പിണറായി ∙ ‘കാറ്റിനപ്പോൾ 150 കിലോമീറ്റർ വേഗമായിരുന്നു. തിരകൾ ഉയർന്നത് 15 മീറ്ററും.
ഓർക്കാപ്പുറഞ്ഞ് ആഞ്ഞടിച്ച തിരയിൽ പായ്വഞ്ചിയുടെ ഒരുവശം ആകാശത്തേക്കുയർന്നു. കടലിലേക്കു തെറിച്ചുവീഴാതിരിക്കാൻ ഞാൻ പായ്മരത്തിൽ മുറകെപ്പിടിച്ചു.
അടുത്തനിമിഷം ഞാനിരിക്കുന്ന ഭാഗം കടലിലേക്കു താഴ്ത്തി മറ്റൊരു തിര ആഞ്ഞടിച്ചു. കടലിനു നടുവിൽ കുത്തിനിർത്തിയ പോലെയായി വഞ്ചിയപ്പോൾ.
ഞാൻ അതിനു മുകളിൽ കുടുങ്ങിതൂങ്ങിക്കിടക്കുന്നു. പായ്മരത്തിലൂടെ പതിയെ താഴേക്കൂർന്നപ്പോൾ വീണ്ടും തിര.
എനിക്കിറങ്ങാൻ കഴിയുന്നില്ല. പായ്മരത്തിലെ കയറിൽ എന്റെ വാച്ച് ഉടക്കിക്കിടന്നു.
വേദന കടിച്ചമർത്തി ഞാനവിടെ തൂങ്ങിക്കിടന്നു.
കൈക്കു ശരീരഭാരം താങ്ങാനാകുന്നില്ല. പെട്ടെന്നു വാച്ചിന്റെ സ്ട്രാപ് അടർന്നു ഞാൻ നടുവിടിച്ചു താഴേക്കു വീണു.
നടുവൊടിഞ്ഞു ജീവിതത്തിനും മരണത്തിനുമിടയിൽ കിടന്ന ആ 71 മണിക്കൂർ..’ പായ്വഞ്ചിയിൽ ഒറ്റയ്ക്കു ലോകം ചുറ്റിയ ആദ്യ ഏഷ്യക്കാരനായ അഭിലാഷ് ടോമി നടുക്കടലിൽക്കിടന്ന് അനുഭവിച്ച അനിശ്ചിതത്വത്തിന്റെ 71 മണിക്കൂറുകളെക്കുറിച്ചു പറയുമ്പോൾ സദസ്സ് നിശ്ശബ്ദമായി കേൾക്കുകയായിരുന്നു. പിണറായി പെരുമയിൽ ‘പെരുമ ടോക്സി’ൽ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജുമായി മനസ്സു തുറന്നപ്പോഴാണ് 2018ൽ പായ്വഞ്ചിയിലുണ്ടായ അപകടത്തെക്കുറിച്ച് അഭിലാഷ് ടോമി പറഞ്ഞത്. 12 MINUTES AGO 16 MINUTES AGO 16 MINUTES AGO ‘വഞ്ചിപ്പലകയിൽ നടുവിടിച്ചുവീണ ഞാൻ പതിയെ എഴുന്നേറ്റു.
വഞ്ചിയുടെ അകം വൃത്തിയാക്കിയശേഷം എഴുന്നേൽക്കാൻ നോക്കിയപ്പോൾ അനങ്ങാനാവുന്നില്ല. ഇഴഞ്ഞും നിരങ്ങിയും സംഘാടകർക്കു സന്ദേശമയച്ചു.
പാതിബോധത്തിൽ, കൈനീട്ടി ഏന്തിവലിഞ്ഞെടുത്ത ഐസ് ടീ കുടിച്ചും ഛർദ്ദിച്ചും മയങ്ങിയും അർധപ്രാണനായി കിടന്ന ദിവസങ്ങൾ.
71 മണിക്കൂറിനുശേഷമാണു രക്ഷകർ എന്നെ തേടിയെത്തിയത്. നാലു രാജ്യത്തുനിന്നാണ് എന്നെ രക്ഷിക്കാനെത്തിയത്.
16 ദിവസത്തിനുശേഷം ഇന്ത്യയിലെത്തി. 180ാം ദിവസം നട്ടെല്ലിനു ശസ്ത്രക്രിയ ചെയ്തു.
വീൽചെയറിലാണു വീട്ടിലെത്തിയത്. ലോകം ചുറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ ഞാൻ 4 കോടി രൂപയുടെ കടക്കാരനായിരുന്നു.
എന്റെ വഞ്ചി കടലിൽ നഷ്ടപ്പെട്ടു. പക്ഷേ, വീഴാൻ മനസ്സുകൊണ്ടു ഞാൻ തയാറായില്ല.
അടുത്ത യാത്രയെക്കുറിച്ചുള്ള ചിന്തയിലായിരുന്നു അപ്പോഴും. തീവ്രമായ ആ അഭിലാഷം വെറുതെയായില്ല.
എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ഞാനെഴുന്നേറ്റു. നട്ടെല്ലിനു പരുക്കേറ്റ്, നടക്കാൻപോലും കഴിയാത്ത അവസ്ഥയിൽനിന്നെഴുന്നേറ്റതു മനസ്സിന്റെ ബലം കൊണ്ടായിരുന്നു.
വാശിയോടെ വീണ്ടും യാത്ര ചെയ്തു.
‘ഗോൾഡൻ ഗ്ലോബ് റെയ്സ്’ പായ്വഞ്ചിയോട്ടം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യക്കാരനായി’– വിജയത്തിരമാലയടിച്ച സന്തോഷത്തോടെ അഭിലാഷ് ടോമി പറഞ്ഞുനിർത്തുമ്പോൾ സദസ്സിൽനിന്നുയർന്നത് ചെറുകടലിരമ്പം പോലെയുള്ള കയ്യടി.അഭിലാഷ് ടോമിയുടെ മനസ്സറിഞ്ഞായിരുന്നു കമ്മിഷണർ പി.നിധിൻരാജിന്റെ ചോദ്യങ്ങളും. ജില്ലയിലെ സ്കൂൾ, കോളജുകളിൽനിന്നെത്തിയ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും അഭിലാഷ് ടോമി മറുപടി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

