പയ്യന്നൂർ∙ റെയിൽവേ സ്റ്റേഷനു മുന്നിലൊരുക്കിയ ട്രാക്കിലേക്ക് കോച്ച് റസ്റ്ററന്റിനുള്ള കോച്ചെത്തിച്ചു. കുപ്പം ഖലാസികളായ 10 പേർ 2 ക്രെയിനുകൾ ഉപയോഗിച്ചാണ് കോച്ച് മാറ്റിയത്.
ഒളവറ റെയിൽവേ ഗേറ്റിനു സമീപത്തെ ട്രാക്കിൽനിന്ന് ട്രെയിലറിലേക്ക് മാറ്റി റോഡുമാർഗമാണ് കോച്ച് സ്റ്റേഷനു മുന്നിൽ എത്തിച്ചത്. ചക്രങ്ങൾ ഒഴിവാക്കി കോച്ച് മാത്രമാണ് ട്രെയിലറിൽ കയറ്റിയത്.
ഇതിന് 37 ടൺ ഭാരമുണ്ട്. ചക്രങ്ങൾ നേരത്തെ ലോറിയിൽ കൊണ്ടുപോയി സ്റ്റേഷനു മുന്നിലെ ട്രാക്കിൽ സ്ഥാപിച്ചിരുന്നു.
രാത്രിയോടെയാണ് ട്രാക്കിൽ കോച്ച് സ്ഥാപിച്ചത്.
മംഗളൂരു ഭാഗത്തേക്കുള്ള വന്ദേഭാരത് വ്യാഴാഴ്ച ഇല്ലാത്തതിനാൽ ഒരു മണിക്ക് തന്നെ കോച്ച് ട്രാക്കിൽ നിന്നുമാറ്റുന്ന ജോലി തുടങ്ങാൻ സാധിച്ചു. 3 മണിക്കൂറായിരുന്നു കോച്ച് ട്രാക്കിൽ നിന്ന് മാറ്റാൻ റെയിൽവേ അനുവദിച്ച സമയം.
ട്രാക്കിനു മുകളിലെ വൈദ്യുതലൈൻ റെയിൽവേ ഇലക്ട്രിക്കൽ വിഭാഗം മാറ്റികൊടുത്ത് ഒന്നര മണിക്കൂറിനകം കോച്ച് ട്രാക്കിൽ നിന്ന് മാറ്റി. തുടർന്ന് വൈദ്യുതലൈൻ പുനഃസ്ഥാപിച്ച് 3 മണിക്ക് മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് ഈ ട്രാക്കിലൂടെ കടന്നുപോയി.
ഗാരിജ് ഡിപ്പോ മാനേജർ, അസിസ്റ്റന്റ് ഓപ്പറേറ്റിങ് മാനേജർ തുടങ്ങി ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പ്രവർത്തനത്തിന് നേതൃത്വം നൽകി. തൃക്കരിപ്പൂരിലെ വൈദ്യുതി ജീവനക്കാരും ചന്തേര പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സജീവമായി രംഗത്തുണ്ടായിരുന്നു.
ഇന്നുമുതൽ ഈ കോച്ച് റസ്റ്ററന്റിനായി രൂപമാറ്റം വരുത്തി തുടങ്ങും.
അഭിമാനമായി കുപ്പം ഖലാസികൾ
പയ്യന്നൂർ ∙ കുപ്പം ഖലാസികളുടെ കഴിവ് തെളിയിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. റെയിൽവേ കോച്ച് ട്രാക്കിൽ നിന്ന് പുറത്തെടുത്ത് റോഡുമാർഗം കൊണ്ടുപോകുന്നത് കേരളത്തിൽ ആദ്യമായിട്ടായിരുന്നു.
അതുകൊണ്ട് തന്നെ ഇത് മാറ്റുന്നതിനെ കുറിച്ചുള്ള മുൻധാരണകളൊന്നും ഉദ്യോഗസ്ഥർക്കു മുന്നിലോ ഖലാസികൾക്ക് മുന്നിലോ ഉണ്ടായിട്ടില്ല. കുപ്പം ഖലാസികൾ 2016ൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു ക്രെയിൻ ട്രെയിനിൽ നിന്ന് ട്രെയിനിലേക്ക് മാറ്റിവച്ച അനുഭവം മാത്രമാണ് ഉണ്ടായിരുന്നത്.
അന്ന് അതിന് നേതൃത്വം നൽകിയ കെ.കെ.അമീറലിയാണ് ഇന്നലെയും നേതൃത്വം നൽകിയത്. ഒപ്പം 9 ഖലാസികൾ.
സമയ നിഷ്ഠ ഖലാസികൾക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്ത് ഒന്നര മണിക്കൂറിന് മുൻപ് ഇവർ കോച്ച് ട്രാക്കിൽ നിന്ന് മാറ്റി ട്രെയിലറിൽ കയറ്റി.
അത് കുപ്പം ഖലാസികൾക്കുള്ള അംഗീകാരമായി മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

