മട്ടന്നൂർ ∙ കണ്ണൂർ വിമാനത്താവളത്തിനുവേണ്ടി മൂന്നാംഘട്ട സ്ഥലമെടുപ്പിൽ കുടിയൊഴിയേണ്ടിവന്ന കുടുംബങ്ങൾക്കു നൽകിയ പുനരധിവാസ ഭൂമിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല.
ഭൂഉടമകൾ സമരത്തിന് ഒരുങ്ങുന്നു. കീഴല്ലൂർ വില്ലേജിലെ കൊതേരി ദേശത്തുള്ള 60 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
വിമാനത്താവളത്തിന്റെ റൺവേയുടെ അറ്റത്ത് സിഗ്നൽ ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നതിനാണ് മൂന്നാംഘട്ടമായി സ്ഥലമെടുപ്പ് നടത്തിയത്. മുഴുവൻ പേരും കുടിയൊഴിയാത്തതിനാൽ നിർമാണം നടത്താൻ കിയാലിനു സാധിക്കുന്നില്ല.
വീടും സ്ഥലവും വിട്ടുകൊടുത്തവർക്ക് 10 സെന്റ് സ്ഥലം വീതം വീടിനായി അനുവദിച്ചിരുന്നു. കീഴല്ലൂർ പഞ്ചായത്തിൽപെട്ട
കൊക്കയിൽ പ്രദേശത്താണ് സ്ഥലം നൽകിയത്.
ഇവിടേക്ക് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുകാരണം വീടുപണിയാൻ കഴിയുന്നില്ലെന്ന് ഉടമകൾ പറയുന്നു. റോഡ്, വൈദ്യുതി, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം.
7 വർഷമായിട്ടും നടപടികൾ നീങ്ങിയില്ല. 3 മീറ്റർ വീതിയിൽ റോഡ് നിർമിക്കുമെന്നു പറഞ്ഞെങ്കിലും നിർമിച്ചില്ല.
കുടിയൊഴിഞ്ഞ കുടുംബങ്ങളിൽ ഒരാൾക്കുവീതം വിമാനത്താവളത്തിൽ ജോലി നൽകുമെന്ന് പുനരധിവാസ പാക്കേജിൽ ഉണ്ടെങ്കിലും യുവാക്കൾ ജോലിക്കായി കാത്തിരിക്കുന്നു. പലതവണ നിവേദനം നൽകിയിട്ടും അനുകൂല നടപടി ഉണ്ടായില്ല.
ഭൂഉടമകൾ രണ്ടുമാസം മുൻപ് ഇതു സംബന്ധിച്ച് കിയാൽ അധികൃതർക്കും കീഴല്ലൂർ പഞ്ചായത്തിനും നിവേദനം നൽകിയെങ്കിലും നടപടികളില്ല.
മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ നൽകിയ നിവേദനത്തിനും അനുകൂല നിലപാടില്ല. പുനരധിവാസ ഭൂമിയിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഫണ്ട് അനുവദിക്കാത്തതു കൊണ്ടാണ് നിർമാണം വൈകുന്നതെന്നാണ് കിൻഫ്ര അധികൃതരുടെ മറുപടി.
പുനരധിവാസ പാക്കേജ് നടപ്പാക്കണം: സിപിഐ
കണ്ണൂർ വിമാനത്താവളത്തിന്റെ സിഗ്നൽ ലൈറ്റിങ് സ്ഥാപിക്കുന്നതിനു വേണ്ടി മൂന്നാംഘട്ടമായി ഏറ്റെടുത്ത ഭൂമിയിൽനിന്നു കുടിയൊഴിയേണ്ടിവന്നവരുടെ പ്രയാസങ്ങൾ പരിഹരിക്കണമെന്നും സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കണമെന്നും സിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കുടിയൊഴിഞ്ഞവരുമായി കിയാലും കിൻഫ്രയും ഉണ്ടാക്കിയ വ്യവസ്ഥകൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്കു നീങ്ങേണ്ടിവരുമെന്നും മണ്ഡലം സെക്രട്ടറി സി.എച്ച്.വത്സലൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]