കണ്ണൂർ ∙ കാത്തിരുന്ന തിരുവോണം ഇങ്ങെത്തി. ഇന്നത്തെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞ് നേരം വെളുത്താൽ തിരുവോണമായി.
പൂക്കളം, സദ്യ, ഒന്നിച്ചുള്ള ഫോട്ടോയെടുപ്പ്, ഊഞ്ഞാലാട്ടം, വിരുന്നുവരവ്… സമയം ദാ എന്നു പറയുമ്പോഴേക്കും തിരുവോണനാളിലെത്തും. ഇന്നത്തെ പാച്ചിലാണു ശരിക്കും പാച്ചിൽ. സദ്യയ്ക്കുള്ള പച്ചക്കറിയും പലചരക്കുമെല്ലാം എത്തിക്കണം.
വിഭവങ്ങൾ എല്ലാം ഉണ്ടെങ്കിലേ ഉണ്ട ഫീൽ ഉണ്ടാകൂ.
അതുകൊണ്ട് വറുത്തുപ്പേരിയും ശർക്കര ഉപ്പേരിയുമടക്കം വാങ്ങണം. ഒന്നും മറന്നുപോകാൻ പാടില്ല.
സാധനങ്ങളുടെ വലിയൊരു ലിസ്റ്റുമായി വീട്ടിൽ നിന്നിറങ്ങിയാൽ എല്ലാം വാങ്ങിയെത്താൻ വൈകും.
പൂക്കളത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. എല്ലാ പൂക്കളും വേണം.
നാടൻ പൂക്കൾ കിട്ടുന്നതെല്ലാം കുട്ടികൾ രാവിലെത്തന്നെ ശേഖരിക്കും. പൂക്കളം ശരിക്കും കളർഫുൾ ആകണമെങ്കിൽ ജമന്തിയും മല്ലിയും റോസും ഡാലിയയുമെല്ലാം വേണമല്ലോ.
അത് പണം കൊടുത്തുതന്നെ വാങ്ങേണ്ട അവസ്ഥയാണ്.
പൂക്കൾക്കു പണം ഇപ്പോഴൊരു പ്രശ്നമല്ല. കാണം വിൽക്കാതെതന്നെ പൂക്കൾ വാങ്ങാം.
കാരണം നാട്ടിലെ ക്ലബ്ബുകാരും റസിഡന്റ്സ് അസോസിയേഷനുകാരുമെല്ലാം ഓണപ്പൂക്കള മത്സരമൊരുക്കുന്നുണ്ട്. നൽകുന്നത് വിലയേറിയ സമ്മാനവും.
മുറ്റത്തെ പൂക്കളം കളർഫുളും ആശയമുള്ളതുമായാൽ സമ്മാനം ഉറപ്പ്.
പ്രധാനനഗരങ്ങളിലെല്ലാം പൂക്കൾവിൽപനയ്ക്കെത്തിയ ഇതരസംസ്ഥാനത്തുള്ളവരാണ്. സ്ത്രീകളും പുരുഷന്മാരുമെല്ലാം പൂവിൽപനയ്ക്കുണ്ട്.
വിൽപന കൂടുന്തോറും അവരുടെ സന്തോഷവും കൂടും. കണ്ണൂർ നഗരം കണ്ടാൽ ഇപ്പോൾ പൂക്കൾ വാരിവിതറിയതുപോലെ തോന്നും.
അത്രയ്ക്കുപൂക്കളാണ് സ്റ്റേഡിയം മുതൽ കാൽടെക്സ് വരെ.
ഓണാഘോഷം കൂടുതൽ വൈബ് ആക്കാൻ മിക്ക വീടുകളിലും ഊഞ്ഞാലുമുണ്ട്. ബന്ധുവീടുകളിൽ പോകുമ്പോൾ സമ്മാനിക്കാനുള്ള വസ്ത്രങ്ങൾ വാങ്ങാനുള്ള തിരക്കാണ് ഇന്നും നാളെയുമുണ്ടാകുക.
ബോണസും ഉത്സവബത്തയുമെല്ലാം ലഭിച്ചതിനാൽ ആഘോഷത്തിനൊരു കുറവുമുണ്ടാകില്ല. എല്ലാം ഒരുക്കിക്കഴിയുമ്പോഴേക്കും തിരുവോണം വാതിലിൽ വന്നുമുട്ടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]