ഇരിട്ടി∙ ആറളം വന്യജീവി സങ്കേതം ശലഭസങ്കേതമായി സംസ്ഥാന വന്യജീവി ബോർഡ് അംഗീകാരം നൽകിയതിന് പിന്നാലെ ആറളം ശലഭഗ്രാമത്തെ വികസിപ്പിക്കുന്നതിനു വിശദമായ പദ്ധതിരൂപരേഖ തയാറാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനു സർക്കാർ നിർദേശം നൽകി. വന്യജീവി സങ്കേതവും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളും ആറളം ഫാമും ഉൾപ്പെടുത്തി ഓഗസ്റ്റ് 30ന് കോഴിക്കോട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ശലഭഗ്രാമം പ്രഖ്യാപനം നടത്തിയിരുന്നു.
ഭൂപ്രകൃതിയിലും സസ്യ സമ്പത്തിലും വൈവിധ്യം പുലർത്തുന്ന വനമേഖല എന്ന നിലയിൽ വന്യജീവി വൈവിധ്യത്തിലും സമ്പന്നമാണ് ആറളം വന്യജീവി സങ്കേതം. കേരളത്തിലെ മറ്റ് വനമേഖലകളെ അപേക്ഷിച്ച് കഴിഞ്ഞ 25 വർഷമായി ഇവിടെ ശലഭ നിരീക്ഷണവും പഠനവും നടത്തിവരുന്നുണ്ട്.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ശലഭ ദേശാടനത്തിന്റെ മനോഹര കാഴ്ചകൾ ആറളത്ത് ഉണ്ടാകുന്നത്.
ആൽബട്രോസ് ഇനം അടക്കം ഉള്ള ശലഭങ്ങളുടെ ദേശാടനവും കണ്ണിനു ഹരം പകർന്നു ഇവയുടെ മഡ് പഡ്ലിങ്ങും ആകർഷകമാണ്. 2025 ലെ വാർഷിക ശലഭ സർവേയിൽ 5 മിനിറ്റ് നിരീക്ഷണത്തിൽ 12000 ശലഭങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസത്തെ നിരീക്ഷണത്തിൽ 40 ലക്ഷത്തിലധികം ആൽബട്രോസ് ശലഭങ്ങൾ എത്തിയതായും രേഖപ്പെടുത്തി. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടെത്തിയിട്ടുള്ള 40ലധികം എൻഡമിക് ശലഭങ്ങളിൽ 27 എണ്ണത്തെയും ആറളത്ത് കണ്ടെത്തി.
ശലഭ ഗ്രാമമാക്കുക വഴി തദ്ദേശീയരുടെ തൊഴിൽ സാധ്യതയും സാമ്പത്തിക, സാമൂഹിക ഉന്നമനവും ഉറപ്പുവരുത്തുകയും ലക്ഷ്യമാണ്.
വന്യജീവി സംഘർഷം പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സംരക്ഷണ മാതൃക വികസിപ്പിക്കുകയും ഗവേഷണത്തിനും പഠനത്തിനും ബോധവൽക്കരണത്തിനും അവസരമൊരുക്കി ഒരു വിജ്ഞാന കേന്ദ്രമാക്കി ‘നിർദിഷ്ട ശലഭ ഗ്രാമത്തെ’ മാറ്റുകയും ചെയ്യും.
ശലഭങ്ങളുടെ ആവാസ വ്യവസ്ഥ വിപുലീകരിക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ആറളം ഫാമിന്റെ കാർഷിക വികസനത്തിൽ ചിത്രശലഭങ്ങളെ ആകർഷിക്കുന്ന പൂക്കൃഷി പോലുള്ള കാർഷിക രീതി ഉൾപ്പെടുത്തി ഫാം ടൂറിസവും ഫാമിന്റെ സമഗ്ര വികസനവും സാധ്യമാക്കുകയും ലക്ഷ്യമിടുന്നു.
ശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളുടെ നഴ്സറി വികസിപ്പിക്കുക, ശലഭക്കാവുകൾ തുടങ്ങുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. വനം വകുപ്പ്, ആറളം ഫാം, ആറളം, കണിച്ചാർ, കേളകം, മുഴക്കുന്ന് എന്നീ പഞ്ചായത്തുകൾ, ടിആർഡിഎം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ജൈവ വൈവിധ്യ ബോർഡ്, സർക്കാർ ഇതര സംഘടനകൾ, തദ്ദേശീയർ എന്നിവരുടെ നിർദേശങ്ങൾക്കും പഠനങ്ങൾക്കും വിധേയമായി സമഗ്ര പദ്ധതി രേഖ തയാറാക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നു ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, അസിസ്റ്റന്റ് വൈൽഡ് വാർഡൻ രമ്യ രാഘവൻ എന്നിവർ അറിയിച്ചു.
ആറളം ശലഭഗ്രാമത്തെ ലോകത്തെ ഏറ്റവും മികച്ച ശലഭ സംരക്ഷണ പ്രദേശമാക്കി മാറ്റുന്ന വിധം വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

