ഇരിട്ടി ∙ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി ബാരാപോൾ പുഴയുടെ ചരൾക്കടവിന്റെ ആഴങ്ങളിൽ കഴിഞ്ഞ ദിവസം വാണിയപ്പാറത്തട്ടിലെ പൂമരത്തിൽ ജോഷിക്ക് ജീവൻ നഷ്ടപ്പെട്ടത് വിശ്വസിക്കാനാകാതെ നാട്ടുകാർ. നന്നായി നീന്തുന്ന ജോഷി ദുരന്തത്തിൽപെട്ടതാണ് വാണിയപ്പാറത്തട്ട് നിവാസികൾക്ക് ഉൾക്കൊള്ളാനാകാത്തതെങ്കിൽ, ചരൾ പ്രദേശത്തുകാരെ സംബന്ധിച്ചു ശാന്തമായി ഒഴുകുന്ന പുഴയിലെ ‘ചുഴിക്കയ’ത്തിൽ മുങ്ങിപ്പോയാൽ എത്ര നീന്തൽ അറിയാവുന്നവർക്കും രക്ഷയില്ലെന്നത് മുൻ ദുരന്തങ്ങളിൽനിന്നു വ്യക്തമാണ്.
ഒറ്റനോട്ടത്തിൽ ശാന്തമായ പുഴ പരിചയക്കാരെപ്പോലും അപകടത്തിൽപെടുത്തുന്നതാണ്.
പാറക്കെട്ടും കുത്തൊഴുക്കും ചുഴിയും ഇവിടെയുള്ളവർക്ക് മനഃപാഠം ആണെങ്കിലും പുറമേനിന്ന് എത്തുന്നവരെ കാത്തിരിക്കുന്നതു ദുരന്തത്തിലേക്കുള്ള വഴിയാണ്. പ്രളയങ്ങൾക്കുശേഷം പുഴ ഗതിമാറി ഒഴുകിയതോടെ കൂടുതൽ കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
10 വർഷത്തിനിടെ ചരൾക്കടവിലും സമീപത്തുമായി ജോഷിയടക്കം 9 പേർ മുങ്ങിമരിച്ചതായി സമീപവാസികൾ പറഞ്ഞു.
3 വർഷം മുൻപാണ് ഉളിക്കല്ലിലും വള്ളിത്തോട്ടിലുമുള്ള 2 വിദ്യാർഥികൾ ഇവിടെ മുങ്ങിമരിച്ചത്. 2024 ഡിസംബർ 24ന് ആണ് കണ്ണൂർ കക്കാട് കൊറ്റോളിയിലെ 9 വയസ്സുകാരൻ ആൽവിനും അയൽവാസി വിൻസ(42)ന്റും ഇതേ കടവിലെ കയത്തിൽ മരിച്ചത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി.ചാക്കോ, അംഗങ്ങളായ ജോസുകുഞ്ഞ് തടത്തിൽ, ഷിബോ അഗസ്റ്റിൻ, ടോമി സൈമൺ, ബിജു ജോസഫ് എന്നിവർ സുരക്ഷ ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ കടവ് സന്ദർശിച്ചു.
മനംമയക്കുന്ന കാഴ്ച; വിജനമായ പ്രദേശം
സന്ദർശകരെ ആകർഷിക്കുന്ന മനോഹര പ്രകൃതിഭംഗിയാണ് ചരൾക്കടവിന്റേത്.
തെളിനീർ ശാന്തമായി ഒഴുകുന്ന പുഴയുടെ അടിത്തട്ടിൽ കിണർപോലുള്ള ഒട്ടേറെ കയങ്ങൾ ഉള്ളത് ആർക്കും മനസ്സിലാകില്ല. പുഴ ഗതിമാറി ഒഴുകി ഏക്കർക്കണക്കിനു വരുന്ന സ്ഥലം വിജനമായി കിടക്കുന്ന പ്രദേശം കൂടിയാണിത്.
ആദ്യവീട് അരക്കിലോമീറ്റർ ദൂരത്തിലാണ്. രക്ഷയ്ക്കായി കൂകി വിളിച്ചാൽപോലും ശ്രദ്ധയിൽപെടില്ല.
ആളുകൾ ഇവിടേക്കു കൂട്ടമായി എത്തുന്നതുകൊണ്ട് പ്രദേശവാസികളും കാര്യമായി ശ്രദ്ധിക്കാറില്ല. ജോഷിയും നാട്ടിൽനിന്നുള്ള സംഘത്തിനൊപ്പമാണെത്തിയത്.
ബാരാപോൾ പുഴയുടെ ചരൾക്കടവിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
അപകടം പതിവായ കടവിൽ മറ്റു സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കുക പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ കടവിൽ അപകടത്തിൽപെട്ട് മരിച്ചവരുടെ ചിത്രങ്ങളടക്കം ബോർഡ് വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.
മിനി വിശ്വനാഥൻ പ്രസിഡന്റ്, അയ്യൻകുന്ന് പഞ്ചായത്ത്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

