
ഇരിട്ടി ∙ നർമദ മുതൽ അതിരപ്പിള്ളി വരെയുള്ള പദ്ധതികൾ പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്കു കോട്ടം വരുത്തുമെന്നു പഴികേൾക്കുന്ന കാലത്താണ് ബാരാപോളിൽ പരിസ്ഥിതിസൗഹൃദ പദ്ധതിയുമായി മാതൃക തീർത്തത്. അണക്കെട്ടും തടയണയും ഒഴിവാക്കി, പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതെ, പുഴയുടെ അടിത്തട്ടിൽ പുഴയ്ക്കു കുറുകെ നിർമിച്ച ചാലിലൂടെ (ട്രെഞ്ച് വിയർ) വെള്ളം സമീപത്തെ കൃത്രിമ കനാലിലേക്ക് ഒഴുക്കിവിട്ട് അതുപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലളിത രീതിയാണ് ബാരാപോളിന്റെ പ്രത്യേകത.
കേരള – കർണാടക അതിർത്തിയിൽ പാലത്തിൻകടവ്, കച്ചേരിക്കടവ് ഗ്രാമങ്ങളെ കോർത്തിണക്കി 9 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ഈ സംരംഭം കെഎസ്ഇബിക്കു പൊൻമുട്ടയിടുന്ന താറാവായിരുന്നു.
ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ചെലവ് 10 പൈസയിൽ താഴെ മാത്രം. പീക് സമയങ്ങളിൽ യൂണിറ്റിന് 12 രൂപ വരെ നൽകിയാണ് കെഎസ്ഇബി പുറമേ നിന്നു വൈദ്യുതി വാങ്ങുന്നതെന്ന് ഓർക്കണം.
നാട്ടുകാർ വർഷങ്ങളായി നൽകുന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമായി കനാലിൽ വൻ ഗർത്തം കണ്ടെത്തിയതോടെ എല്ലാം നിലച്ചു.
ഉൽപാദനം നിർത്തേണ്ടി വന്ന ജൂൺ 26 മുതൽ ഇന്നലെ വരെ ഉണ്ടായ വരുമാനനഷ്ടം 5.9 കോടി രൂപയാണ്.
ടൂറിസം പദ്ധതിയുമില്ല
കുടക്മലനിരകളിൽ നിന്ന് ഉദ്ഭവിച്ചെത്തുന്ന ബാരാപ്പുഴയും ബ്രഹ്മഗിരി വന്യജീവി സങ്കേതവും മനോഹര കാഴ്ച സമ്മാനിക്കുന്ന ബാരാപോളിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. മലമ്പുഴ മാതൃകയിൽ റോപ്വേ ഉൾപ്പെടെ സ്ഥാപിക്കാൻ അയ്യൻകുന്ന് പഞ്ചായത്ത് ടൂറിസം വകുപ്പിനു ശുപാർശ നൽകിയിരുന്നു.
60 മീറ്റർ നീളത്തിൽ ബാരാപ്പുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന ട്രെഞ്ച് വിയർ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലുതും കേരളത്തിലെ ആദ്യത്തേതുമാണ്. ഇതും ടൂറിസത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.
പക്ഷേ, ഇതൊന്നും അധികൃതരുടെ കണ്ണു തുറപ്പിച്ചിട്ടില്ല.
വെയിലും ഊർജം
പദ്ധതിയോടനുബന്ധിച്ചുള്ള സൗരോർജ പദ്ധതിയിൽനിന്ന് ഈ സീസണിൽ 2.89 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായി. പ്രതിദിനം 16,000 – 18,000 യൂണിറ്റ് വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ടെന്നാണു കണക്ക്. കനാൽ തീരത്ത് കെഎസ്ഇബി ഏറ്റെടുത്ത ഒരു മെഗാവാട്ടിന്റെ സോളർ പാനലുകളിൽ നിന്ന് 5000 യൂണിറ്റ് വരെ പ്രതിദിനം ലഭിച്ചു.
കനാലിനു മുകളിലുള്ള 3 മെഗാവാട്ട് സോളർ പാനലുകളിൽനിന്ന് 13,000 യൂണിറ്റ് വരെ പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്.
20 കോടി രൂപ;സീസണിലെ നഷ്ടം
ഒരു യൂണിറ്റ് വൈദ്യുതിക്കു ശരാശരി 4 രൂപയാണു നിരക്ക്. ഇതനുസരിച്ചു ബാരാപോൾ ജലവൈദ്യുതി പദ്ധതിയിൽ ഇപ്പോൾ പ്രതിദിനം നഷ്ടമാകുന്നത് 14.4 ലക്ഷം രൂപ വീതം.
