ആലക്കോട് ∙ 2024 സെപ്റ്റംബർ 1ന് കുവൈത്ത് സമുദ്രാതിർത്തിയിൽ ഉണ്ടായ ഇറാനിയൻ കപ്പലപകടത്തിൽ കാണാതായ വെള്ളാട് കാവുംകുടിയിലെ കോട്ടയിൽ അമൽ സുരേഷിന്റെ (26) കുടുംബത്തിന്റെ മനോവേദനയ്ക്ക് ഇന്ന് ഒരാണ്ട്. എങ്കിലും പ്രതീക്ഷ കൈവിടാതെ ജീവിക്കുകയാണ് മാതാപിതാക്കളായ സുരേഷും ഉഷയും ഏക സഹോദരി അൽഷയും.
അപകടത്തിൽപെട്ട
‘അറബക്തർ’ എന്ന ഇറാൻ വ്യാപാര കപ്പലിലെ ക്യാപ്റ്റൻ ഇറാൻ സ്വദേശി ഹമീദ് ഖന്നയെയും അമലിനൊപ്പം കാണാതായതാണ് കുടുംബത്തിന്റെ പ്രതീക്ഷയ്ക്കു കാരണം. മറൈൻ രംഗത്ത് അനുഭവസമ്പന്നനായ ഹമീദ് ഖന്നയും അമലും സുരക്ഷാബോട്ടിൽ രക്ഷപ്പെട്ട് സമീപ രാജ്യങ്ങളിലെ ഏതെങ്കിലും ജയിലിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നു കുടുംബക്കാർ കരുതുന്നു. ഹമീദ് ഖന്നയെ കണ്ടെത്തുന്നതോടെ തങ്ങളുടെ മകനെയും കണ്ടെത്താനാവുമെന്ന വിശ്വാസമാണ് സുരേഷിനും ഉഷയ്ക്കുമുള്ളത്.
കുവൈത്ത് സമുദ്രാതിർത്തിയിലുണ്ടായ കപ്പൽ അപകടത്തിൽ 2 മലയാളികൾ ഉൾപ്പെടെ ആറുപേരെയാണു കാണാതായിരുന്നത്.
തൃശൂർ കളരിക്കരയിലെ അനീഷ് ഹരിദാസ് അടക്കം നാലുപേരുടെ മൃതദേഹം കണ്ടെത്തി. സെപ്റ്റംബർ അഞ്ചിനാണ് കുവൈത്തിലെ ഇന്ത്യൻ എംബസി അമലിന്റെ വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് മാതാപിതാക്കളുടെ ഡിഎൻഎ സാംപിൾ ആവശ്യപ്പെടുകയും അത് കൈമാറുകയും ചെയ്തിരുന്നു.
കുടുംബം പ്രധാനമന്ത്രിയുടെ ഓഫിസിൽവരെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇന്ത്യൻ സെയ്ലേഴ്സ് യൂണിയൻ ദേശീയ പ്രസിഡന്റ് രവി വിട്ടിലിനൊപ്പം മുംബൈയിലെ ഷിപ്പിങ് ഓഫീസിലെത്തി ചെയർമാൻ ശ്യാം ജഗന്നാഥനും സുരേഷ് നിവേദനം നൽകിയിരുന്നു. 4 ലക്ഷം രൂപ ഏജൻസിക്ക് നൽകിയാണ് അമൽ ജോലിക്കു കയറിയത്. കഴിഞ്ഞ സെപ്റ്റംബറോടെ പരിശീലനം കഴിഞ്ഞ് വലിയ കപ്പലിൽ ജോലി ചെയ്യാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അമലെന്നും നാട്ടിലേക്ക് തിരിച്ചുവരാനിരിക്കെയാണ് അപകടം ഉണ്ടായതെന്നും സുരേഷ് പറഞ്ഞു.
ടാപ്പിങ് തൊഴിലാളിയായ സുരേഷ് ഏറെ കഷ്ടപ്പെട്ടാണ് മകനെ മറൈൻ കോഴ്സ് പഠിപ്പിച്ചത്.
എന്നാൽ ജോലിക്ക് കയറിയ ശേഷം കപ്പൽ കമ്പനി ഒരു രൂപ പോലും വേതനം നൽകിയില്ലെന്ന് സുരേഷ് പറയുന്നു. കമ്പനിയുടെ നടപടികൾ ദുരൂഹമാണെന്നും അദ്ദേഹം പറയുന്നു.
അധികാരികളും ജനപ്രതിനിധികളും കൈവിട്ടതിനാൽ അമലിനെ കണ്ടെത്താനായി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും അതിനുള്ള നടപടി ആരംഭിച്ചുവെന്നും സുരേഷ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]