ഓണപ്പറമ്പ്
നാറാത്ത് പഞ്ചായത്തിലെ ഓണപ്പറമ്പ് എന്ന സ്ഥലനാമത്താൽ പഴയ പൂക്കാലത്തിന്റെ ഓർമകൾ ഇന്നും നിലനിർത്തുകയാണ് നാട്ടുകാർ. ഇവിടെയുള്ള വിശാലമായ പറമ്പ് നിറയെ കാക്കപ്പൂ, തുമ്പ, അരിപ്പൂ, കൃഷ്ണകിരീടം തുടങ്ങിയ പൂക്കളാൽ സമൃദ്ധമായിരുന്നു.
ഓണത്തിനു പൂക്കളമൊരുക്കാൻ നാടുനിറയെ അലയേണ്ടതില്ല, ആവശ്യമായ പൂക്കൾ പറമ്പിലുണ്ടാകുമെന്നു പഴമക്കാർ പറയുന്നു. അക്കാലത്തൊന്നും പൂക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പതിവുണ്ടായിരുന്നില്ല.
പൂക്കളം തീർക്കാൻ നാട്ടുപൂക്കൾ തന്നെ ധാരളമായിരുന്നു.
ആവശ്യത്തിനുള്ള പൂക്കൾ പറിച്ചെടുത്താലും പിന്നെയും ഉണ്ടാകും ഒട്ടേറെ വൈവിധ്യമാർന്ന പൂക്കൾ ഓണപ്പറമ്പിൽ. നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയം, ഓണപ്പറമ്പ് ലക്ഷംവീട് അങ്കണവാടിയും ഓണപ്പറമ്പിലാണ്. പയ്യന്നൂർ കുന്നരുവിലുമുണ്ട് ഓണപ്പറമ്പ്.
ഏഴിമലയും താഴ്വരയും പഴയ കാലത്ത് വിവിധ പൂക്കൾ നിറഞ്ഞ് നിന്നിരുന്ന പ്രദേശമായിരുന്നു. എന്നാലും കുട്ടികൾക്ക് എളുപ്പത്തിൽ പൂ പറിക്കാൻ ചെന്നെത്താവുന്ന സ്ഥലം ഓണപ്പറമ്പായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.
തുമ്പ പൂവും കൃഷ്ണപൂവും അരിപ്പൂവും കോളാമ്പിയും ഹനുമാൻ കിരീടവും തുടങ്ങി വിവിധ നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കാറുണ്ട്. അൽപം മാറി വയലിൽ കാക്കപ്പൂവും.
ഓണക്കുന്ന്
ഓണത്തിന് മുന്നേ ഓണം കയറിയ ഒരു ഗ്രാമമാണ് കരിവെള്ളൂരിലെ ഓണക്കുന്ന്.
പ്രദേശത്തെ ചില ആധാരങ്ങളിൽ ഓണക്കുന്ന് എന്നതിന് പകരം തടുത്തിട്ടകൊവ്വൽ എന്ന പേര് രേഖപ്പെടുത്തിയത് കാണാം. നൂറ്റാണ്ടുകൾക്ക് മുൻപ് വിജയനഗര സാമ്രാജ്യത്തിന്റെ സൈന്യവും ചിറയ്ക്കൽ രാജാവിന്റെ സൈന്യവും ഏറ്റുമുട്ടുകയും വിജയനഗരത്തെ ഇന്നത്തെ ഓണക്കുന്നിൽ വച്ച് തടുത്ത് തോൽപിക്കുകയും ചെയ്തു.
ടിപ്പു സുൽത്താനെയും ചിറക്കൽ സൈന്യം തോൽപിച്ചതായും പറയുന്നു. അതിനാൽ ശത്രുക്കളെ തടുത്തു നിർത്തിയതിനാൽ പ്രദേശം ആദ്യകാലത്ത് തടുത്തിട്ടകൊവ്വൽ എന്നറിയപ്പെടാൻ കാരണമെന്ന് പറയുന്നു.
ഓണക്കുന്ന് എന്ന് പേര് വരാൻ വാദം പലതാണ്.
ഓണംകേറാമൂല എന്ന പ്രയോഗത്തിന്റെ അർഥം കുഗ്രാമം എന്നാണ്. വികസനവും നവോത്ഥാനവും ഉള്ള പ്രദേശമായതിനാൽ ഓണം കയറിയ പ്രദേശമായി.
ഇവിടം കുന്ന് കൂടിയുള്ളതിനാൽ ഓണക്കുന്ന് എന്നും അറിയപ്പെട്ടു. മറ്റൊരു അഭിപ്രായം, ഇവിടെ എല്ലാ ആഴ്ചയിലും കാർഷികചന്ത നടന്നിരുന്നു.
വിളകൾക്കൊപ്പം തീരദേശമേഖലയിൽ നിന്നും ഉണക്കമീൻ കൊണ്ടുവരുമായിരുന്നു. ഉണക്ക് കുന്നുപോലെ കൂട്ടിയിട്ടിരുന്നതുകൊണ്ട് ഓണക്കുന്നായി എന്നും പറയുന്നു.
തിരുവോണപ്പുറം
വിഷ്ണുക്ഷേത്രവും അഗ്രഹാരവും ഉണ്ടായിരുന്ന നാടെന്ന നിലയിൽ എല്ലാ ദിവസവും തിരുവോണംനാൾ പോലെ ആഘോഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് തിരുവോണപ്പുറം എന്നു പറയുന്നതെന്നുമാണ് പേരാവൂരിലെ ഈ നാടിന്റെ ഐതിഹ്യം.ഒരു കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന പ്രദേശമായിരുന്നു.
മഹാവിഷ്ണു ക്ഷേത്രമായിരുന്നു ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്. മലയാള പഞ്ചാംഗം പ്രകാരം തിരുവോണം നാൾ നിശ്ചയിച്ചത് ഈ ഗ്രാമത്തിൽ ആയിരുന്നു എന്നാണു പറയപ്പെടുന്നത്.
ഈ നാൾകുറിക്കൽ കൊട്ടിയൂർ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണെന്നും പറയപ്പെടുന്നു. കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ ആദ്യത്തെ ആരാധനാപൂജ നടത്തുന്നതും പാലമൃത് എന്നറിയപ്പെടുന്ന പഞ്ചഗവ്യം അഭിഷേകം ചെയ്യുന്നതും തിരുവോണം നാളിലാണ്.
പണ്ട് ഇതിന്റെ നാൾ കുറച്ചിരുന്നതും ഇവിടെ വച്ചായിരുന്നു എന്നും പറയപ്പെടുന്നു. ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന വിശേഷ വാദ്യങ്ങൾ, മത്തവിലാസം കൂത്ത്, പൊന്നിൻ ശീവേലി എന്നിവ നടത്തുന്നതും തിരുവോണം നാളിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]