കോളയാട് ∙ പാലം കാത്തു നാട്ടുകാർ, പരാതി കേൾക്കാതെ അധികൃതർ. കണ്ണവം വനത്തിലെ ഉരുൾപൊട്ടലിനെത്തുടർന്നു തകർന്നു വീണ എടയാർ നടപ്പാലത്തിനു പകരം ഇതുവരെയും പുതിയ പാലം നിർമിച്ചിട്ടില്ല. പാലം വേണമെന്ന ആവശ്യവുമായി ഒട്ടേറെത്തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലിലാണ് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള നടപ്പാലം പൂർണമായും തകർന്നുവീണത്. നടപ്പാലം തകർന്നതോടെ നാട്ടുകാരുടെ കൂട്ടായ്മയിൽ 1.75 ലക്ഷം രൂപ ചെലവഴിച്ചു തൂക്കുപാലം നിർമിച്ചു.
ഈ തൂക്കുപാലത്തിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര. തകർന്ന നടപ്പാലത്തിൽ നിന്ന് 100 മീറ്റർ മാറി എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ, കമുക്, കമ്പി, ഇരുമ്പ് പൈപ്പ്, മരപ്പലക എന്നിവ ഉപയോഗിച്ച് 50 മീറ്റർ നീളത്തിൽ നിർമിച്ച തൂക്കുപാലം അഞ്ച് ദിവസം കൊണ്ടാണു പണിതത്.പാലത്തിന്റെ എടയാർ ഭാഗം കോളയാട് പഞ്ചായത്തിലും മറുഭാഗം ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലുമാണ്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പന്ന്യോട് മുതൽ എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം വരെ മണ്ണ് റോഡുണ്ട്. എടയാർ വിഷ്ണു ക്ഷേത്രത്തിലേക്കുള്ള ഭക്തരും ഈ പാലമാണ് ഉപയോഗിക്കുന്നത്.
നടപ്പാലം തകർന്നിട്ട് വർഷങ്ങൾ
അഞ്ചു വർഷം മുൻപുണ്ടായ പ്രളയത്തിലാണ് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം പുഴയ്ക്കു കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം തകർന്നു തുടങ്ങിയത്.
നടപ്പാലത്തിന്റെ ചങ്ങല ഗേറ്റ് ഭാഗത്തുള്ള തൂണ് തകർന്നതോടെ പാലത്തിലേക്കുള്ള വഴി ഉൾപ്പെടെ ഒലിച്ചുപോയി. തുടർന്ന്, നാട്ടുകാർ മരത്തടികളും പലകകളും ഉപയോഗിച്ചു പാലത്തിലേക്കു കോണി നിർമിച്ചു യാത്ര തുടർന്നു.
എല്ലാ വർഷവും മഴക്കാലത്ത് ഈ കോണി ഒലിച്ചു പോകുന്നതു പതിവാണ്. മഴ കഴിഞ്ഞാൽ വീണ്ടും പാലം നിർമിച്ചു വേണം ഇതിലെ യാത്ര ചെയ്യാൻ.
കഴിഞ്ഞവർഷം ജൂൺ മുപ്പതിനു കണ്ണവം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലാണു നടപ്പാലം പൂർണമായും തകർന്നത്.
ഒറ്റപ്പെടുന്ന കുടുംബങ്ങൾ
പന്ന്യോട്, ചെന്നപ്പൊയിൽ, നരിക്കോട് മല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ കോളയാട്, കണ്ണവം പ്രദേശങ്ങളിൽ എത്താൻ വേണ്ടിയാണ് 1992ൽ കോൺക്രീറ്റ് നടപ്പാലം നിർമിച്ചത്. നടപ്പാലം തകർന്നതോടെ ഒറ്റപ്പെട്ട
ട്രൈബൽ മേഖലയായ പന്ന്യോട്, ചെന്നപ്പൊയിൽ പ്രദേശവാസികളാണു യാത്രാദുരിതത്തിനു പരിഹാരമായി താൽക്കാലിക തൂക്കുപാലം നിർമിച്ചത്.
പന്ന്യോട് പ്രദേശത്ത് 112 വീടുകളാണുള്ളത്. പ്രദേശത്തെ നൂറിലധികം വിദ്യാർഥികൾ കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ് പ്രദേശങ്ങളിലെ സ്കൂളുകളിലാണു പഠിക്കുന്നത്. പന്ന്യോട്, ചെന്നപ്പൊയിൽ, നരിക്കോട് മല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ കോളയാട്, കണ്ണവം പ്രദേശങ്ങളിൽ എത്താം.
