കണ്ണൂർ ∙ കടലിൽനിന്നു പിടികൂടിയ വളർച്ചയെത്താത്ത മത്തിയുമായെത്തിയ 30 ചെറുവള്ളങ്ങൾ ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. 10 സെന്റീമീറ്ററിൽ താഴെ വലുപ്പമുള്ള മത്തിയുമായെത്തിയ വള്ളങ്ങളാണ് ആയിക്കരയിലും തലശ്ശേരി ചാലിൽ ഗോപാലപേട്ട
ഫിഷ് ലാൻഡിങ് സെന്ററിലും പിടികൂടിയത്. ഫൈബർ വള്ളത്തിൽ വിൽപനയ്ക്കെത്തിച്ച 600 കിലോഗ്രാം മത്തിയാണു പിടിച്ചെടുത്തത്.
ഇതു പിന്നീടു ഫിഷറീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കടലിൽ തള്ളി. പിടിച്ചെടുക്കാവുന്ന മീനുകൾക്കു നിയമാനുസൃത വലുപ്പമുണ്ടെന്നും അതിൽ താഴെയുള്ളതു പിടികൂടുന്നതു വ്യാപകമായപ്പോഴാണു പരിശോധന കർശനമാക്കിയതെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വലയിലാകുന്ന മീനുകൾക്കു നിയമാനുസൃത വലുപ്പമില്ലെങ്കിൽ ഉടൻതന്നെ കടലിൽ തള്ളണമെന്നും കരയിലെത്തിച്ചാൽ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഉച്ചയോടെയാണു തലശ്ശേരി ചാലിൽ ഗോപാലപേട്ട ഫിഷ് ലാൻഡിങ് സെന്ററിൽ പരിശോധന നടത്തി മീൻ പിടികൂടിയത്.
ഇവിടെ 29 വള്ളങ്ങളിൽനിന്നാണു മീൻ പിടിച്ചെടുത്തത്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ കടലിൽനിന്ന് ഇപ്പോൾ കൂടുതലും ലഭിക്കുന്നതു ചെറിയ മീനുകളാണെന്നും വലയിലായ ശേഷമേ അതു മനസ്സിലാകൂവെന്നുമാണു വള്ളം ഉടമകൾ പറയുന്നത്. മറ്റു ജില്ലകളിലൊന്നുമില്ലാത്ത കർശന പരിശോധനയാണു കണ്ണൂരിൽ നടക്കുന്നതെന്നും വള്ളം ഉടമകൾ ആരോപിച്ചു.
മത്തി വലുതാകാത്തതിന് ഞങ്ങളോ കുറ്റക്കാർ
‘‘വലയിലാകുന്നതു ചെറിയ മത്തിയാണ്.
അതിനു ഞങ്ങളെന്തു പിഴച്ചു?’’ പൊലീസ് പിടികൂടിയ ചെറുവള്ളത്തിന്റെ ഉടമയുടെ ചോദ്യമാണ്. ‘‘ട്രോളിങ് നിരോധനം കഴിഞ്ഞു കടലിൽ പോയതു മുതൽ ചെറുമത്തിയാണു ലഭിക്കുന്നത്.
ചിലപ്പോൾ മാത്രമേ 10 സെന്റീമീറ്ററിൽ അധികമുള്ള മത്തി ലഭിക്കുന്നുള്ളൂ. കടലിലെ എന്തോ പ്രതിഭാസം കാരണമാണു മത്തി വലുതാകാത്തതെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
വലയിൽ കിട്ടുന്ന മീനുമായി കരയ്ക്കു വരികയല്ലാതെ ഞങ്ങളെന്തു ചെയ്യും’’– വള്ളവുടമ ചോദിച്ചു.
രണ്ടുപേർ ജോലി ചെയ്യുന്ന ചെറുവള്ളം കടലിൽ പോകുന്നതിന് 5000 രൂപ വരെ ചെലവുണ്ട്. ക്യാമറയുടെ സഹായത്തോടെയാണ് ഇപ്പോൾ മീൻ കണ്ടെത്തുന്നതും പിടികൂടുന്നതും.
വലയിലായാൽ മാത്രമേ ഇവയുടെ വലുപ്പം മനസ്സിലാകൂ. അപ്പോൾ കിട്ടുന്ന മീനുമായി കരയ്ക്കെത്തും.
അല്ലാതെ കടലിൽവച്ച് അളന്നുനോക്കാൻ കഴിയില്ലല്ലോ’’– വള്ളവുടമ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]