
ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ആധിയില്ല; ഇരിണാവ് പഞ്ചായത്തിലെ വനിതകൾ ആരോഗ്യപാതയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ ഇരിണാവ് പഞ്ചായത്തിലെ വീട്ടമ്മമാർക്ക് ഇപ്പോൾ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ആധിയില്ല. കാരണം നല്ല ആരോഗ്യശീലത്തിന്റെ പാതയിലാണ് എല്ലാവരും. അതറിയാൻ ഇരിണാവ് വനിതാ സംരംഭകത്വ വിപണന കേന്ദ്രം കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വനിതാ ഫിറ്റ്നസ് സെന്ററിലെത്തിയാൽ മതി. പഞ്ചായത്തിലെ 400 സ്ത്രീകളാണ് നിത്യവും ഇവിടെയെത്തുന്നത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്താണ് 35 ലക്ഷം രൂപ ചെലവിൽ ഫിറ്റ്നസ് സെന്റർ തുടങ്ങിയത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക, ശാരീരിക ക്ഷമത ഉയർത്തുക എന്നതിനൊപ്പം സ്വയം പ്രതിരോധത്തിന്റെ പാഠങ്ങളും പകർന്നു നൽകുന്നു.
പൂർണമായും ശീതീകരിച്ച കെട്ടിടത്തിൽ മൾട്ടി ജിം, സ്മിത്ത് മെഷീൻ, ആബ്സ് സ്കോർ, ലെഗ് എക്സ്റ്റൻഷൻ, ലെഗ് കേൾ, സൈക്കിൾ, ട്രെഡ് മിൽ എന്നിങ്ങനെ എല്ലാത്തരം ഫിറ്റ്നസ് മെഷീനുകളും ഉണ്ട്. കുറഞ്ഞ നിരക്കിലുള്ള ഫീസ് മാത്രമാണ് ഈടാക്കുന്നത്. 15 വയസ്സു മുതലുള്ളവർ പരിശീലനത്തിനെത്തുന്നുണ്ട്. രണ്ട് വനിതാ ട്രെയ്നർമാരാണുള്ളത്. എല്ലാ ശനിയാഴ്ചയും സൂംബ പരിശീലനവുമുണ്ട്. സ്റ്റെപ്പർ, എയ്റോബിക്, കാർഡിയോ തുടങ്ങിയ ഗ്രൗണ്ട് വർക്കൗട്ടും നൽകാറുണ്ട്. രാവിലെ 6 മുതൽ 8 വരെയും വൈകുന്നേരം 3 മുതൽ 8 വരെയുമാണ് സമയം.