പുഴയ്ക്ക് അക്കരെയുള്ള എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലേക്കു പോകുന്നവരുടെയും പരിസരത്തെ 10 വീട്ടുകാരുടെയും ഏക ആശ്രയമാണു നടപ്പാലം.വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം ഗതാഗത സൗകര്യത്തോടു കൂടെയുള്ള കോൺക്രീറ്റ് പാലം. എന്നാൽ, ആവശ്യം അധികൃതർ കേട്ടമട്ടില്ല.
റോഡ് നവീകരിക്കണം
നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്ന് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം വരെ മണ്ണ് റോഡുകൾ ഉണ്ട്.
ഇവിടെ പാലം നിർമിക്കുന്നതിനു ഒപ്പം ഈ മണ്ണ് റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിക്കുകയും ചെയ്യണം. പന്ന്യോട് നിന്നു നരിക്കോട് ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണ്.
വർഷങ്ങൾക്കു മുൻപ് കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക വിനിയോഗിച്ച് നിർമിച്ച കല്ല് പാകിയ റോഡും ഒരു വർഷം മുൻപ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് നിർമിച്ച കോൺക്രീറ്റ് റോഡും മാത്രമാണ് ചെറിയ ആശ്വാസം.
കുത്തനെയുള്ള കയറ്റത്തിലെ റോഡ് ഉൾപ്പെടെ തകർന്ന് തരിപ്പണമായ നിലയിലാണ്. റോഡ് തകർന്നതോടെ നാട്ടുകാർ 10 കിലോമീറ്ററോളം ചുറ്റിയാണ് കണ്ണവം ടൗണിൽ എത്തുന്നത്.
ചെന്നപ്പൊയിലിൽ ഉള്ളവർ ഇതിലെ സ്കൂൾ വിദ്യാർഥികളെ വിടാറില്ല. പകരം ചെറുവാഞ്ചേരിക്കു സമീപം ഉള്ള പറമ്പുക്കാവ് വരെ നടന്നുവന്ന് കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടുകയാണ്.
പന്ന്യോട് ഭാഗത്തെ കുട്ടികൾ നിലവിൽ സ്കൂൾ ബസ് കയറുന്നത് പൂഴിയോട്, എടയാർ, ചങ്ങല ഗേറ്റ് ഭാഗങ്ങളിൽ നിന്നാണ്. പാലവും റോഡും വരുന്നതോടെ വിദ്യാർഥികളുടെ പ്രശ്നത്തിനും പരിഹാരമാകും.
കല്ലുരുട്ടിത്തോട്ടിലും പാലം വേണം
നരിക്കോട്, വാഴമല നിവാസികൾക്ക് എളുപ്പത്തിൽ കോളയാട്, കണ്ണവം ഭാഗങ്ങളിൽ എത്താൻ കല്ലുരുട്ടിത്തോട് കടക്കണം.
ചെന്നപ്പൊയിൽ നിവാസികൾക്കു പ്രധാന വെല്ലുവിളി തന്നെയാണ് കല്ലുരുട്ടി തോട്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചു വരുന്നതിനാൽ തോടു കടക്കാൻ മാർഗമില്ല.
ഏറെ കാലത്തെ മുറവിളിക്ക് ഒടുവിൽ 20 വർഷം മുൻപ് തോടിനു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലം മൂന്നു മാസം കൊണ്ട് മഴയിൽ തകർന്നു.
തോട്ടിൽ വനം വകുപ്പു നിർമിച്ച പാലത്തിനു സമീപം കോൺക്രീറ്റ് സ്ലാബ് ഇപ്പോഴുമുണ്ട്. ഇതോടെ നാട്ടുകാർ മരത്തടികൾ ഉപയോഗിച്ചു തൂക്കുപാലം നിർമിച്ചു. ഇതും തകർന്നാൽ ഇവിടെ നിന്നു പുറത്തുകടക്കാൻ കഴിയാത്ത സ്ഥിതിയിലാകും. വെള്ളം കുറയുമ്പോൾ റോഡ് സ്വന്തം തുക ഉപയോഗിച്ചു നവീകരിച്ച ശേഷം തോടിനു കുറുകെ വടം വലിച്ചുകെട്ടിയാണു വിദ്യാർഥികൾ ഉൾപ്പെടെ സ്കൂളുകളിലും മറ്റും എത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]