
കണ്ണൂർ ∙ പയ്യന്നൂരിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് പാർട്ടി നേതൃത്വത്തിനു പരാതി നൽകിയവർക്കും അതിനെ പിന്തുണച്ചവർക്കുമെതിരെ നടപടിയെടുത്ത് സിപിഎം. ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനു പുറമേ സിഐടിയു നേതാവും സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി ക്ഷണിതാവുമായ പി.വി.കുഞ്ഞപ്പൻ, പയ്യന്നൂർ ഏരിയ സെന്റർ അംഗം കെ.വിജേഷ് എന്നിവർക്കെതിരെയാണു നടപടി.
മൂവരെയും ജില്ലാ കമ്മിറ്റി ശാസിച്ചതായി പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തതായാണു വിവരം. തെറ്റുതിരുത്തൽ പ്രതീക്ഷിച്ച് സിപിഎം നേതൃത്വത്തെ സമീപിച്ച നേതാക്കളാണു നടപടിക്കു വിധേയരായത്. വിഭാഗീയതയുടെ ഭാഗമായി ഇല്ലാത്ത കാര്യങ്ങൾ കുത്തിപ്പൊക്കി മാധ്യമങ്ങളിൽ വാർത്തയാക്കി പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനാണു നടപടി.
പയ്യന്നൂർ സഹകരണ റൂറൽ ബാങ്കിനു കൂടിയ വിലയ്ക്കു ഭൂമി വാങ്ങിയതിൽ ബെനാമി ഇടപാട് ആരോപിച്ചായിരുന്നു പരാതി. കേന്ദ്രകമ്മിറ്റി അംഗത്തിനെതിരെ അപവാദം പ്രചരിപ്പിച്ച് സംശയത്തിന്റെ നിഴലിലാക്കിയെന്ന ആരോപണവും ഇവർക്കെതിരെയുണ്ട്.
കടുത്ത നടപടി വേണമെന്ന ആവശ്യമുയർന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ശാസനയിൽ ഒതുക്കുകയായിരുന്നു.
∙ പരാതികളിൽ കഴമ്പില്ലെന്ന് കമ്മിഷൻ റിപ്പോർട്ട്
സ്ഥലമിടപാട് പാർട്ടി കമ്മിഷൻ അന്വേഷിച്ചെങ്കിലും കഴമ്പില്ലെന്ന റിപ്പോർട്ടാണു സമർപ്പിച്ചത്. പരാതിക്കു പിന്നിൽ പ്രവർത്തിച്ചതു കുഞ്ഞിക്കൃഷ്ണനാണെന്നാണു കണ്ടെത്തൽ.
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണു കുറ്റം . മാധ്യമങ്ങൾക്കു വാർത്ത ചോർത്തിയെന്ന കമ്മിഷൻ കണ്ടെത്തലും നടപടിക്കു കാരണമായി.
റൂറൽ ബാങ്കിനു സ്ഥലം വാങ്ങിയത് മുൻ എംഎൽഎ സി.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ മേൽനോട്ടത്തിലാണെന്നും അതിൽ അംഗങ്ങളായവർ തന്നെ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നതു വിഭാഗീയതയയാണെന്നുമാണു പാർട്ടി വിശദീകരണം.
സ്ഥലമിടപാടിൽ ടി.ഐ.മധുസൂദനൻ എംഎൽഎക്കെതിരെ അടിസ്ഥാന രഹിതമായ പരാതി ഉന്നയിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഇപ്പോൾ നടപടിക്കു വിധേയരാവർക്കു പുറമേ 3 നേതാക്കൾക്കു കൂടി വിഭാഗീയതയിൽ പങ്കുണ്ടെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നെങ്കിലും അവർക്കെതിരെ നടപടിയില്ല.
∙ അച്ചടക്ക നടപടി മുൻപും
ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെ തിരിമറി നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ച വി.കുഞ്ഞിക്കൃഷ്ണനെ നേരത്തേ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിരുന്നു.
ആരോപണ വിധേയനായ ടി.ഐ.മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു തരംതാഴ്ത്തുകയും ചെയ്തു. ഏരിയ–ലോക്കൽ തലത്തിലും ചിലർക്കെതിരെ നടപടിയുണ്ടായി.
കുഞ്ഞിക്കൃഷ്ണനെ മാറ്റിയത് നടപടിയുടെ ഭാഗമല്ലെന്നായിരുന്നു അന്ന് പാർട്ടിയുടെ വിശദീകരണം. പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പിണങ്ങി മാറിനിന്ന കുഞ്ഞിക്കൃഷ്ണനെ ഉന്നതനേതാക്കൾ ഇടപെട്ടാണു തിരിച്ചു കൊണ്ടുവന്നത്.
പിന്നീട് കുഞ്ഞിക്കൃഷ്ണൻ ജില്ലാ കമ്മിറ്റിയിലും മധുസൂദനൻ സെക്രട്ടേറിയറ്റിലും തിരിച്ചെത്തി. അതിനുശേഷം ഉയർന്ന പരാതികൾ അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിന്മേലാണ് ഇപ്പോഴത്തെ നടപടികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]