ഇരിട്ടി ∙ കിളിയന്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇരിട്ടി കാലി വസന്ത രോഗ നിർമാർജന പരിശോധന കേന്ദ്രം (ഇരിട്ടി റിൻഡർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്പോസ്റ്റ്) കൂട്ടുപുഴയിലേക്കു മാറ്റും. ആർടിഒ ചെക്പോസ്റ്റിനു സമീപത്തായി ഇതിനായി കണ്ടെയ്നർ കെട്ടിടം സ്ഥാപിച്ചു.
വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ കൂടി പൂർത്തിയാകുന്നതോടെ ഓഫിസ് കൂട്ടുപുഴയിലേക്കു മാറും. സംസ്ഥാനാന്തര പാതയിൽ 12 ലക്ഷം രൂപ ചെലവിലാണു പുതിയ ഓഫിസ് സ്ഥാപിച്ചിരിക്കുന്നത്.
കിളിയന്തറയിൽ ഒറ്റപ്പെട്ട
നിലയിൽ പ്രവർത്തിച്ച നിലവിലെ ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി വാഹനങ്ങൾ നിർത്താതെ വന്നതോടെയാണു പൊലീസ്, എക്സൈസ്, ആർടിഒ എന്നീ വിഭാഗങ്ങളുടെ അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതിനു സമീപത്തേക്ക് ആർപി ചെക്ക് പോസ്റ്റും മാറ്റാൻ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ 1965 ഓഗസ്റ്റ് 8നു തുടങ്ങിയതാണ് ഇരിട്ടി ഇരിട്ടി റിൻഡർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റ്.
2021 സെപ്റ്റംബർ 3 ന് കിളിയന്തറയിൽ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടം പൂർത്തിയാക്കി മന്ത്രി ഉദ്ഘാടനവും നടത്തിയിരുന്നു.
കർണാടകയിൽ നിന്നു കേരളത്തിലേക്കു വളർത്തു ആവശ്യത്തിനും മാംസ ആവശ്യത്തിനും എത്തിക്കുന്ന പക്ഷിമൃഗാദികളും അനുബന്ധ ഉൽപന്നങ്ങളും രോഗവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു ചെക്ക് പോസ്റ്റിൽ ചെയ്യുന്നത്. രോഗാവസ്ഥയിലുള്ളവയെ തിരിച്ചയ്ക്കും.
12 വർഷം കിളിയന്തറയിൽ നവനളന്ദ വായനശാലയുടെ കെട്ടിടത്തിൽ ചെക്ക് പോസ്റ്റ് വാടക ഇല്ലാതെ പ്രവർത്തിച്ച ചരിത്രവും ഉണ്ട്.
ഒരു ഫീൽഡ് ഓഫിസറും 3 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും 2 അറ്റൻഡർമാരും ആണ് ചെക്ക് പോസ്റ്റിൽ ഉള്ളത്. കിളിയന്തറയിൽ ജിഎസ്ടി വിഭാഗം വിട്ടു നൽകിയ 5 സെന്റ് സ്ഥലത്തു 4 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കെട്ടിടം വകുപ്പ് തന്നെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്.
പഴയ പ്രതാപം മങ്ങി
60 വർഷം മുൻപ് സ്ഥാപിതമായപ്പോൾ കാലിവസന്ത രോഗ നിർമാർജനം ആയിരുന്നു പ്രഥമ ലക്ഷ്യം.
കർണാടകയിൽ നിന്നു അറവുമാടുകൾ കേരളത്തിലേക്കു എത്തിയിരുന്നതു കിളിയന്തറ വഴിയാണ്. പതിനായിരക്കണക്കിനു കാലികളെയാണു മുൻപ് വള്ളിത്തോട് ചന്ത മുഖേന ഉത്തര മലബാറിൽ വിറ്റഴിച്ചിരുന്നത്. ഇവയെ എല്ലാം പരിശോധിച്ചു രോഗനില്ലെന്ന് ഉറപ്പുവരുത്തുകയും പ്രതിരോധ കുത്തിവയ്പ് എടുക്കുകയും ചെയ്തിരുന്നതു ഈ ചെക്പോസ്റ്റ് വഴിയാണ്.