കനാലിൽ വൻ ഗർത്തം കണ്ടെത്തി ഉൽപാദനം നിർത്തേണ്ടി വന്ന ജൂൺ 26 മുതൽ ഇന്നലെ വരെ ഉണ്ടായ നഷ്ടമാകട്ടെ 5.9 കോടി രൂപയും. പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ഇബി നിലവിൽ ശ്രമമൊന്നും നടത്താത്തതിനാൽ മഴ സീസണിലെ നഷ്ടം മാത്രം 20 കോടി കടക്കും.
3.6 ലക്ഷം യൂണിറ്റ് വൈദ്യുതി ഭും…
ബാരാപോൾ പദ്ധതി 15 മെഗാവാട്ട് ശേഷിയുള്ളതാണ്.
മഴക്കാലത്തു മാത്രം പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ പ്രതിവർഷം 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുക എന്നതായിരുന്നു. എന്നാൽ, കഴിഞ്ഞ 9 വർഷത്തിനിടെ 5 വർഷവും ഇതിലധികം വൈദ്യുതി ഉൽപാദിപ്പിക്കാനായി.
5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളാണു വൈദ്യുതി നിലയത്തിൽ ഉൽപാദനത്തിനായി സ്ഥാപിച്ചിട്ടുള്ളത്. ഒരു ജനറേറ്റർ 24 മണിക്കൂറും പ്രവർത്തിക്കുമ്പോൾ 1.2 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും.
3 ജനറേറ്ററും പ്രവർത്തിക്കുമ്പോൾ 3.6 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതാണു പാഴായിപ്പോകുന്നത്.
നാട്ടുകാർ പറയുന്നു:കനാൽ പുനർനിർമിക്കണം
2016ൽ ഉദ്ഘാടനം ചെയ്തപ്പോൾ മുതൽ കനാൽ ചോർച്ച സംബന്ധിച്ച പരാതിയുണ്ട്.
3 കിലോമീറ്റർ ദൂരമുള്ള കനാൽ ശൃംഖലയിൽ ഇലവുങ്കൽ ജംക്ഷൻ മുതൽ പവർ ഹൗസ് വരെയുള്ള 1.4 കിലോമീറ്ററിലാണ് ആദ്യം ചോർച്ചയുണ്ടായത്. അരികുവശത്തു കരിങ്കൽ കെട്ടിൽ ഇരുമ്പുവല വച്ചു കോൺക്രീറ്റ് നടത്തിയ ഈ ഭാഗത്താണ് ഇപ്പോൾ ഗർത്തം കണ്ടെത്തിയതും.
ഈ ഭാഗത്തു കനാൽ കോൺക്രീറ്റിങ് നടത്തി പുനർനിർമിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.
താഴ്വശത്തുള്ള 22 കുടുംബങ്ങളുടെ ഭൂമി പൊന്നുംവില നൽകി ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്. ഗർത്തം കണ്ടെത്തിയ ഭാഗത്തു മാത്രം നിർമാണം നടത്താൻ കെഎസ്ഇബി നീക്കം നടത്തിയെങ്കിലും ജനങ്ങൾ എതിർത്തിരുന്നു.
വർഷം 20 കോടി രൂപ ലാഭം കിട്ടുന്ന പദ്ധതിയാണെന്ന തിരിച്ചറിവോടെ പ്രദേശവാസികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്നാണ് സ്ഥലം എംഎൽഎ സണ്ണി ജോസഫ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, പാലത്തിൻകടവ് മേഖലയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി, പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടത്തിൽ തുടങ്ങിയ ജനപ്രതിനിധികളുടെ ആവശ്യം.
2 കോടി ഭും…
നേരത്തേ ചോർച്ച പരിഹരിക്കാൻ 3 ഘട്ടങ്ങളിലായി 2 കോടി രൂപയിലധികം ചെലവഴിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 2022 ജൂണിൽ ചോർച്ച കണ്ടെത്തിയപ്പോൾ പ്രശ്നം പരിഹരിക്കുന്നതിനു മണ്ണ് പരിശോധന ഉൾപ്പെടെ നേരത്തേ നടത്തുകയും വിദഗ്ധസംഘത്തെ നിയോഗിച്ചു പഠനം നടത്തി റിപ്പോർട്ട് വാങ്ങി വയ്ക്കുകയും ചെയ്തതല്ലാതെ നടപടിയുണ്ടായിട്ടില്ല.
പഠനസംഘങ്ങൾക്ക് മാത്രം ഏകദേശം 2 കോടി രൂപയിലധികം ചെലവഴിച്ചെന്നാണു സൂചന.
