∙ ‘1971ൽ സുഹൃത്ത് ഹരിദാസന്റെ ഭാര്യയ്ക്കു പ്രസവവേദന വന്നപ്പോൾ ഈ വഴിയിലൂടെ ആശുപത്രിയിലേക്ക് കിലോമീറ്ററോളം എടുത്തുനടന്നിട്ടുണ്ട്. രാത്രി ചൂട്ടിന്റെ വെളിച്ചത്തിൽ മേലൂർ വരെ കസേരയിൽ ഇരുത്തി എടുത്തുകൊണ്ടുപോയി.
അവിടെനിന്നാണ് കാറിൽ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് ഈ മേലൂർ–പാറപ്രം റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ ഓടുകയല്ലേ.
ഈ പിണറായി പഞ്ചായത്തിൽ വികസനമെത്താത്ത ഒരു മൂലയില്ല. പിന്നെയെങ്ങനെ ആളുകൾ മാറിച്ചിന്തിക്കും…’’.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ വോട്ടർമാർ രാഷ്ട്രീയം പറയുന്നില്ല.
അവർക്കു പറയാനുള്ളത് വികസനത്തെക്കുറിച്ചാണ്. കമ്യൂണിസ്റ്റ് പാർട്ടി പിറന്ന പാറപ്രത്ത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപിയുടെയും കൊടികളെല്ലാം പാറുന്നുണ്ടെങ്കിലും രാഷ്ട്രീയചർച്ചകൾക്ക് അത്ര ഉശിരും പുളിയുമില്ല. പാറപ്രത്തെ എകെജി സ്മാരക വായനശാലയുടെ വരാന്തയിലിരിക്കുന്ന മുതിർന്ന പൗരന്മാരുടെ കൂട്ടത്തിലേക്കു ചെന്നപ്പോൾ വെങ്ങാട്ടേരി ബാലൻ പറഞ്ഞത് സുഹൃത്തായ പിണറായി വിജയൻ മുഖ്യമന്ത്രിയായ 10 കൊല്ലം നാട്ടിലുണ്ടായ മാറ്റത്തെക്കുറിച്ചാണ്.
1976ൽ ആണ് എകെജി വായനശാല രൂപീകരിച്ചത്.
സമീപത്തെ ചായക്കടയിൽനിന്നു ‘ബലികുടീരങ്ങളേ’ എന്നു തുടങ്ങുന്ന വിപ്ലവഗാനം കേൾക്കുന്നുണ്ട്. വായനശാല സ്ഥാപകാംഗം യു.ബാലനു പറയാനുള്ളതും നാട്ടിലുണ്ടായ മാറ്റത്തെക്കുറിച്ചാണ്.
‘‘ടോർച്ചില്ലാതെ ഏതു പാതിരായ്ക്കും ഇപ്പോൾ നാട്ടിലൂടെ നടക്കാം. ഏതു ചെറിയ സ്ഥലത്തും തെരുവുവിളക്കു കത്തും.
പുതിയ കുട്ടികൾക്കു പവർകട്ട് എന്താണെന്ന് അറിയില്ല. മേലൂർ–പാറപ്രം റോഡ് യാഥാർഥ്യമാക്കിയതോടെ ഇന്നാട്ടിലാകെ വികസനമായി.
അതുകൊണ്ടുതന്നെ ഞങ്ങൾക്കു മാറിച്ചിന്തിക്കേണ്ട കാര്യമുണ്ടോ…’’ ബാലൻ പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന എം.സി.അശോകൻ, ഇ.മുരളീധരൻ, വി.വിനോദൻ, എം.മഹീന്ദ്രൻ, കെ.ശശി എന്നിവർ അതിനെ ശരിവച്ചുകൊണ്ടു തലയാട്ടി.
‘‘ഇവിടെ മറ്റു പാർട്ടിക്കാരൊക്കെയുണ്ട്.
പക്ഷേ, വികസനകാര്യത്തിൽ അവർക്കുപോലും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. രാഷ്ട്രീയത്തിൽ പലതും പറയാനുണ്ടാകും.
ബിരിയാണിച്ചെമ്പു മുതൽ സ്വർണപ്പാളി വരെ എന്തെല്ലാം കൊണ്ടുവന്നു വി.ഡി.സതീശനും കൂട്ടരും. എന്തെങ്കിലും കാര്യമുണ്ടായോ.
ശബരിമല പ്രശ്നത്തിൽ ഞങ്ങളുടെ പാർട്ടിക്കാരനായ പത്മകുമാറിനു വീഴ്ചയുണ്ടായി. പക്ഷേ, ആരെയും പാർട്ടി സംരക്ഷിച്ചിട്ടില്ലല്ലോ.
