ഇരിട്ടി ∙ താലൂക്ക് ആശുപത്രിയിൽ 5 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ആശുപത്രി (മാതൃശിശു സംരക്ഷണ ബ്ലോക്ക്) തുറക്കാത്തതിലും 68 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിട സമുച്ചയം പദ്ധതി ഇഴയുന്നതിലും ആശങ്ക പ്രകടിപ്പിച്ച് താലൂക്ക് വികസന സമിതി യോഗം.
മരാമത്ത് വിഭാഗം പൊളിച്ചു നീക്കണമെന്നു നിർദേശിച്ച കെട്ടിടത്തിൽ താലൂക്ക് ആശുപത്രിയുടെ ഓഫിസും ലാബും മറ്റും പ്രവർത്തിക്കുന്നതിലുള്ള ദുരന്തഭീഷണി ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് എം പ്രതിനിധി വിപിൻ തോമസാണ് പ്രശ്നം ഉന്നയിച്ചത്.
ഗൈനക്കോളജി വിഭാഗത്തിൽ 2 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതുകൊണ്ടാണ് മാതൃശിശു സംരക്ഷണ ബ്ലോക്ക് പ്രവർത്തിപ്പിക്കാൻ കഴിയാത്തതെന്നു ആശുപത്രി സൂപ്രണ്ട് മറുപടി നൽകി. അനസ്തെറ്റിസ്റ്റ് തസ്തികകളിലും ഡോക്ടർമാരെ നിയമിക്കണം.
ജീവനക്കാരും വേണം. നിരവധി തവണ അപേക്ഷ നൽകിയിട്ടും ഇക്കാര്യങ്ങളൊന്നും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.
താലൂക്ക് ആശുപത്രിയിൽ 2 വർഷമായി ഗൈനക്കോളജി തസ്തിക നികത്താൻ പറ്റാത്തതു ഗൗരവമേറിയ കാര്യമാണെന്നു ചർച്ചയിൽ പങ്കെടുത്ത മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ.ഷാജിത്തും പറഞ്ഞു.
താലൂക്ക് സഭാ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നടപ്പിലാകാത്തതുകൊണ്ടാണു ബന്ധപ്പെട്ട ജനപ്രതിനിധികൾ അധികവും ഈ യോഗത്തിൽ പങ്കെടുക്കാത്തതെന്നും ഇവിടെ ഉന്നയിക്കുന്ന വിഷയങ്ങൾ തന്നെ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഉന്നയിക്കപ്പെടേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു.
12 മീറ്റർ വീതിയിൽ റോഡ് നിർമിക്കണം
നിർദിഷ്ട
മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ് പദ്ധതിയിൽ ഉൾപ്പെട്ട കേളകം – കൊട്ടിയൂർ ദൂരം 12 മീറ്റർ വീതിയിൽ ഉടൻ റോഡ് നിർമിക്കണമെന്നു താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത യാഥാർഥ്യമാകണമെങ്കിൽ ഇനിയും വർഷങ്ങൾ എടുക്കുമെന്നതിനാൽ കൊട്ടിയൂർ തീർഥാടന കേന്ദ്രത്തിലേക്കുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടിയെന്ന നിലയിൽ റോഡിന്റെ വീതി അഞ്ചര മീറ്ററിൽ നിന്നും 12 മീറ്ററായി ഉയർത്തണമെന്നു കോൺഗ്രസ് പ്രതിനിധി പി.സി.രാമകൃഷ്ണനാണ് ആവശ്യപ്പെട്ടത്.
ഇക്കാര്യം താലൂക്ക് സഭയുടെ പൊതുവികാരം ആയി ബന്ധപ്പെട്ടവരെ അറിയിക്കാൻ എംഎൽഎ നിർദേശിച്ചു.കൊട്ടിയൂർ വളയംചാൽ സമാന്തര റോഡിന്റെ നവീകരണം 2 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ സാധിക്കാത്തതും വിമർശനത്തിന് കാരണമായി. 11 കിലോമീറ്റർ റോഡ് വികസിപ്പിക്കാൻ എന്തിനാണു ഇത്ര സമയമെന്നു എംഎൽഎ രോക്ഷാകുലനായി ചോദിച്ചു.
