്ഞപൊയിൽ വരെയുള്ള കർണാടക വനാതിർത്തിയിൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന സോളർ തൂക്കുവേലിയുടെ നിർമാണം ഫലപ്രദമായ രീതിയിലല്ലെന്ന് പരാതി. എല്ലാ ഭാഗത്തും കാട് വെട്ടിത്തെളിക്കാതെയും ചില ഭാഗം ഒഴിവാക്കിയുമാണ് വേലി നിർമാണം. ഒരു വർഷം മുൻപ് പ്രദേശവാസികളുടെ സഹകരണത്തോടെ 5 മീറ്റർ വീതിയിൽ വേലി നിർമാണത്തിനായി കാട് വെട്ടിത്തെളിച്ചിരുന്നു. എന്നാൽ നിർമാണം തുടങ്ങിയില്ല. വീണ്ടും കാട് വളർന്ന ഈ സ്ഥലത്താണ് കാട് തെളിക്കാതെയും മരങ്ങളും മുളകളും വെട്ടിമാറ്റാതെയും കാടിനുള്ളിലൂടെ തന്നെ വേലി നിർമിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
വേലി നിർമിച്ചു കഴിഞ്ഞാൽ ഇതിനു മുകളിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനും കഴിയില്ല. നേരത്തെ പ്രദേശവാസികളുടെ കായ്ഫലമുള്ള തെങ്ങുകളും നട്ടുവളർത്തിയ തേക്കുകളും മറ്റും മുറിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രദേശവാസികളെ കൂട്ടാതെയും അറിയിക്കാതെയുമാണ് പണികൾ നടത്തുന്നത്. പൂർത്തിയാക്കിയെന്ന് കണക്കാക്കുന്ന ഭാഗത്ത് 250 ഓളം മീറ്റർ ദൂരം തൂക്കുവേലി നിർമിച്ചിട്ടില്ല. ഈ ഭാഗത്ത് കേബിൾ സ്ഥാപിച്ചാണ് മറ്റേ ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. ആനകൾ സ്ഥിരം വരാറുള്ള ഭാഗത്താണ് കേബിൾ കണക്ഷൻ. കാട്ടാനകൾക്ക് യാതൊരു തടസ്സവുമില്ലാതെ ഇതുവഴി കൃഷിയിടങ്ങളിലേക്ക് കയറാം. അതേസമയം മുന്നറിയിപ്പില്ലാതെ മുഴുവൻ സമയവും വേലി ചാർജ് ചെയ്തിരിക്കുകയാണ്.
പുഴയിൽ കുളിക്കാൻ എത്തിയ പ്രദേശവാസികൾക്ക് ഷോക്കടിച്ചപ്പോഴാണ് വേലിയിൽ ചാർജ് ഉണ്ടെന്ന കാര്യം അറിയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരിശോധനയും നിരീക്ഷണവുമുള്ളയിടത്താണ് ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. ഭരണസമിതി യോഗത്തിൽ ഇക്കാര്യങ്ങൾ പറയാൻ പോലും വാർഡ് മെംബറെ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. നിർമാണപ്രവൃത്തി ഈ രീതിയിൽ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നു നാട്ടുകാർ മുന്നറിയിപ്പു നൽകി.