മന്ത്രി വന്നിട്ടും ഒന്നും നടന്നില്ല
∙ ഗർത്തം കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞ മാസം മന്ത്രി കെ.കൃഷ്ണൻകുട്ടി സ്ഥലം സന്ദർശിക്കുകയും ബാരാപോൾ അപകടരഹിത പദ്ധതിയാക്കുമെന്നും പ്രദേശവാസികളുടെ ആശങ്ക പൂർണമായും പരിഹരിക്കുമെന്നും പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ അയയ്ക്കുമെന്നും പറഞ്ഞിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥ തലത്തിലുള്ള 2 സംഘങ്ങൾ വന്നതല്ലാതെ പുനർനിർമാണം ഏതുവിധം നടത്തണമെന്നു ശുപാർശ നടത്തേണ്ട
വിദഗ്ധ സംഘങ്ങളിൽ ഒന്നുപോലും 41 ദിവസം പിന്നിടുമ്പോഴും സ്ഥലത്ത് എത്തിയിട്ടില്ല. കെഎസ്ഇബി ബോർഡ് ചെയർമാനോ ഡയറക്ടർമാരോ എത്തിയിട്ടില്ല.
മന്ത്രി വന്നപ്പോഴും ഇവരാരുമില്ലായിരുന്നു
പൊരുതിനേടിയ പദ്ധതി; എന്നിട്ടും ജനസ്വരം കേൾക്കാൻ മടി
വൻകിട ജലവൈദ്യുത പദ്ധതികൾ പോലും പ്രതിഷേധങ്ങൾ മൂലം വെള്ളത്തിലാകുന്ന ഇക്കാലത്തു ജനങ്ങൾ ഒന്നിച്ചുനിന്നു കൈകോർത്തു നേടിയെടുത്ത പദ്ധതിയെന്ന അപൂർവതയും ബാരാപോളിനുണ്ട്.
നാടിന്റെ വികസനം ഉറപ്പാകുമെന്ന പ്രതീക്ഷയിൽ 1980 മുതൽ ജനകീയ കൂട്ടായ്മകൾ രൂപീകരിച്ചു പ്രദേശവാസികൾ പദ്ധതിക്കായി പരിശ്രമിച്ചു. 19.34 ഹെക്ടർ ഭൂമി കർഷകരിൽ നിന്ന് ഏറ്റെടുത്താണ് പദ്ധതി സ്ഥാപിച്ചത്.
ഏറ്റെടുക്കുന്ന ഭൂമി വില അന്നത്തെ കലക്ടർ പരമാവധി കുറയ്ക്കാൻ ശ്രമിച്ചതിനെതിരെ പ്രക്ഷോഭം നടന്നപ്പോഴും പദ്ധതി നഷ്ടപ്പെടാതിരിക്കാൻ നാട്ടുകാർ ജാഗ്രത പാലിച്ചു.
സുപ്രീംകോടതി വരെ കേസ് എത്തുന്ന വിധത്തിൽ കർണാടകയിലെ ചില സംഘടനകളിൽ നിന്നും അധികൃതരിൽ നിന്ന് എതിർപ്പു വന്നപ്പോഴും പ്രദേശവാസികൾ ശക്തമായ പിന്തുണയുമായി ഒപ്പം നിന്നു.ഈ ജനത്തെയാണു പിന്നീട് അവഗണിച്ചത്. ചോർച്ച മൂലം ജീവിതം വഴിമുട്ടിയ 2 കുടുംബങ്ങൾക്ക് 45,000 രൂപ, 40,000 രൂപ എന്നിങ്ങനെ മാസം തോറും നൽകി പുനരധിവാസ സാഹചര്യം ഒരുക്കിയതു മാത്രമാണ് ഇതിനപവാദം.
ബാരാപോളിൽ ഇതുവരെ ഉൽപാദനം
∙ 2016 – 19.25 ദശലക്ഷം യൂണിറ്റ്
∙ 2017 – 40.5 ദശ ലക്ഷം യൂണിറ്റ്
∙ 2018 – പ്രളയം മൂലം ഉൽപാദനം നടത്താനായില്ല (.95 ദശലക്ഷം യൂണിറ്റ്)
∙ 2019 – പ്രളയം മൂലം ഉൽപാദനം കുറവ് (20.95 ദശലക്ഷം യൂണിറ്റ്)
∙ 2020 – 28.69 ദശലക്ഷം യൂണിറ്റ്
∙ 2021 – 49.83 ദശ ലക്ഷം യൂണിറ്റ്
∙ 2022 – 43.27 ദശ ലക്ഷം യൂണിറ്റ്
∙ 2023 – 35.07 ദശ ലക്ഷം യൂണിറ്റ്
∙ 2024 – 43.98 ദശലക്ഷം യൂണിറ്റ്
∙ 2025 ജൂൺ 4 മുതൽ 26 വരെ – 5.6 ദശലക്ഷം യൂണിറ്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]