
റീസർവേയ്ക്കു ശേഷം റവന്യു രേഖകൾ പ്രാബല്യത്തിൽ വന്നപ്പോൾ സംഭവിച്ച തെറ്റുകൾ പരിഹരിക്കാൻ വർഷങ്ങളോളമായി താലൂക്ക് ഓഫിസുകളിൽ കയറിയിറങ്ങുകയാണ് ഒട്ടേറെപ്പേർ. നാലും അഞ്ചും വർഷമായിട്ടും പരാതി പരിഹരിക്കാത്ത ഒട്ടേറെ ഫയലുകൾ ഉണ്ടെങ്കിലും സിസ്റ്റത്തിൽ എവിടെയാണു തകരാർ എന്നു കൃത്യമായി വിലയിരുത്തി പരിഹാരം കാണാനുള്ള സംവിധാനം ഇപ്പോഴുമില്ല.
ഭൂമി പുറമ്പോക്കിൽ
∙ റീ സർവേയ്ക്കു മുൻപു പട്ടയം കിട്ടിയ സ്ഥലം പുറമ്പോക്കിൽ ശരിയാംവണ്ണം കുറവ് ചെയ്യാതെ വരുമ്പോഴും പുറമ്പോക്കിൽ കുറവ് ചെയ്ത വിവരം റീസർവേ നടത്തിയവരുടെ ശ്രദ്ധയിൽ പെടാതെ ഇരിക്കുമ്പോഴും റീസർവേ റിക്കാർഡിൽ സ്ഥലം പുറമ്പോക്കിൽ തന്നെയായിരിക്കും.
പിന്നീട് കരമടയ്ക്കാനെത്തുമ്പോൾ തന്റെ വസ്തു പുറമ്പോക്കിൽ ഉൾപ്പെടുത്തിയ വിവരമറിഞ്ഞ് ഉടമ അന്ധാളിപ്പിലാകും. അതു ശരിയാക്കാനുള്ള പരക്കംപാച്ചിൽ വർഷങ്ങളോളം നീളും.
കാര്യങ്ങൾ ലളിതമായി പരിഹരിക്കണമെന്നുള്ള സർക്കാർ നിർദേശം ഉണ്ടെങ്കിൽ പോലും പട്ടയവും ഒരിക്കലും അപേക്ഷകനു നൽകിയിട്ടില്ലാത്ത പട്ടയ മഹസറും ഒക്കെ ആവശ്യപ്പെടുന്ന സംഭവങ്ങൾ വിരളമല്ല. രേഖകളിലെ പിശകു തിരുത്തിത്തരണമെന്ന മുറവിളി ആരു കേൾക്കാൻ? റീ സർവേയ്ക്കു ശേഷം സ്ഥലം മുൻ ജന്മിയുടെ പേരിലായ സംഭവങ്ങളുമുണ്ട്.
പിന്നീട് ഇതു സ്വന്തം പേരിലേക്ക് കൊണ്ടുവരാനുള്ള നെട്ടോട്ടമാണ്.
ഭൂമി പാതിയായി; ചിലർക്ക് ഇരട്ടി
∙ പഴയ സർവേയിൽ കരമടച്ചു വന്ന ഭൂമിയുടെ വിസ്തീർണം റീസർവേക്കു ശേഷം പാതിയായ സംഭവവുമുണ്ട്. റീസർവേയിൽ ഭൂമിയുടെ വിസ്തീർണം ഇരട്ടിയായി വർധിച്ചു കിട്ടിയ ഭാഗ്യന്മാരും ധാരാളം.
എന്നാൽ അവർക്കു സന്തോഷിക്കാൻ അധികം വകുപ്പില്ല. പഴയ സർവേയിലെ ആധാരപ്രകാരമുള്ള വിസ്തീർണത്തിനു മാത്രം കരമടച്ചു കൊടുത്താൽ മതിയെന്നു സർക്കാരിന്റെ ഉത്തരവുണ്ട്.
ബാക്കി സ്ഥലം നികുതിരഹിതമായി ഇടും. നികുതി ചുമത്തപ്പെട്ട സ്ഥലം നികുതിരഹിതമായി ഇടുന്നത് കുറ്റകരമാണെന്നുള്ള ഭൂനികുതി നിയമത്തിനും വസ്തു പോക്കുവരവ് ചെയ്ത കരമടച്ച് ലഭിക്കുന്നതിന് വസ്തുവിന്റെ ഉടമസ്ഥത രേഖകൾ അനിവാര്യമല്ല എന്നു പ്രഖ്യാപിക്കുന്ന പോക്കുവരവ് നിയമത്തിന്റെയും അന്തസത്തയ്ക്കു വിരുദ്ധമാണ് ഈ ഉത്തരവ്.
