
മട്ടന്നൂർ ∙ നല്ലൊരു നാളെ സ്വപ്നംകണ്ട് വിമാനത്താവളത്തിനു സ്ഥലം വിട്ടുനൽകിയ പലരും സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിക്കഴിഞ്ഞു. മൃതദേഹം സ്വന്തം വീട്ടിൽ എത്തിക്കാൻ പോലും സാധിക്കാത്തവരുണ്ട്.
കണ്ണൂർ രാജ്യാന്തര വിമാനത്താവള റൺവേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നീണ്ടതോടെ ദുരിതത്തിലായത് ഒട്ടേറെ കുടുംബങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയിലുള്ള സർക്കാരിനു നഷ്ടപരിഹാരത്തുക കണ്ടെത്താനുള്ള പ്രയാസമാണു ഭൂമി ഏറ്റെടുക്കൽ വൈകാൻ കാരണം.
വേണ്ടത് 943 കോടി രൂപ
കണ്ണൂരിനെ ഹബ് എയർപോർട്ട് എന്ന നിലയിൽ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് റൺവേ 4,000 മീറ്ററാക്കി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്.
വലിയ വിമാനങ്ങൾക്കും ചരക്കുവിമാനങ്ങൾക്കും സുഗമമായി ലാൻഡ് ചെയ്യാൻ ഇതോടെ സാധിക്കും.റൺവേ വികസനത്തോടെ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമായി മാറാൻ കണ്ണൂരിനു സാധിക്കും.
വിമാനത്താവളത്തിന്റെ നിർമാണം മുക്കാൽഭാഗത്തോളം പൂർത്തിയായ സമയത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ സംഘടിപ്പിച്ചിരുന്നു. റൺവേ 4,000 മീറ്ററാക്കി വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ സമരം നടത്തിയിരുന്നു.
തുടർന്നാണ് റൺവേ 4,000 മീറ്ററാക്കി വികസിപ്പിക്കാൻ തീരുമാനമെടുത്തത്.
ഏറ്റെടുക്കാൻ പണമില്ല
2017ൽ 3050 മീറ്റർ ഉള്ള റൺവേ 4,000 മീറ്ററായി ഉയർത്താൻ ധാരണയായി. തൊട്ടടുത്ത വർഷം വിജ്ഞാപനവും ഇറങ്ങി.
നഷ്ടപരിഹാരത്തിനായി 942.63 കോടി രൂപ വേണം. 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും വേണം.
എന്നാൽ, വസ്തുവകകളുടെ മൂല്യനിർണയവും മറ്റും നടത്തിയെങ്കിലും എട്ടു വർഷം കഴിഞ്ഞും സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ എങ്ങുമെത്തിയില്ല.
വെള്ളത്തിൽ മുങ്ങിയിട്ടും നഷ്ടപരിഹാരമില്ല
2017 മേയ് 21ന് വേനൽമഴയിൽ വിമാനത്താവള പ്രദേശത്തുനിന്ന് ഉരുൾപൊട്ടൽ കണക്കെ വെള്ളവും കല്ലും മറ്റും കുത്തിയൊഴുകി വന്നതോടെ, 6 കുടുംബങ്ങൾക്ക് പ്രാണരക്ഷാർഥം വീടൊഴിഞ്ഞ് പോകേണ്ടിവന്നു. റൺവേയ്ക്കായി സ്ഥലം വിട്ടുകൊടുക്കാനിരുന്ന കുടുംബങ്ങളാണു നഷ്ടപരിഹാരത്തിനായി കാത്തുനിൽക്കാതെ സ്വന്തം വീട്ടിൽനിന്നിറങ്ങിയത്.
ഭീതിയോടും വേദനയോടും കൂടി ഒഴിഞ്ഞുപോയ പി.കെ.നാരായണിയമ്മയും തമ്പായിയമ്മയും ഇന്നു ജീവിച്ചിരിപ്പില്ല.
ആറു മാസത്തിനകം നഷ്ടപരിഹാരവും പുനരധിവാസവും ശരിയാക്കാമെന്നാണു കലക്ടർ ഉൾപ്പെടെയുള്ളവർ അന്നു നൽകിയ ഉറപ്പിനും വിലയില്ലാതായി. ഇവരുടെ വീടുകൾ താമസയോഗ്യമല്ലെന്ന് കണ്ടാണു മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. വാടകവീടുകളിലേക്കാണു പലരും മാറിയത്.
വിമാനത്താവള കമ്പനിയായ കിയാൽ വാടക നൽകണമെന്നും ധാരണയായിരുന്നു. എന്നാൽ, 8 മാസം മാത്രമാണു വാടക ലഭിച്ചത്.
പിന്നീട് അധികൃതരെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല.245 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇവരോടൊപ്പം മാത്രമേ ഏഴു കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ എന്നുമാണ് അധികൃതരുടെ നിലപാട്. ഇവരിൽ പലരുടെയും വീടും തകർന്നു വീണു.
വീടും സ്ഥലവും കാടുകയറി നശിക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ ഇവർക്ക് സാധിക്കുന്നുള്ളൂ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]