നിങ്ങൾ കരാറുകാരനു വേണ്ടിയിട്ടാണോ നിലകൊള്ളുന്നതെന്നു ജനങ്ങൾ സംശയിക്കുമെന്നും എംഎൽഎ എൻജിനീയർമാരോടു പറഞ്ഞു. ഡിസംബറോടെ നിർമാണം പൂർത്തീകരിക്കുമെന്നു മരാമത്ത് പ്രതിനിധി മറുപടി നൽകി.
നിരാക്ഷേപ പത്രം നൽകാത്തതിൽ രൂക്ഷ വിമർശനം
ബഫർസോൺ ഉത്തരവ് സർക്കാർ പിൻവലിച്ചിട്ടും പഴശ്ശി പദ്ധതിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങളും വീടുകളും നിർമിക്കുന്നതിനു നിരാക്ഷേപപത്രം ലഭിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം യോഗത്തിൽ രൂക്ഷവിമർശനങ്ങൾക്കു ഇടയാക്കി.
ഉത്തരവ് പിൻവലിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും പഴശ്ശി ജലസേചന വിഭാഗം അധികൃത ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധി തോമസ് വർഗീസ് പറഞ്ഞു. പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയതായി യോഗത്തിൽ വച്ചുതന്നെ ഫോൺ സംസാരിച്ച ശേഷം സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
ഗതാഗതക്കുരുക്ക്: പൊലീസിനെതിരെ വിമർശനം
മട്ടന്നൂർ ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നു മട്ടന്നൂർ നഗരസഭാ അധ്യക്ഷൻ എൻ.ഷാജിത്ത് ആരോപിച്ചു.
പൊലീസ് നിരുത്തരവാദപരമായാണു പെരുമാറുന്നത്. പാർക്കിങ് നിരോധിത മേഖലയിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്.
മൂന്നും നാലും ഹോം ഗാർഡുമാരെ വച്ചാണു ഇടുങ്ങിയ നഗരം നിയന്ത്രിക്കുന്നത്. വിഐപി സന്ദർശനം ഉണ്ടാകുമ്പോൾ സ്റ്റേഷനിലെ 52 പൊലീസുകാരും നിരത്തിൽ ഇറങ്ങി നിൽക്കും.
അല്ലാത്ത സമയങ്ങളിൽ ഒരാളെ പോലും ടൗണിൽ കാണില്ല.
കൂത്തുപറമ്പ് എഎസ്പിയോടു ഉൾപ്പെടെ പ്രശ്നം അറിയിച്ചിട്ടും ഗൗരവമായി എടുത്തിട്ടില്ല.ഇരിട്ടി – മട്ടന്നൂർ റോഡിലെ ഗതാഗതക്കുരുക്കഴിക്കാൻ മട്ടന്നൂർ മത്സ്യ മാർക്കറ്റിനോടു ചേർന്ന ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കുമെന്നും ചെയർമാൻ യോഗത്തിൽ പറഞ്ഞു. മേഖലയിലെ ഗതാഗതക്കുരുക്ക് എൻസിപി പ്രതിനിധി കെ.പി.ഷാജിയാണ് യോഗത്തിൽ ഉന്നയിച്ചത്.
യോഗത്തിൽ പൊലീസിനെ പ്രതിനിധീകരിച്ചു ഒരാൾ പോലും പങ്കെടുത്തിരുന്നില്ല.
അടുത്ത യോഗം മുതൽ ഡിവൈഎസ്പിയെ തന്നെ യോഗത്തിൽ പങ്കെടുപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ തഹസിൽദാരോടു ആവശ്യപ്പെട്ടു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, പായം ബാബുരാജ്, തോമസ് തയ്യിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]