കണ്ണൂർ ∙ രണ്ട് കയ്യും ഇല്ലെങ്കിലും കൈപ്പത്തിക്ക് വേണ്ടി വോട്ടു തേടി മത്സരക്കളത്തിലിറങ്ങിയിരിക്കുകയാണ് വൈശാഖ്. കാങ്കോൽ – ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് വൈശാഖ് (31) യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്.
ജൻമനാ രണ്ട് കയ്യും ഇല്ലെങ്കിലും പരിമിതികളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് പൊരുതുകയാണ് ഈ യുവാവ്. ഇന്ത്യൻ മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റ് അംഗമാണ് വൈശാഖ്.
ഇടതു കാലുകൊണ്ട് ബോർഡ് എഴുതാനും ചിത്രവരയ്ക്കാനും സാധിക്കും. ചിത്രം വര ഉപജീവന മാർഗം കൂടിയാണ്.
സ്വന്തം പ്രചാരണ ബോർഡുകളും വൈശാഖ് കാലുകൊണ്ട് എഴുതുന്നുണ്ട്.
ഏറ്റുകുടുക്കയിലെ ഓട്ടോഡ്രൈവർ പി.പി. ബാലകൃഷ്ണന്റെയും കെ.
ഗീതയുടേയും മകനാണ്. സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷമുള്ള സ്ഥലമാണ് കാങ്കോൽ–ആലപ്പടമ്പ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുകുടുക്കയിലെ ബൂത്തിൽ യുഡിഎഫ് ഏജന്റായിരുന്നു. ബൂത്തിലെത്തുന്നത് തടയാൻ ചിലർ വൈശാഖിനെ പിടിച്ചുകൊണ്ടുപോയി.
കയ്യില്ലാത്തതിനാൽ ഷർട്ട് തലവഴി ഊരി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വൈശാഖ് പറഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച നിരവധി ഫ്ലക്സുകളും നശിപ്പിച്ചു.
ചിലതെല്ലാം വീണ്ടും വച്ചു.
രാത്രിയിൽ നശിപ്പിക്കാതിരിക്കാൻ വൈകിട്ട് ഫ്ലക്സുകൾ എടുത്ത് സുരക്ഷിതമായ സ്ഥലത്ത് വയ്ക്കാൻ ആളുകളെ ഏർപ്പാടാക്കിയിരിക്കുകയാണ്. ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനൊപ്പം എസ്ഐആർ ഫോം വിതരണം ചെയ്യാൻ പോയത് വൈശാഖായിരുന്നു.
തന്നെ കൊണ്ടുപോയതിൽ സിപിഎമ്മുകാർ ബിഎൽഒയ്ക്കെതിരെ പ്രശ്നമുണ്ടാക്കിയെന്ന് വൈശാഖ് പരാതി നൽകിയിരുന്നു.
എന്നാൽ ഇതിൻമേൽ പിന്നീട് അന്വേഷണമൊന്നുമുണ്ടായില്ലെന്ന് വൈശാഖ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കാങ്കോൽ– ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റാണ് വൈശാഖ്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗം ടി. വിജയനാണ് എൽഡിഎഫ് സ്ഥാനാർഥി.
ശ്രാവൺ ആണ് എൻഡിഎ സ്ഥാനാർഥി. 1167 വോട്ടാണ് ഇത്തവണ വാർഡിലുള്ളത്.
2020ൽ യുഡിഎഫിന് 170 വോട്ടാണ് കിട്ടിയത്.
ചീമേനി പ്ലാന്റേഷൻ കോർപ്പറേഷൻ കാശുമാവ് തോട്ടത്തിനരികിലെ ഗ്രാമത്തിലാണ് ജനിച്ചത്. അതിനാൽ എൻഡോസൾഫാൻ ദുരിത ബാധിത പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മാടായി കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം േനടിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കാർ ഓടിക്കുകയാണ് അടുത്ത ലക്ഷ്യം. സഹോദരിമാർ: നീതു, ജീജ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

