
ഇരിട്ടി ∙ ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായ പരിപ്പുതോട്–കോട്ടപ്പാറ റോഡിൽ രാത്രിയും പുലർച്ചെയും യാത്രാവിലക്ക്. ദുരന്ത നിവാരണ അധികാരം വിനിയോഗിച്ചാണ് കലക്ടർ അരുൺ കെ.വിജയൻ ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
ബ്ലോക്ക് 13ൽ കൂടി കടന്നുപോകുന്ന ഈ റോഡ് 2 കിലോമീറ്റർ ദൂരം വരുന്നതാണ്. വൈകിട്ട് 5 മുതൽ രാവിലെ 7 വരെയാണ് യാത്രാനിരോധനത്തിന് ശുപാർശ.
ആറളം പുനരധിവാസ മേഖലയിൽ പരിപ്പുതോട്, കോട്ടപ്പാറ മേഖലകളിൽ കാട്ടാനശല്യം അതിശക്തമാണെന്ന് കഴിഞ്ഞ മാസം 26 ലെ ജില്ലാതല സമിതിയിൽ വനം വകുപ്പ് റിപ്പോർട്ട് ചെയ്തതും 28 നു സ്പെഷൽ ബ്രാഞ്ച് കണ്ണൂർ റൂറൽ ഡിവൈഎസ്പി നൽകിയ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് നടപടി. ദുരന്തം ഉണ്ടാകാതിരിക്കാനും പ്രദേശവാസികളുടെ ജീവനു മുൻഗണന നൽകിയുള്ള ഉത്തരവ് വനം വകുപ്പ്, പൊലീസ്, ആറളം ഫാം അധികൃതർ, ഐടിഡിപി എന്നിവർ ചേർന്നു കർശനമായി നടപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അത്യാവശ്യ സാഹചര്യങ്ങളിൽ (രോഗാവസ്ഥ, അടിയന്തര സാഹചര്യങ്ങൾ) മാത്രം പൊലീസ് അനുമതിയോടെ യാത്ര അനുവദിക്കും.
ആറളം പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും കാട്ടാനശല്യം രൂക്ഷമാണ്. 30–40 ആനകൾ പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും ആയി തമ്പടിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതേസമയം കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം ഉറപ്പുവരുത്തുന്നതിനു പകരം യാത്രാവിലക്കുകൂടി ഏർപ്പെടുത്തി പ്രദേശവാസികളുടെ ദുരിതം വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]