ജില്ലയിലെ ദേശീയപാത നിർമാണ മേഖലകൾ യാത്രക്കാർക്ക് ദുരിതകേന്ദ്രമാകുന്നു. ബസ് കാത്തുനിൽക്കുന്നവരുടെ ദുരിതത്തിന് പരിഹാരം ഇനിയും അകലെ തന്നെ.
കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ പലയിടത്തും വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ് യാത്രക്കാർ.
വാഹനങ്ങൾ ചീറി പായുമ്പോൾ, റോഡരികിൽ സുരക്ഷിതമല്ലാതെ നിൽക്കേണ്ട ദുരിതാവസ്ഥയിലാണ് ജനം.
സർവീസ് റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിച്ച് കൃത്യമായ ബസ് കാത്തിരിപ്പു കേന്ദ്രം ഒരുക്കണമെന്നാണ് ആവശ്യം.
ഏഴിലോട് – കോരൻപീടിക ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതായിട്ട് വർഷങ്ങൾ
പരിയാരം ∙ ദേശീയപാത ഏഴിലോട് മുതൽ കോരൻപീടിക വരെ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാതായിട്ട് വർഷങ്ങളായി. ദേശീയപാത നിർമാണത്തോടനുബന്ധിച്ച്, ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റുകയായിരുന്നു. ഏഴിലോട് മേൽഭാഗത്ത് കൂടിയാണ് പലപ്പോഴും ബസുകൾ പോകുന്നത്.
ബസുകൾ പലയിടത്തും നിർത്തുന്നതിനാൽ ബസ് ഇറങ്ങി ടൗണിലേക്ക് കുറെ ദൂരം നടക്കണം. മഴയത്ത് മാറിനിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
പിലാത്തറയിൽ കട
വരാന്തകളാണു യാത്രക്കാർക്ക് ആശ്രയം. പരിയാരം ഗവ.
മെഡിക്കൽ കോളജ് കാവാടത്തിന് സമീപമാണ് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. പരിയാരത്ത് ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതിനാൽ രോഗികൾ അടക്കമുള്ള യാത്രക്കാർ ഏറെ പ്രയാസത്തിലാണ്. ഇടുങ്ങിയ സർവീസ് റോഡരികിൽ ബസ് കയറാൻ കാത്തുനിൽക്കുന്നത് യാത്രക്കാർക്കു അപകട
ഭീഷണിയാണ്. വിളയാങ്കോട്, എമ്പേറ്റ്, പരിയാരം സ്കൂൾ പരിസരം, കോരൻ പീടിക എന്നിവിടങ്ങളിലും ബസ് കാത്തിരിപ്പു കേന്ദ്രമില്ല.
പയ്യന്നൂർ വിദ്യാർഥികൾക്കും ദുരിതം
പയ്യന്നൂർ∙ ദേശീയപാതയിൽ വെള്ളൂർ ആൽ, വെള്ളൂർ സ്കൂൾ, വെള്ളൂർ ബാങ്ക്, പയ്യന്നൂർ കോളജ്, കേന്ദ്രീയ വിദ്യാലയം, ഏഴിലോട് സ്റ്റോപ്പുകളിൽ ബസ് കാത്തു നിൽക്കുന്നവരുടെ ദുരിതം ചെറുതല്ല. മഴയും വെയിലും കൊണ്ടാണ് യാത്രക്കാരുടെ ബസ് കാത്തുനിൽപ്പ്.
ഇതിൽ ഏറ്റവും ദുരിതം വെള്ളൂർ സ്കൂൾ വിദ്യാർഥികൾക്കാണ്. ഇവർ ദേശീയപാത കടന്നുവേണം പയ്യന്നൂർ ഭാഗത്തേക്കുള്ള ബസിൽ കയറാൻ.
ബസ് ഇറങ്ങിയാലും ഇവർക്ക് ദേശീയപാത കടന്നു മാത്രമേ സ്കൂളിലേക്ക് പോകാനാവൂ.
ദേശീയപാതയിൽ ഭൂരിഭാഗവും ടൗൺ ടു ടൗൺ ബസുകളാണ്. ഈ ബസുകളും കണ്ണൂർ – കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും ഈ സ്റ്റോപ്പുകളിൽ നിർത്താറില്ല. അതുകൊണ്ട് തന്നെ വല്ലപ്പോഴും വരുന്ന ഓർഡിനറി ബസുകളെ വെയിലും മഴയും കൊണ്ട് ഏറെ നേരം കാത്ത് നിൽക്കേണ്ട
അവസ്ഥയിലാണ് യാത്രക്കാർ.
