ഇരിക്കൂർ ∙ കല്യാട് ചുങ്കസ്ഥാനത്തെ അഞ്ചാംപുരവീട്ടിൽ സുമതയുടെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ കർണാടക ഹാസൻ ഹനിമന്ദപുരയിലെ പൂജാരി മഞ്ജുനാഥിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു.
സുമതയുടെ മകന്റെ ഭാര്യ കർണാടക ഹുൻസൂർ ബിലിക്കരെയിലെ ദർഷിത കല്യാട്ടെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണവും പണവും മഞ്ജുനാഥിന് കൈമാറിയതായി കണ്ടെത്തിയിരുന്നു. ദർഷിത പിന്നീട് കൊല്ലപ്പെട്ടു.
2 ലക്ഷം രൂപ മഞ്ജുനാഥിൽനിന്നു കണ്ടെത്തിയെങ്കിലും സ്വർണം കണ്ടെത്തിയിട്ടില്ല.
ഓഗസ്റ്റ് 22ന് ആയിരുന്നു കവർച്ച. അന്ന് രാവിലെ ദർഷിത ഹുൻസൂർ ബിലിക്കരെയിലെ സ്വന്തം വീട്ടിലേക്കു പോയി.
മൊഴിയെടുക്കാൻ പോയ പൊലീസ് എത്തും മുൻപേ സാലിഗ്രാമിലെ ലോഡ്ജിൽ ദർഷിത (22) കൊല്ലപ്പെട്ടു. കൊലക്കേസിൽ ദർഷിതയുടെ സുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
കവർച്ച നടന്ന ദിവസം ഉച്ചയ്ക്ക് ദർഷിത 2 ലക്ഷം രൂപ വിരാജ്പേട്ടയിൽ വച്ചു തനിക്കു തന്നതായി സിദ്ധരാജു മൊഴി നൽകിയിരുന്നു.
ബാക്കി പണവും സ്വർണവും സംബന്ധിച്ചു വ്യക്തതയില്ലാത്തതിനെത്തുടർന്നു അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
മോഷണംനടന്നതിനു പിറ്റേന്ന് രാവിലെ 11.30നു ദർഷിത, മഞ്ജുനാഥിനെ കണ്ടതായി സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു. ദർഷിതയുടെ വീട്ടിലെ പ്രേതശല്യം ഒഴിപ്പിക്കാൻ നടത്തിയ പൂജയ്ക്കു പ്രതിഫലമായി തനിക്കു 2 ലക്ഷം രൂപ തന്നതായി നേരത്തേ മഞ്ജുനാഥ് മൊഴിനൽകിയിരുന്നു.
കയ്യുറയും മാസ്കും തൊപ്പിയും ധരിച്ചെത്തിയ മഞ്ജുനാഥിനു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ സ്വർണം, കവർച്ച നടന്ന ദിവസം ഉച്ചകഴിഞ്ഞ് 3നു ബിലിക്കരെ കെഎസ്ആർടിസി സ്റ്റാൻഡിൽവച്ചു കൈമാറുന്ന സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചു.
ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇരിട്ടി ഡിവൈഎസ്പി പി.കെ.ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്ക്വാഡ് അംഗങ്ങളായ കെ.ജെ.ജയദേവ്, കെ.പി.നിജീഷ്, എ.എം.ഷിജോയ്, പി.രതീഷ്, വി.ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]