കേസ് കേസിന്റെ വഴിക്കുപോകും… മൂന്നാമതും തുടർഭരണം ഉണ്ടാകുകയും ചെയ്യും…’’. രാഷ്ട്രീയവും വികസനവുമെല്ലാം ചേർത്തുവച്ചുകൊണ്ട് എല്ലാവരും ചേർന്നുപറഞ്ഞു.
ഞങ്ങൾ എങ്ങോട്ടുപോകും? വികസനമെത്തുമ്പോൾ ജോലിയില്ലാതാകുന്നതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾ
∙ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് തലശ്ശേരി വലിയങ്ങാടിക്ക്.
നഗരത്തിലേക്കും സമീപഗ്രാമങ്ങളിലേക്കുമുള്ള പലചരക്കു സാധനങ്ങൾ പോകുന്നത് ഇവിടെ നിന്നാണ്. 1500 ചുമട്ടുതൊഴിലാളികളുണ്ടിവിടെ; 400 കച്ചവടക്കാരും. വികസനമെത്തുമ്പോൾ കുടുംബം പട്ടിണിയാകുമോയെന്നാണ് ഇവിടത്തെ ചുമട്ടുതൊഴിലാളികൾ ചോദിക്കുന്നത്.
മുൻപു നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് തീരദേശ ഹൈവേ ഇപ്പോഴത്തെ റോഡിലേക്കു മാറ്റുമ്പോൾ ഇല്ലാതാകുന്ന വലിയങ്ങാടി ടൗണിനെക്കുറിച്ചാണ് അവരുടെ ആശങ്ക. ‘‘തീരദേശ ഹൈവേ മുൻപു നിശ്ചയിച്ചിരുന്നത് കടപ്പുറം ഭാഗത്തിലൂടെയായിരുന്നു. എന്നാൽ ചില രാഷ്ട്രീയക്കാരുടെ താൽപര്യത്തിൽ ഇങ്ങോട്ടുമാറ്റി.
ഈ അങ്ങാടി ഇല്ലാതായാൽ ഞങ്ങളെങ്ങനെ ജീവിക്കും. ആകെ അറിയുന്നത് ചുമടെടുക്കൽ മാത്രമാണ്.
അതില്ലാതായാൽ കുടുംബം പട്ടിണിയിലാകില്ലേ…’’. ചുമട്ടുതൊഴിലാളിയായ ഷൗക്കത്തലിയുടെ വാക്കുകളിൽ രോഷമിരമ്പുന്നു. ‘‘ഞാനൊരു മുസ്ലിം ലീഗ് പ്രവർത്തകനാണ്.
ഞങ്ങൾ ചുമട്ടുതൊഴിലാളികളിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. വികസനത്തിനു ഞങ്ങൾ എതിരല്ല.
പക്ഷേ, ഞങ്ങളുടെ ആശങ്ക പരിഹരിക്കാൻ, ഭരിക്കുന്നവർ തയാറാകുന്നില്ല’’– ഷൗക്കത്തലി പറഞ്ഞു. ‘‘റോഡ് വരുമ്പോൾ കടയുടമകൾക്കു മാത്രമാണു നഷ്ടപരിഹാരം കിട്ടുക. ഞങ്ങളെന്തു ചെയ്യും.
ചിലരുടെ ബെനാമി താൽപര്യത്തിലാണ് തീരദേശ റോഡ് ഇതുവഴിയാക്കിയത്’’– ചുമട്ടുതൊഴിലാളിയായ ഷാനവാസ് പറഞ്ഞു. തലശ്ശേരി നഗരസഭയുടെ മട്ടാമ്പ്രം, മാരിയമ്മ ഡിവിഷനുകൾക്കിടയിലൂടെയാണു വലിയങ്ങാടി റോഡ് പോകുന്നത്. ഇരുഭാഗത്തും റോഡിന് അടയാളപ്പെടുത്തലുകൾ ഇട്ടു കഴിഞ്ഞു.
ഇതിന്റെ പേരിൽ മാസങ്ങൾക്കു മുൻപ് ഇവിടെ ഹർത്താൽ ആചരിച്ചിരുന്നു. ‘‘രണ്ടു ഡിവിഷനുകളിലെയും സ്ഥാനാർഥികളോടു ഞങ്ങളുടെ ആശങ്ക പറഞ്ഞിട്ടുണ്ട്. പക്ഷേ, അവർക്കെന്തു ചെയ്യാനാകും.
ഇതൊക്കെ മുകളിലുള്ള ചിലരുടെ കളികളല്ലേ. വോട്ടർമാർ എല്ലാം തിരിച്ചറിയുന്നുണ്ടെന്ന് അവർക്കു ബോധ്യമാകും, നിയമസഭാ തിരഞ്ഞെടുപ്പു വരുമ്പോൾ…’’ ഷൗക്കത്തലിയുടെ വാക്കുകളിലെ ക്ഷോഭം അടങ്ങുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