പാപ്പിനിശ്ശേരി അരികിൽ അപകടം
പാപ്പിനിശ്ശേരി∙ ദേശീയപാത നിർമാണം നടക്കുന്ന കല്യാശ്ശേരി, കീച്ചേരി, മാങ്ങാട് എന്നിവിടങ്ങളിൽ ജീവൻ അപകടത്തിലാകുന്ന നിലയിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. കല്യാശ്ശേരിയിൽ നിന്നു കണ്ണൂരിലേക്കുള്ള ബസ് കയറണമെങ്കിൽ നിർമാണം നടക്കുന്ന റോഡിനു നടുക്കുകയറി നിൽക്കണം.
എവിടെ ബസ് നിർത്തുമെന്നു ഒരു നിശ്ചയവുമില്ല. ദേശീയപാത നിർമാണം തുടങ്ങിയതോടെ ഹാജിമൊട്ട, കല്യാശ്ശേരി സ്കൂൾ എന്നീ ബസ് സ്റ്റോപ്പുകൾ ഒന്നായി.
തളിപ്പറമ്പിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും അനിശ്ചിതത്വത്തിലാണ്.
വെയിൽ, മഴ കൊള്ളാതിരിക്കാൻ താൽക്കാലികമായി കെട്ടിയ ഷീറ്റ് കാറ്റെടുത്തു പോയി. പാപ്പിനിശ്ശേരി വേളാപുരത്ത് ബസ് കിട്ടണമെങ്കിൽ നടപ്പാതയിലേക്ക് കയറി നിൽക്കണം.
നിർമാണം നടക്കുന്ന മിക്കയിടങ്ങളിലും ബസിനും കോൺക്രീറ്റ് ഭിത്തിക്കും ഇടയിൽപ്പെട്ടു അപകടത്തിനിടയാകുമെന്ന ഭീതിയിലാണ് യാത്രക്കാർ.
തളിപ്പറമ്പ് കൾവർട്ട് ആശ്വാസം
തളിപ്പറമ്പ്∙ കുപ്പം – എരിപുരം റോഡ് ജംക്ഷനിലെ വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കിയതിനെ തുടർന്ന് കോൺക്രീറ്റ് ബോക്സ് കൾവർട്ടിന്റെ ഭാഗമാണ് ബസ് കാത്തിരിപ്പുകേന്ദ്രമായി ഉപയോഗിക്കുന്നത്. ഇതിൽ കയറി നിന്നാണ് യാത്രക്കാർ മഴയിൽ നിന്നും വെയിലിൽ നിന്നും രക്ഷപ്പെടുന്നത്. റോഡിന് എതിർഭാഗത്ത് പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ തുറന്ന സ്ഥലത്ത് വെയിലും മഴയും കൊണ്ടാണ് ബസ് കാത്തുനിൽക്കുന്നത്.
ധർമശാലയിൽ കെഎപി ക്യാംപ് ഗേറ്റിനു മുന്നിലും യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ സംവിധാനവും ഇല്ല.
പിറകിൽ കെഎപി ക്യാംപിന്റെ ഗേറ്റും ആയതിനാൽ പിറകോട്ട് മാറി നിൽക്കാൻ പോലും സാധിക്കില്ല. സർവീസ് റോഡ് ഓവുചാലിന്റെ സ്ലാബിനു മുകളിലാണ് ബസ് കാത്തു നിൽക്കേണ്ടി വരുന്നത്.
കരിവെള്ളൂർ ബസ് കയറാൻ പെടാപ്പാട്
കരിവെള്ളൂർ ∙ ദേശീയപാതയുടെ നിർമാണം ആരംഭിച്ച സമയത്ത് സർവീസ് റോഡിലൂടെയാണ് ബസുകൾ പോയിരുന്നതെങ്കിൽ ഇപ്പോൾ മിക്ക സ്ഥലത്തും നിർമാണം പൂർത്തിയാകാത്ത പുതിയ ദേശീയപാതയിലൂടെയാണു പോകുന്നത്.
പാതയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. മേൽപാത പൂർത്തിയായ ഇടങ്ങളിൽ ബസ് കയറാൻ മേൽപാത ആരംഭിക്കുന്ന സ്ഥലത്ത് എത്തിച്ചേരണം.
കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങിയവർക്ക് ഈ ദുരിതം താങ്ങാവുന്നതിനും അപ്പുറമാണ്.
നിർമാണം പൂർത്തിയാകാത്ത പാതയിലൂടെ വാഹനങ്ങൾ പലപ്പോഴും അമിത വേഗത്തിലാണ് പോകുന്നത്. ഇത് റോഡരികിൽ നിൽക്കുന്നവർക്കും റോഡ് മുറിച്ചു കടക്കുന്നവർക്കും അപകട ഭീഷണിയാകുന്നു. ഓണക്കുന്ന്, കരിവെള്ളൂർ, പാലക്കുന്ന്, ആണൂർ എന്നിവിടങ്ങളിൽ സ്ഥിതി വ്യത്യസ്തമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]