ചെറുപുഴ ∙ 5 മണിക്കൂർ നീണ്ടുനിന്ന കഠിനപ്രയത്നത്തിനു ഒടുവിൽ കിണറ്റിൽ വീണു ചത്ത കാട്ടാനക്കുട്ടിയുടെ ജഡം പുറത്തെടുത്തു. ഇന്നലെ രാവിലെ 8ന് ആരംഭിച്ച ശ്രമം ഉച്ചയ്ക്ക് ഒരു മണിയോടെയാണു പൂർത്തിയായത്. രാവിലെ തന്നെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നു നടത്തിയ പ്രയത്നത്തിന് ഒടുവിലാണു ജഡം കിണറ്റിൽ നിന്നു പുറത്തെടുക്കാനായത്. ജഡം പുറത്തെടുക്കാൻ നടത്തിയ ആദ്യ ശ്രമം പരാജയപ്പെടുകയായിരുന്നു. കയർ പൊട്ടി ആനക്കുട്ടിയുടെ ജഡം വീണ്ടും കിണറ്റിലേക്ക് തന്നെ വീണു.
തുടർന്നു മണ്ണുമാന്തി യന്ത്രത്തിലെ റോപ്പ് ഉപയോഗിച്ചാണു ജഡം പുറത്തെടുത്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണു ജോസ്ഗിരി മരുതുംതട്ടിലെ പള്ളിക്കുന്നേൽ മഹേഷിന്റെ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടാനക്കുട്ടി വീണത്.
കിണറ്റിൽ പൈപ്പിട്ടാണു മഹേഷും അയൽവാസികളും വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച പൈപ്പിലൂടെ ചുവന്ന വെള്ളം വന്നതിനെ തുടർന്നു മഹേഷ് കിണറ്റിൽ വന്നു നോക്കിയപ്പോഴാണു ആനക്കുട്ടിയെ ചത്തനിലയിൽ കണ്ടത്.
തുടർന്നു അധികൃതരെ വിവരം അറിയിച്ചു. എന്നാൽ രാത്രിയായതിനാൽ ആനക്കുട്ടിയുടെ ജഡം പുറത്തു എടുക്കുന്നത് ഇന്നലേക്ക് മാറ്റുകയായിരുന്നു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ചു. ചത്ത ആനക്കുട്ടിയ്ക്ക് ഒരു വയസ്സിൽ താഴെ മാത്രമേ പ്രായമുള്ളൂ.
തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ചർ സനൂപ് കൃഷ്ണൻ, ഫോറസ്റ്റർ എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിജേഷ്, ഷാഫി, നികേഷ്, സൗമ്യ, ഷമീന, സുജിത്, മുകേഷ്, ആർആർടി ഡപ്യൂട്ടി റെയ്ഞ്ചർ ഷൈനി കുമാർ, പെരിങ്ങോം അഗ്നിശമന കേന്ദ്രം ജീവനക്കാരായ ഐ.ഷാജീവ്, എം.ജയേഷ്കുമാർ പി.ജയേഷ്, നൗഫൽ, കെ.മനോജ്കുമാർ, രവീന്ദ്രൻ, സിവിൽ ഡിഫൻസ് അംഗം എൻ.വി.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ആനക്കുട്ടിയുടെ ജഡം കിണറ്റിൽ നിന്നു പുറത്തെടുത്തത്.
തുടർന്നു ചെറുപുഴ വെറ്ററിനറി സർജൻ ഡോ.ജിബിൻ പന്തപ്പള്ളി ആനക്കുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി പ്രദേശത്തു തന്നെ മറവ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

