
ചക്കരക്കൽ ∙ ഗൾഫിലെ സുഹൃത്തിനു കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ ലഹരിമരുന്ന്; 3 പേർ അറസ്റ്റിൽ. ചക്കരക്കൽ കുളംബസാറിൽ കെ.പി.അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി.ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ ഏൽപിച്ചത്. സുഹൃത്ത് ശ്രീലാൽ ജിസിന്റെ കയ്യിൽ ഏൽപിച്ച പാക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോൺ വിളിച്ചതും അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തതുമാണ് സംശയം തോന്നാൻ കാരണമായത്.
തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
മിഥിലാജിന്റെ പിതാവ് ടി.അഹമ്മദിന് തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായമായത്.
നിരന്തരമുള്ള ഫോൺവിളിയിൽ സംശയംതോന്നിയ അഹമ്മദാണ് അച്ചാർകുപ്പി തുറന്നുപരിശോധിക്കാൻ നിർദേശിച്ചത്. പാക്കറ്റിൽ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയിൽനിന്നാണ് പിടികൂടിയതെങ്കിൽ തന്റെ മകൻ ഒരുപക്ഷേ പുറംലോകം തന്നെ കാണില്ലായിരുന്നുവെന്നാണ് അഹമ്മദ് പറയുന്നത്.
സിഐ എം.പി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]