
മാക്കൂട്ടം ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിരോധനം 6 മുതൽ; 120 കിലോമീറ്റർ അധികം ചുറ്റണം
ഇരിട്ടി ∙ മഴക്കാല ജാഗ്രതയുടെ ഭാഗമായി മാക്കൂട്ടം ചുരം പാത ഉൾപ്പെടെ കുടക് ജില്ലയിലെ റോഡുകളിൽ ജൂൺ 6 മുതൽ ജൂലൈ 5 വരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേഏർപ്പെടുത്തി. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾക്കാണു നിരോധനം.
മടിക്കേരി ഡപ്യൂട്ടി കമ്മിഷനർ (കുടക് കലക്ടർ) വെങ്കട്ടരാജനാണ് ഉത്തരവ് ഇറക്കിയത്. പൊതുഗതാഗത (ബസ്) സംവിധാനങ്ങൾക്കും സ്കൂൾ വാഹനങ്ങളും നിരോധനമില്ല.
തടി, മണൽ തുടങ്ങിയ കയറ്റിയ വാഹനങ്ങൾക്കും കണ്ടെയ്നറുകൾ, ബുള്ളറ്റ് ടാങ്കറുകൾ, ടോറസ് ലോറികൾ, മൾട്ടി ആക്സിൽ ടിപ്പറുകൾ എന്നിവയ്ക്കും നിരോധനമുണ്ട്. 18.5 ടണ്ണിൽ കുറഞ്ഞ അളവിൽ ഇത്തരം വാഹനങ്ങൾ എത്തിയാലും കടത്തി വിടില്ല.
മണ്ണിടിച്ചിൽ ഭീഷണിമൂലമാണ് നടപടി. പച്ചക്കറികൾ പോലുള്ളവ കൊണ്ടുപോകുന്ന സാധാരണ ചരക്ക് വാഹനങ്ങൾക്കും ലോറികൾക്കും പാചകവാതകം, പെട്രോളിയം ഇന്ധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല.
നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ ദുരന്ത നിയമപ്രകാരം കേസെടുക്കുമെന്ന് കലക്ടർ അറിയിച്ചു. എല്ലാ വർഷവും ഇത്തരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
വെള്ളച്ചാട്ടങ്ങളിലോ നദികളിലോ അരുവികളിലോ ഇറങ്ങുന്നതു നിരോധിച്ചും കലക്ടർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 120 കിലോമീറ്റർ അധികം ചുറ്റണം
∙ കുടക് ജില്ലയിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കേരളത്തിലേക്കുള്ള ചരക്കുഗതാഗതം ദുരിതമാകും.
കേരളത്തിലേക്ക് അരി, മുളക് എന്നിവ പ്രധാനമായും എത്തുന്നതു പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു കുടകിലൂടെയുള്ള തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാത വഴിയാണ്. ടോറസ് ലോറികളാണു അധികവും.
ഗതാഗത നിയന്ത്രണം പിൻവലിക്കും വരെ ഈ വാഹനങ്ങൾ മംഗളൂരു വഴിയോ മൈസൂരുവിൽ നിന്നു ഊട്ടി റോഡ് വഴി ഗുണ്ടൽപേട്ട് വഴിയോ വരണം. ഇതിനായി 120 കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കണം.
മണ്ണിടിച്ചിൽ ഭീഷണി ശക്തം
∙ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കുടക് ജില്ലയിൽ കാലവർഷം ദുരിതം നിറഞ്ഞതാണ്. മഴ ശക്തമായാൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള 20 കിലോമീറ്ററോളം ദൂരം നിബിഡ വനത്തിലൂടെയുള്ള ചുരം റോഡാണ്. ഇക്കുറി മഴ ആരംഭിച്ചശേഷം 5 ഇടത്ത് മരം വീണു.
അഗാധമായ കൊല്ലികളും താഴ്വാരങ്ങളും കൊടുവളവുകളും ഉള്ള ഈ പാതയിൽ റോഡിലേക്ക് ചാഞ്ഞ നിലയിൽ നൂറുകണക്കിനു മരങ്ങൾ ഉണ്ട്. ബ്രഹ്മഗിരി വന്യജീവി സങ്കേതം മേഖലയിൽ പെടുന്നതിനാൽ മരങ്ങൾ മുറിക്കാനും തടസ്സമുണ്ട്.
2018ൽ പ്രളയമുണ്ടായപ്പോൾ 99 സ്ഥലങ്ങളിലാണു ചുരം പാതയിൽ മണ്ണിടിഞ്ഞത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണ് കേരള ആർടിസി ഡ്രൈവർ ഉൾപ്പെടെ മരിച്ച അപകടങ്ങളും ഈ പാതയിൽ ഉണ്ടായിട്ടുണ്ട്.
20 കിലോമീറ്റർ ദൂരം വനമേഖലയായതിനാൽ രക്ഷാപ്രവർത്തനത്തിന് ഇരിട്ടിയിൽ നിന്നോ വീരാജ്പേട്ടിൽ നിന്നോ അഗ്നിരക്ഷാസേന എത്തണമെന്നതും പ്രതിസന്ധിയാണ്. പ്രദേശത്ത് മൊബൈൽ ഫോൺ റേഞ്ച് പോലും ലഭിക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]