കർണാടകയിൽ ഗോവധ നിരോധന നിയമം നടപ്പിലാകുകയും അറവു മാടുകളുടെ വരവ് ഇല്ലാതാവുകയും ചെയ്തതോടെ പഴയ പ്രതാപം മങ്ങി. കാലിവസന്തയും നിർമാർജനം ചെയ്യപ്പെട്ടതായാണ് നിരീക്ഷണം. മറ്റു രോഗങ്ങൾ ഉണ്ടോയെന്ന പരിശോധനയാണു ഇപ്പോൾ നടത്തുന്നത്.
കിളിയന്തറയിൽ വാഹനങ്ങൾ നിർത്തില്ല
അതിർത്തിയിലൂടെ കേരളത്തിലേക്കു എത്തുന്ന പാൽ, മുട്ട, കോഴി, മൃഗങ്ങൾ, പക്ഷികൾ, പച്ചക്കറി, പഴം, കാലിത്തീറ്റ, കോഴിത്തീറ്റ, ഇറച്ചി എന്നിവയുടെ കണക്കുകളും അളവുകളും രേഖപ്പെടുത്തി റിപ്പോർട്ട് നൽകുകയും സാംക്രമിക രോഗ ഭീഷണികൾ ഇല്ലെന്നു ഉറപ്പാക്കുകയും ആണു ഓഫിസിന്റെ ചുമതല.
ഇതുവഴി അയൽ സംസ്ഥാനത്തിൽ നിന്നു കൊണ്ടുവരുന്ന കന്നുകാലികൾ, ആട്, ചെമ്മിരിയാട്, പന്നി എന്നിവയ്ക്ക് ഒന്നിന് 53 രൂപ എൻട്രി ഫീസ് സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
കോഴിയടക്കമുള്ള പക്ഷിയിനങ്ങൾക്ക് 1.05 രൂപയാണ് നിരക്ക്. മുട്ടയ്ക്ക് ഒന്നിനു രണ്ടു പൈസയും ഫീസ് അടക്കണമെന്നാണ് 2024 ഏപ്രിൽ 1 മുതലുള്ള ഉത്തരവ്.
പക്ഷേ പരിശോധനയ്ക്ക് വാഹനം നിർത്തുക പോലും ഇല്ല. സർക്കാർ നിശ്ചയിച്ച തുക അടയ്ക്കേണ്ടതില്ലെന്ന് ഇവരുടെ അസോസിയേഷന്റെ തീരുമാനം ഉള്ളതായും ഇതിനെതിരെ പൊലീസിനെ സമീപിച്ചിട്ടും കേസു പോലും എടുക്കാൻ കഴിയാത്ത പ്രതിസന്ധിയും ചെക്പോസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്.
കർണാടകയിൽ നിന്നു കൊണ്ടുവരുന്ന മൃഗങ്ങളെ ഭൗതിക പരിശോധന നടത്തി രോഗബാധ തിരിച്ചറിയുക.
മാരക രോഗവാഹകരാണോ എന്ന് അറിയുന്നതിന് സീറം, സ്വാബ് ടെസ്റ്റുകൾ നടത്താനായി ലാബുകളിലേക്കു അയയ്ക്കുക, കുളമ്പ് രോഗത്തിന് എതിരായ പ്രതിരോധ കുത്തിവയ്പ് നടത്തുക എന്നിവയും ഉത്തരവാദിത്തത്തിൽ പെടുന്നതാണ്.
കാലോചിതമായി മാറ്റം വേണം
കാലി വസന്ത രോഗ നിർമാർജന പരിശോധന യൂണിറ്റ് കാഴ്ചപ്പാടിൽ നിന്നു ചെക്ക് പോസ്റ്റിനെ കാലോചിതമായി മാറ്റണമെന്നും ആവശ്യം ശക്തമാണ്. ഉത്തര കേരളത്തിന്റെ പൊതുജന ആരോഗ്യ സംരക്ഷണ ലക്ഷ്യത്തിലേക്കു മാറണമെന്നതാണു നിർദേശം ഉയരുന്നത്.
മൃഗസംരക്ഷണ ലാബ് കൂടി ചെക്ക് പോസ്റ്റ് കെട്ടിടത്തോടനുബന്ധിച്ചു ക്രമീകരിക്കണം. പക്ഷി മൃഗാദികളും പാൽ, മുട്ട, ഐസ്ക്രീം ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും അതിർത്തി കടന്നു എത്തുമ്പോൾ ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ പോരാ.
മൃഗസംരക്ഷണ ലാബ് സ്ഥാപിച്ചാൽ മായം കലർത്തിയിട്ടുണ്ടോയെന്നതുൾപ്പെടെ കണ്ടെത്താൻ കഴിയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