പോക്കുവരവിൽ കടുംപിടിത്തം
വസ്തുവിന്റെ പോക്കുവരവും കരമടയ്ക്കലുമാണ് സേവനനിഷേധം നേരിടുന്ന മറ്റൊരു മേഖല.
പോക്കുവരവ് എന്നത് ഭൂമിയുടെ ഉടമസ്ഥാവകാശവും അവകാശ രേഖകളുടെ ആധികാരികതയും കൂലങ്കക്ഷമായി പരിശോധിക്കേണ്ട ഒരു പ്രക്രിയ അല്ലെന്നും വസ്തുവിന്റെ കരം ആരിൽ നിന്നാണ് ഈടാക്കേണ്ടത് എന്നു നിർണയിക്കാനുള്ള പരിമിതമായ നടപടിക്രമം ആണെന്നും നിയമത്തിൽ പറയുന്നു.
വസ്തുവിന്റെ ഉടമസ്ഥാവകാശ നിർണയവും അവകാശ തർക്കങ്ങളും പരിഗണിക്കാൻ സിവിൽ കോടതിക്ക് മാത്രമാണ് അധികാരം. എന്നാൽ വില്ലേജ് ഓഫിസുകളും താലൂക്ക് ഓഫിസുകളും സ്വയം കോടതിയായി സേവനം ചെയ്യുന്ന സാഹചര്യമുണ്ട്.
ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ?
∙ ഓരോ പഞ്ചായത്തിലും നിലമായും പുരയിടം കിടക്കുന്ന ഭൂമിയുടെ ഡേറ്റ ബാങ്ക് വില്ലേജ് തലത്തിൽ തയാറാക്കി പഞ്ചായത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നാണു സർക്കാർ ഉത്തരവ്.
എന്നാൽ ഇതു നടപ്പാക്കാത്ത ഒട്ടേറെ പഞ്ചായത്തുകൾ ഉണ്ട്. ചില സ്ഥലത്ത് ഭൂമിയുടെ ഡേറ്റ ബാങ്ക് അബദ്ധ പഞ്ചാംഗമാണ്. ∙ അനായാസം ഭൂമിയുടെ ഡേറ്റ ബാങ്ക് പരിശോധിക്കാനുള്ള സംവിധാനം ജനങ്ങൾക്കില്ല.
സംസ്ഥാനത്തെ ഭൂമിയുടെ ഡേറ്റ ബാങ്കിന്റെ സമഗ്ര ഡേറ്റ സർക്കാരിന്റെ പക്കൽ ഉണ്ടാവേണ്ടതല്ലേ? ഭൂമിയുടെ ഫെയർ വാല്യു പ്രസിദ്ധീകരിച്ചതു പോലെ ഒറ്റ വെബ് സൈറ്റിൽ ഇതും പ്രസിദ്ധീകരിച്ചാൽ ജനത്തിന് ആശ്വാസമാവില്ലേ?
∙ ഓരോ വില്ലേജിന്റെയും വെബ്സൈറ്റിൽ ഫെയർ വാല്യു സംബന്ധിച്ചും ഡേറ്റ ബാങ്ക് സംബന്ധിച്ചുമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടതല്ലേ?
∙ ഭൂമിയുടെ തരം മാറ്റത്തിന് ഒന്നിലധികം അപേക്ഷ നൽകേണ്ടിവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാവുന്നതല്ലേ?
∙ സേവനം ഓൺലൈനായി മാറിയിട്ടു പോലും സത്യവാങ്മൂലം നൽകുന്നത് 50 രൂപയുടെ മുദ്രപത്രത്തിൽ തന്നെ വേണമെന്നുള്ള ശാഠ്യം ഒഴിവാക്കാവുന്നതല്ലെ?
∙ അപേക്ഷയോടൊപ്പം ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് കൃഷി ഓഫിസർമാർ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിഷ്കർഷിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് കൃഷി ഓഫിസർമാർ വിസമ്മതിക്കുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?
∙ വർഷങ്ങളുടെ കാലതാമസത്തിനു ശേഷം റവന്യു ഡിവിഷനൽ ഓഫിസർ (ആർഡിഒ) ഉത്തരവ് നൽകിയശേഷം അത് നടപ്പാക്കുന്നതിന് വരുന്ന കാലതാമസം എങ്ങനെ ഒഴിവാക്കാൻ കഴിയും? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തരേണ്ടത് ഭരണകൂടമാണ്. സിസ്റ്റത്തിന്റെ പ്രശ്നം എന്നു പറഞ്ഞൊഴിയരുത്.
ഇല്ലെങ്കിൽ ആത്മഹത്യകൾ ഇനിയും വാർത്തകളായി നിറയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]