തളിപ്പറമ്പ് ∙ കുറ്റിക്കോൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കർ ലോറിയിൽനിന്ന് 2 തവണ ഓക്സിജൻ വാതകം ചോർന്നത് പരിഭ്രാന്തി പരത്തി.
അപകടകാരിയല്ലെങ്കിലും വെളുത്ത നിറത്തിലുള്ള പുക പുറത്തേക്ക് വ്യാപിച്ചതോടെയാണ് സമീപവാസികൾ പരിഭ്രാന്തരായത്. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് 2 തവണയും ചോർച്ച അടച്ചത്.
ലോറിയിൽ വാഹന ഉടമകളുടെ ഫോൺ നമ്പർ ഇല്ലാത്തതും പ്രശ്നമായി.
കാസർകോട് നിന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ഓക്സിജനുമായി എത്തിയതായിരുന്നു ടാങ്കർ ലോറി. ആശുപത്രിയിലെ സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ച ശേഷം ലോറിയുടെ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം വൈകിട്ട് കുറ്റിക്കോലിൽ ദേശീയപാതയോരത്തുള്ള വർക്ഷോപ്പിൽ എത്തിച്ചിരുന്നു.
തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ പോവുകയും ചെയ്തു. വൈകിട്ട് ലോറിയിൽനിന്ന് വെളുത്ത നിറത്തിലുള്ള പുക പുറത്തുവരുന്നതു കണ്ട് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാസേന എത്തി ചോർച്ച അടച്ചു.
എന്നാൽ ഇന്നലെ രാവിലെ 7.30ന് വീണ്ടും ലോറിയിൽനിന്ന് ഓക്സിജൻ പുറത്തുവന്നു. വീണ്ടും തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രം സ്റ്റേഷൻ ഓഫിസർ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ എഴുതിയിട്ടില്ലെന്ന് കണ്ടത്.
തുടർന്ന് വർക്ഷോപ്പ് ഉടമയെ വിളിച്ചുവരുത്തിയാണ് ഇവരുടെ ഫോൺ നമ്പർ വാങ്ങി പ്രശ്നം പരിഹരിച്ചത്. ആശുപത്രിയിൽ നിറച്ചതിനുശേഷം ലോറിയിൽ ബാക്കിയായ വാതകമാണ് ചോർന്നതെന്ന് അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]