കണ്ണൂർ ∙ നടാൽ ഒകെ യുപി സ്കൂൾ പരിസരത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി നടത്തിയ സ്വകാര്യ ബസ് പണിമുടക്കിൽ ജില്ലയിൽ ജനം വലഞ്ഞു. ഭൂരിഭാഗം ബസുകളും പണിമുടക്കുമായി സഹകരിച്ചെങ്കിലും ചില ബസുകൾ സർവീസ് നടത്തി.
ഇത് യാത്രാദുരിതം പരിഹരിക്കാൻ പര്യാപ്തമായിരുന്നില്ല. ഓടിയ സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും തിരക്ക് അനുഭവപ്പെട്ടു.
ജില്ലയിൽ ചില മേഖലകളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തി.
തളിപ്പറമ്പിൽ നിന്ന് ആലക്കോട് മേഖലയിലേക്കുള്ള ഭൂരിഭാഗം ബസുകളും സർവീസ് നടത്തി. ഇരിക്കൂർ മേഖലയിലും സ്വകാര്യബസുകൾ ഓടി.
മട്ടന്നൂരിൽ നിന്ന് കണ്ണൂർ, തലശ്ശേരി, ഇരിട്ടി റൂട്ടിലേക്കു സ്വകാര്യ ബസുകൾ സർവീസ് നടത്തി. ഇരിട്ടി– കണ്ണൂർ റൂട്ടിലും പയ്യന്നൂർ – കണ്ണൂർ റൂട്ടിലും ഏതാനും സ്വകാര്യ ബസുകൾ സർവീസ് നടത്തി.
ഇരിട്ടി മേഖലയിലും സ്വകാര്യ ബസുകൾ സർവീസിനുണ്ടായി. ചെറുപുഴയിൽ ആലക്കോട്– ഇരിട്ടി ഭാഗങ്ങളിൽ നിന്നുള്ള ബസുകളും കാസർകോട് ജില്ലയിൽ നിന്നുള്ള ബസുകളും സാധാരണ പോലെ സർവീസ് നടത്തി.
റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ യാത്രക്കാർ തുടർ യാത്രയ്ക്ക് ബുദ്ധിമുട്ടിലായി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ– സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രി, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ എത്തേണ്ടവരും ദുരിതത്തിലായി. പലരും ഓട്ടോറിക്ഷകളെയും ടാക്സി വാഹനങ്ങളെയും ആശ്രയിച്ചു.
ഇരുചക്ര വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടാൽ ഒകെ യുപി സ്കൂൾ പരിസരത്ത് അടിപ്പാതയല്ലാതെ മറ്റു മാർഗമില്ലെന്നാണ് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.
അടിയന്തരയോഗം വിളിക്കണം; കലക്ടർക്ക് കത്തുനൽകി എംപി
കണ്ണൂർ ∙ നടാൽ അടിപ്പാത വിഷയത്തിൽ ബസ് ഉടമകളും തൊഴിലാളികളും നടത്തുന്ന പണിമുടക്ക് അവസാനിപ്പിക്കുന്നതിനു ജനപ്രതിനിധികളുടെ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു കെ.സുധാകരൻ എംപി കലക്ടർക്ക് കത്തുനൽകി.
നടാൽ മേഖലയിൽ അടിപ്പാത ആവശ്യപ്പെട്ട് ആരംഭിച്ച പണിമുടക്ക് മൂലം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതമാകുകയാണ്. വിദ്യാർഥികൾ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെയുളളവർക്ക് ഗതാഗത സൗകര്യം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
അടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് പലതവണ അപേക്ഷകളും, സമരങ്ങളും നടന്നിട്ടും വിഷയത്തിൽ സമയബന്ധിതമായ തീരുമാനങ്ങളോ വ്യക്തമായ പ്രവർത്തന ക്രമങ്ങളോ ഉണ്ടായിട്ടില്ല.
ജനജീവിതം തടസ്സപ്പെടുന്ന ഈ സാഹചര്യം ഇല്ലാതാക്കണം. ഈ സാഹചര്യത്തിൽ, ജില്ലാ ഭരണകൂടം ജനപ്രതിനിധികൾ, ബന്ധപ്പെട്ട
വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമ –തൊഴിലാളി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കണം. പ്രശ്നത്തിനു പരിഹാരം കണ്ടെത്തി ബസ് പണിമുടക്ക് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കത്തിൽ കെ.സുധാകരൻ ചൂണ്ടിക്കാട്ടി.
കണ്ണൂർ–തോട്ടട– തലശ്ശേരി റൂട്ടിൽ അനിശ്ചിതകാല സമരം
കണ്ണൂർ ∙ കണ്ണൂർ–തോട്ടട–തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിൽ.
നടാലിൽ അടിപ്പാത വിഷയത്തിൽ തീരുമാനമാകാതെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിൽ തന്നെയാണ് റൂട്ടിലെ ബസ് ഉടമസ്ഥ സംഘവും ജീവനക്കാരും. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ നഗരത്തിൽ നിന്ന് തോട്ടട
–നടാൽ വഴി തലശേരിയിലേക്ക് പോകേണ്ട ബസുകളടക്കം വലിയ വാഹനങ്ങൾക്ക് നടാലിൽ നിന്ന് വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്പലം സ്റ്റോപ്പിലേക്ക് ഓടി അവിടെയുള്ള അടിപ്പാതയിലൂടെ തലശ്ശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടി വരുമെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ 7 കിലോ മീറ്റർ അധികം ഓടേണ്ട സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് ബസ് ഉടമസ്ഥ സംഘം പറയുന്നു.
മലയോരമേഖലയിലെ യാത്രക്കാർ ദുരിതത്തിലായി
ചെറുപുഴ ∙ ബസ് പണിമുടക്കിനെ തുടർന്നു മലയോരമേഖലയിലെ യാത്രക്കാർ ദുരിതത്തിലായി. തിരുമേനി-ചെറുപുഴ- പയ്യന്നൂർ, കോഴിച്ചാൽ-ചെറുപുഴ- പയ്യന്നൂർ, ചെറുപുഴ-പെരുമ്പടവ്-തളിപ്പറമ്പ് റൂട്ടുകളിലെ യാത്രക്കാരാണു പണിമുടക്കു മൂലം ദുരിതത്തിലായത്.
ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നതിലേറെയും സ്വകാര്യ ബസുകളാണ്. ജോസ്ഗിരി-ചെറുപുഴ-പയ്യന്നൂർ, താബോർ -തിരുമേനി-ചെറുപുഴ-പയ്യന്നൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏതാനും കെഎസ്ആർടിസി ബസുകളെ ആശ്രമിച്ചാണു നാട്ടുകാർ യാത്ര ചെയ്തത്.
ബസ് പണിമുടക്കിനെത്തുടർന്നു മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികളുടെ ഹാജർനിലയും കുറവായിരുന്നു.
എന്നാൽ തളിപ്പറമ്പ്- ആലക്കോട്-ചെറുപുഴ, ഇരിട്ടി ചെറുപുഴ ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും പതിവുപോലെ സർവീസ് നടത്തി. ഇതിനുപുറമെ കാസർകോട്, കാഞ്ഞങ്ങാട്, ഭാഗങ്ങളിൽ നിന്നുള്ള ബസുകളും സാധാരണ പോലെ സർവീസുകൾ നടത്തി.
ബസുടമകൾ അപ്രതീക്ഷിതമായി നടത്തിയ പണിമുടക്ക് യാത്രക്കാർ അറിഞ്ഞിരുന്നില്ല. പലരും ബസ് കയറാൻ എത്തിയപ്പോഴാണു വിവരമറിഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

