
സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ട്: ‘വിമർശകരെ വികസനവിരോധികൾ ആക്കുന്നത് ഇടതുനിലപാടല്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ഇടതുസർക്കാരിന്റെ വികസന കാഴ്ചപ്പാടും രാഷ്ട്രീയ സമീപനവും ഇടതുനയത്തിന് ഒത്തുപോകേണ്ടതാണെങ്കിലും അതിനു വിരുദ്ധസമീപനം ചിലപ്പോഴൊക്കെ സ്വീകരിക്കുന്നുവെന്ന വിമർശനം ഗൗരവത്തോടെ കാണണമെന്നു സിപിഐ. ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സി.പി.സന്തോഷ്കുമാർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.വിമർശിക്കുന്നവരോട് സർഗാത്മകമായി സംവദിക്കാനുള്ള രാഷ്ട്രീയ കടമ നഷ്ടമാകരുത്. വിമർശകരെയെല്ലാം വലതുപക്ഷ രാഷ്ട്രീയക്കാരെന്നും വികസന വിരോധികളെന്നും ആക്ഷേപിക്കുന്നത് ഇടതുനിലപാടിന് യോജിച്ചതല്ല. സിപിഐ മന്ത്രിമാർ ഭാവനാസമ്പന്നമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പരാജയപ്പെടുന്നു.
മുൻപൊരിക്കലും ഇല്ലാത്ത രീതിയിൽ വിമർശനങ്ങൾ മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ പാർട്ടിക്കകത്തും പുറത്തും ഉയരുന്നത് അവഗണിക്കരുത്. സിപിഐ മന്ത്രിമാർ എന്ന വേറിട്ടുള്ള സ്വീകാര്യതയും മതിപ്പും കുറഞ്ഞുവരുന്നത് ഗൗരവമായി കാണണം.സർക്കാരിനു നേതൃത്വം കൊടുക്കുന്നവരും ഇടതുനേതൃത്വവും ലളിത ജീവിതത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സമൂഹത്തിനു മാതൃകയാകണം. വർഗീയ സംഘടനകൾ ഇടതുകേന്ദ്രങ്ങളിൽപോലും ചിലയിടങ്ങളിൽ സ്വാധീനം ചെലുത്തുകയും ഭീഷണിയായി മാറുന്നതും ആഴത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കണം.
ഇതിനു പരിഹാരവും കാണണം. ജനങ്ങൾ എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കാൻ സിപിഐ നിതാന്ത ജാഗ്രത പുലർത്തണം. ഇടതുപക്ഷ നയങ്ങളിൽ വ്യതിയാനം സംഭവിക്കുമ്പോൾ ഇടതു മുന്നണിയെയും സർക്കാരിനെയും ഇടതുനയത്തിൽ ഉറപ്പിച്ചു നിർത്താൻ സിപിഐ നടത്തുന്ന പരിശ്രമങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ഇത്തരം ഇടപെടലുകൾ വിജയിക്കണമെങ്കിൽ എൽഡിഎഫ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കണം. മാറി നിന്നുള്ള വിമർശനം പ്രോത്സാഹിപ്പിക്കരുത്.
സിപിഎം ഉൾപ്പടെ മറ്റു പാർട്ടികളിൽ നിന്നു രാജിവച്ചു പ്രവർത്തകർ സിപിഐയിൽ ചേരുകയുണ്ടായി. കായികമായ ആക്രമണങ്ങൾ വലിയ തോതിൽ എവിടെയും ഉണ്ടായില്ല. എന്നാൽ പാർട്ടി പതാക, പ്രചാരണ സാമഗ്രി എന്നിവ നശിപ്പിക്കുക എന്നതു ചില കേന്ദ്രങ്ങളിൽ തുടരുന്നുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങളും ഉണ്ടായിട്ടില്ല. മാനസികമായി തകർക്കാനുള്ള ശ്രമങ്ങളെ അതിജീവിച്ചാണു പാർട്ടി മുന്നോട്ടുപോകുന്നത്. കട്ടപിടിച്ച രാഷ്ട്രീയവും സിപിഎമ്മിന്റെ മർക്കടമുഷ്ടിയും പഴയതു പോലെ ഇപ്പോൾ തുടരുന്നില്ല. സിപിഐയ്ക്കുള്ള സ്വീകാര്യത ഉപയോഗപ്പെടുത്താൻ ശക്തമായി ഇടപെട്ടാൽ ധാരാളം സാധ്യതകളുണ്ട്.
ഇടതുപക്ഷത്തിനു രാഷ്ട്രീയ വോട്ടിനപ്പുറത്ത് സ്വാധീനം കുറയുന്നതിനെയും ഗൗരവമായി കാണണം. പാലക്കാട്, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ആഴത്തിലും ഗൗരവത്തിലും പരിശോധിക്കപ്പെടണമെന്നൂം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്നും തുടരും. തുടർന്നു സെക്രട്ടറി മറുപടി നൽകും. സമ്മേളനം ഇന്ന് പുതിയ ജില്ലാ കൗൺസിലിനെയും ജില്ലാ സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
കണ്ണൂരിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു സംസ്ഥാന കൗൺസിലംഗം സി.എൻ.ചന്ദ്രൻ ഹസ്തദാനം നൽകുമ്പോൾ, സിപിഐ ദേശീയ കൗൺസിലംഗം കെ.പി.രാജേന്ദ്രൻ തല കുനിച്ചുകൊടുക്കുന്നു. മന്ത്രി ജി.ആർ.അനിൽ സമീപം. ചിത്രം: മനോരമ
സിപിഎമ്മിനു പരോക്ഷ വിമർശനം; ബിന്ദുവിന്റെ കുടുംബത്തിനൊപ്പമെന്ന് സിപിഐ
കണ്ണൂർ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവിന്റെ കുടുംബത്തിനൊപ്പമാണു സിപിഐയെന്നും അവരുടെ സങ്കടം മനസ്സിലാക്കാൻ കഴിയുന്നതാണു കമ്യൂണിസമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ കുടുംബത്തെ എൽഡിഎഫ് കൈവിടില്ല. അവരെ സർക്കാർ സഹായിക്കുമെന്നും ബിനോയ് പറഞ്ഞു. സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.