ഇരിട്ടി ∙ ഒരാഴ്ചയായി പുലിയുടെ സാന്നിധ്യം ആശങ്ക തീർത്ത ചതിരൂർ, നീലായ്മല ഗ്രാമങ്ങളിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ചതിരൂരിലും നിലായിലും പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിലായി ഓരോ ക്യാമറകളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിട്ടുള്ളത്.
ദൃശ്യങ്ങൾ ലഭിച്ചാൽ പിന്നീട് കൂടുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പുലിഭീതി ഒഴിയുന്നതുവരെ വനം വകുപ്പ് പട്രോളിങ് തുടരും. നേരത്തേ പുലി സാന്നിധ്യം പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ 2 ദിവസങ്ങളിലായി പ്രദേശവാസികളായ റോബിൻസ്, തോമസ് എന്നിവർ പുലിയെ നേരിൽകണ്ടതോടെയാണ് നടപടികൾ ഊർജിതമാക്കിയത്.
ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭയുടെ അധ്യക്ഷതയിൽ പ്രദേശവാസികൾ, ജനപ്രതിനിധികൾ, വനം–പൊലീസ് പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ചുണ്ടംതടത്തിൽ ബിനോയി, പുതുപ്പറമ്പിൽ തങ്കച്ചൻ എന്നിവരുടെ വളർത്തുനായ്ക്കളെയും പുലി പിടികൂടിയതായി ഗ്രാമവാസികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷവും ഇതേസമയത്തു നീലായ് പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു.
വളർത്തുനായയെ പിടികൂടുകയും ദിവസങ്ങളോളം പ്രദേശത്ത് തമ്പടിക്കുകയും ചെയ്തു. ക്യാമറയിൽ ദൃശ്യം പതിഞ്ഞതിനെത്തുടർന്നു പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും വീണില്ല.
പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി വേണമെന്നും ജനകീയ യോഗം ആവശ്യപ്പെട്ടു.
അടിക്കാട് വെട്ടണം, സോളർ തൂക്കുവേലി കാര്യക്ഷമമാക്കണം
നിലായ് മേഖലയിൽ വന്യമൃഗങ്ങൾ തമ്പടിച്ചാൽ മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധം വളർന്നിട്ടുള്ള അടിക്കാട് വനംവകുപ്പ് നേതൃത്വത്തിൽ വെട്ടിത്തെളിക്കണമെന്നു പ്രദേശവാസികൾ പഞ്ചായത്ത് വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ വനം വകുപ്പ് പുലി ഭീഷണി ഉണ്ടായപ്പോൾ കാട് വെട്ടിത്തെളിച്ചിരുന്നു. പ്രദേശത്തെ സോളർ തൂക്കുവേലി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കണം.ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, അംഗങ്ങളായ ജോർജ് ആലാംപള്ളി, എ.ഷഹീർ, റഹിയാനത്ത് സുബി, കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.എൻ.രമേശൻ, ആറളം എസ്ഐ എൻ.രാജീവൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

