കണ്ണൂർ ∙ തെളിഞ്ഞുകത്തിയ 96 മൺചെരാതുകൾ പരത്തിയ പ്രകാശത്തിൽ മലയാളത്തിന്റെ പ്രിയ കഥാകാരനു പിറന്നാളാഘോഷം. പയ്യന്നൂർ പോത്താങ്കണ്ടം ആനന്ദാശ്രമത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
വൃശ്ചികത്തിലെ ഭരണിനാളിൽ ജനിച്ച പത്മനാഭന്റെ 96ാം ജന്മദിനമായിരുന്നു ഇന്നലെ.
ചെറുതാഴം ചന്ദ്രന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കൃഷ്ണാനന്ദ ഭാരതി പത്മനാഭനെ ആനന്ദാശ്രമത്തിലേക്കു സ്വാഗതം ചെയ്തു. കുറിച്ചി നടേശന്റെ അർജുനനൃത്തം, ടി.എം.പ്രേംനാഥിന്റെ മയൂരനൃത്തം, തൃശൂർ കലാകൈരളിയുടെ കുമ്മാട്ടി എന്നിവ ആഘോഷത്തിനു മിഴിവേകി. വേദിക്കുമുന്നിൽ നിരത്തിവച്ച ചെരാതുകളിലേക്കു പത്മനാഭന്റെ കഥകളെ ഇഷ്ടപ്പെടുന്ന അക്ഷരപ്രേമികൾ വെളിച്ചം പകർന്നു.
സാംസ്കാരിക സമ്മേളനത്തിൽ ഋഷിരാജ് സിങ്, രാജു നാരായണസ്വാമി, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സംവിധായകൻ ജയരാജ്, ടി.ഐ.മധുസൂദനൻ എംഎൽഎ, എം.സ്വരാജ്, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ് എന്നിവർ പ്രസംഗിച്ചു.
പുതിയ കഥ ‘സത്യം ആർക്കറിയാം’ പ്രസിദ്ധീകരിച്ചു വന്നാൽ അറസ്റ്റിനുപോലും സാധ്യതയുണ്ടെന്നു മറുപടി പ്രസംഗത്തിൽ പത്മനാഭൻ പറഞ്ഞു. അറസ്റ്റിനെ പേടിയില്ല.
പക്ഷേ, ലോക്കപ്പ് മർദനം ഉണ്ടാകുകയാണെങ്കിൽ ആദ്യ അടിയിൽതന്നെ തീർത്തേക്കണം.
കഥയെഴുതുകയല്ല, എഴുതിപ്പോകുകയാണ്. എഴുതാതിരിക്കാൻ വയ്യെന്നു തോന്നുമ്പോഴേ എഴുതാറുള്ളൂ.
ആദ്യകഥയുടെ പ്രതിഫലം ഏഴര രൂപയായിരുന്നു. അതിൽനിന്ന്, ഒരു കഥയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കഥാകൃത്തായി. പണത്തിനുവേണ്ടി എഴുതിയിട്ടില്ല, എഴുതുകയുമില്ല.
എന്നാൽ എഴുതിയതിനു പണം കൃത്യമായി വാങ്ങും– പത്മനാഭൻ പറഞ്ഞു. സുഹൃത്തുക്കൾക്കും വിശിഷ്ടാതിഥികൾക്കുമൊപ്പം സദ്യയുമുണ്ടാണ് പത്മനാഭൻ മടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് എ.കെ.ആന്റണി, നടൻ കമൽഹാസൻ തുടങ്ങിയവരെല്ലാം പത്മനാഭന് ജന്മദിനാശംസകൾ നേർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

