
കണ്ണൂർ ∙ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ കണ്ണൂരിൽ റെയിൽവേ വികസനത്തിന് ഏറെ സാധ്യതകളുണ്ടെന്ന് കാണിച്ചുതരുന്ന റെയിൽവേ സ്റ്റേഷനാണ് താഴെ ചൊവ്വയ്ക്ക് സമീപത്തെ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ പരിമിതികൾ പരിഹരിക്കുന്ന കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പോലെ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സൗകര്യമില്ലായ്മ പരിഹരിക്കാൻ കെൽപുള്ളതാണ് ഈ സ്റ്റേഷനെങ്കിലും അവഗണനമാത്രമാണ് ബാക്കി.
റോഡിൽ കുരുക്കിലാകില്ല
ജില്ലയിലെ പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന സ്റ്റേഷനുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുന്നതിവിടെയാണ്.
എക്സ്പ്രസ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം വർഷങ്ങളായുണ്ട്. താഴെചൊവ്വ മുതൽ കണ്ണൂർ നഗരം വരെ ദേശീയപാതയിൽ രാവിലെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം നഗരത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലുള്ളവർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്താൻ കഴിയാറില്ല. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കിൽപെടാതെ ഇവർക്ക് ട്രെയിൻ യാത്ര സാധ്യമാകും.
ഈ നിർദേശങ്ങളൊന്നും അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.
കണ്ണൂരിന്റെ കുറവ് നികത്താം
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സ്ഥലങ്ങൾ പാട്ടത്തിന് കൊടുത്തതിനാൽ ഇനി വികസന പ്രവർത്തനം നടത്താൻ പരിമിതിയുണ്ടാകും. കണ്ണൂർ സ്റ്റേഷൻ നേരിടുന്ന അടിസ്ഥാനസൗകര്യക്കുറവ് പരിഹരിക്കാനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും കണ്ണൂർ സൗത്ത് സ്റ്റേഷനെ ഉപയോഗപ്പെടുത്തിയാൽ മതിയാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വൈകിയോടുന്ന ദീർഘവീക്ഷണം
സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി പവർ സ്റ്റേഷൻ നിർമിച്ചിട്ടുള്ളത് ഭാവിയിൽ കൂടുതൽ റെയിൽവേ ലൈനുകൾ സജ്ജീകരിക്കേണ്ട സ്ഥലത്താണ്.
പവർ സ്റ്റേഷൻ നിർമിക്കാൻ സ്റ്റേഷൻ പരിസരത്തുതന്നെ ഒരുപാട് സ്ഥലമുണ്ടായിരിക്കെയാണു ദീർഘവീക്ഷണമില്ലാത്ത ഈ നടപടി.
നിവേദനം നൽകി
ജില്ലയുടെ റെയിൽവേ മേഖലയിൽ വികസനസാധ്യതകൾ ഏറെയുളള കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനെ തിരുവനന്തപുരം കൊച്ചുവേളി മാതൃകയിൽ വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രാദേശികഘടകം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകി.
കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ
.
കണ്ണൂർ സൗത്ത് സ്റ്റേഷന്റെ ഉടമസ്ഥതയിൽ 4 ഏക്കറോളം ഭൂമിയുണ്ട്.
മൂന്നിലധികം റെയിൽ പാളങ്ങൾ നിർമിക്കാനുള്ള സ്ഥലവുമുണ്ട്.
.
കണ്ണൂർ റെയിൽവേയ്ക്ക് ആവശ്യമായ വെള്ളം നൽകുന്ന പമ്പിങ് സ്റ്റേഷൻ, വൈദ്യുത പവർ സ്റ്റേഷൻ എന്നിവയും ഇവിടെയുണ്ട്. നീളം കൂടിയ യാർഡും ഈ സ്റ്റേഷന്റെ പ്രത്യേകഥയാണ്.
.
ദേശീയപാത, വിമാനത്താവളം റോഡ്, സിറ്റി റോഡ് എന്നിവയുടെ സാമീപ്യവും സ്റ്റേഷനുണ്ട്.
വീണില്ലെങ്കിൽ ഭാഗ്യം
.
രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവ് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ അപകടഭീതിയുണ്ടാക്കുന്നുണ്ട്.
ട്രെയിനുകളിലേക്ക് കയറാൻ ഉയരത്തിലേക്ക് ചാടേണ്ട അവസ്ഥയാണ്.
കയറുമ്പോൾ കാൽതെറ്റി വീഴുന്ന സംഭവവങ്ങളും ആവർത്തിക്കുന്നുണ്ട്. വയോധികർക്ക് പരസഹായമില്ലാതെ ട്രെയിനിലേക്ക് കയാറാൻ പറ്റാറില്ല.
.
പ്ലാറ്റ് ഫോമിനു മേൽക്കൂരയുമില്ല.
മഴയും വെയിലും കൊണ്ട് നിൽക്കേണ്ട സാഹചര്യമാണ്.
ഒന്നാം പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നീട്ടുക, രണ്ടാം പ്ലാറ്റ്ഫോമിൽ മേൽക്കൂരയും ഇരിപ്പിടങ്ങളും നിർമിക്കുക, ശുചിമുറികൾ സജ്ജീകരിക്കുക എന്നീ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല.
.
ടിക്കറ്റ് ലഭിക്കാൻ യുപിഐ സംവിധാനം പോലെയുള്ളവ ഉപയോഗിക്കാൻ അധികൃതർ നിർബന്ധിക്കുന്നതായി പരാതിയുണ്ട്. ഇത് സ്മാർട് ഫോൺ പോലുള്ള സൗകര്യമില്ലാത്തവരെ വലയ്ക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]