
ബീനാച്ചി എസ്റ്റേറ്റ് പട്ടയ പ്രശ്നം: മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ / കൽപറ്റ ∙ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ബീനാച്ചി എസ്റ്റേറ്റിലെ പട്ടയപ്രശ്നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചൊവ്വാഴ്ച കണ്ണൂർ വി.കെ.കൃഷ്ണ മേനോൻ വനിത കോളജിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ മേഖലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലെ 224.3100 ഹെക്ടര്‍ ഭൂമിയിലെ 64.95 ഹെക്ടറിൽ 1955 മുതല്‍ 160 കർഷക കുടുംബങ്ങള്‍ കയ്യേറി താമസിക്കുകയാണ്. ഈ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് പട്ടയത്തോടെ തിരിച്ച് നല്‍കണമെന്ന വിഷയത്തിലാണ് തീരുമാനം. റവന്യൂ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തി വേഗത്തില്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
∙ ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും
ചീങ്ങേരി മോഡല്‍ ഫാമിലേക്ക് തൊഴിലാളികളെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സ്കീമിലെ മോഡല്‍ ഫാമിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ല്‍ 31 തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്തിരുന്നത്. നിലവില്‍ 11 പട്ടികവര്‍ഗ വിഭാഗക്കാരാണ് ഫാമില്‍ ജോലി ചെയ്യുന്നത്. ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് അധികമായി 100 ഓളം പേര്‍ക്ക് ജോലി ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് – കൃഷി വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് കാര്‍ഷിക വൃത്തി പരിശീലിപ്പിക്കാന്‍ 1958 ലാണ് ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്കീം ഫാം രൂപീകരിച്ചത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരി ഉന്നതിയിലെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കാര്‍ഷിക മേഖലയില്‍ പരിശീലനം നല്കി കാപ്പി, കുരുമുളക് തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് വരുമാനം ഉറപ്പാക്കുകയാണ് ഫാമിലൂടെ ലക്ഷ്യമാക്കിയത്. പ്രദേശത്തെ 526.35 ഏക്കര്‍ ഭൂമിയില്‍ നിന്നും 182 ഏക്കര്‍ കൃഷിതോട്ടം ഒഴിവാക്കി ബാക്കി സ്ഥലം റവന്യു വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ 2005 ഡിസംബര്‍ 20 ന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 182 ഏക്കര്‍ ഭൂമി ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് പതിച്ച് നല്കാന് ടിആര്‍ഡിഎം മിഷന് നല്കി.
ഫാം വികസിപ്പിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ഫാം ഒരു സന്നദ്ധസംഘമായി രജിസ്റ്റര്‍ ചെയ്യണമെന്ന് 2010 ല്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഉത്തരവായിരുന്നു. നിലവില്‍ ഫാമില്‍ റീ-പ്ലാന്റേഷന് നടത്തി ആറളം ഫാം സൊസൈറ്റി മാതൃകയിലോ ജില്ലാ കൃഷി ഫാമായോ മാറ്റാമെന്ന് യോഗത്തില്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനകം 31 തൊഴിലാളികളെ ഫാമില്‍ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫിസര്‍ അറിയിച്ചു.
∙ മരിയനാട് പുനരധിവാസ പദ്ധതി: നഷ്ടപരിഹാരമായി 5 കോടി അനുവദിച്ചു
മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മാത്രമായിരിക്കും തുക വിനിയോഗിക്കുക. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ മരിയനാട് പുനരധിവാസ പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്കാന് ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീയുടെ അധ്യക്ഷതയില്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ് അനുസരിച്ച് ആനുകൂല്യ തുക വിതരണം ചെയ്യും.
തൊഴിലാളികള്‍ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് ബന്ധപ്പെട്ട വകുപ്പ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥിരീകരിക്കണം. തൊഴിലാളികള്‍ ആനൂകൂല്യം കൈപ്പറ്റാന്‍ ആവശ്യമായ രേഖകള്‍ നല്‍കണം. സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികള്‍, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍, ട്രേഡ് യൂണിയന് നേതാക്കള്‍ അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്നത്തിന് ശ്വാശത പരിഹാരമാകുന്നത്. മരിയനാട് എസ്റ്റേറ്റില്‍ 2004-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജോലി നഷ്പ്പെട്ടു. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചുവിടല്‍ നഷ്ടപരിഹാരം, പലിശ എന്നിവ വയനാട് പാക്കേജില്‍ അനുവദിച്ച തുകയില്‍ നിന്നും വിതരണം ചെയ്യും.
ഓരോ വര്‍ഷം സേവനം ചെയ്തതിന് 15 ദിവസത്തെ വേതന നിരക്കില്‍ പിരിച്ചുവിടല്‍ നഷ്ട പരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാകും. പിരിച്ചുവിടല്‍ നഷ്ട പരിഹാരം തുക 2005 മുതല്‍ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നല്‍കുക. ജീവനക്കാരുടെ ഹാജര്‍ രേഖകള്‍, ഇപിഎഫ് വിവരങ്ങള്‍ അടിസ്ഥാനമാക്കി തുക കണക്കാക്കും. എസ്റ്റേറ്റില്‍ ഒന്‍പത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ 136 പേരും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് പേരും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാള്‍ക്കും രണ്ട് താത്ക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അര്‍ഹരായിട്ടുള്ളത്. ഇതില്‍ 21 പേര് മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്കും ആനുകൂല്യം ഉറപ്പാക്കും.
∙ മനസ്സോടിത്തിരി മണ്ണ്: വയനാട് ജില്ലയിൽ വാഗ്ദാനം ലഭിച്ച മുഴുവൻ സ്ഥലവും ലഭിച്ചു
വീട് വെക്കാൻ ഭൂമിയില്ലാത്തവർക്ക് ജനങ്ങൾ ഭൂമി സ്വമേധയാ നൽകുന്ന പദ്ധതിയായ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിൽ വയനാട് ജില്ലയിൽ വാഗ്ദാനം ലഭിച്ച 100 % ഭൂമിയും സർക്കാരിലേക്ക് റജിസ്റ്റർ ചെയ്തു ലഭിച്ചു. ജില്ലയിൽ 1.25 ഏക്കർ ഭൂമിയാണ് പദ്ധതിയിലേക്കായി സുമനസുകൾ വാഗ്ദാനം ചെയ്തത്. വാഗ്ദാനം അനുസരിച്ചു മുഴുവൻ ഭൂമിയും സർക്കാരിന്റേതാക്കി റജിസ്ട്രേഷനും ചെയ്തു. ഈ ഭൂമിയാണ് ലൈഫ് മിഷൻ പദ്ധതിയിൽ വീട് വെക്കാൻ സ്ഥലമില്ലാത്തവർക്കായി സർക്കാർ നൽകുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ മേഖലാ തല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലയിൽ 1.75 ഏക്കർ വാഗ്ദാനം ചെയ്തതിൽ 92.75 സെന്റ് ആണ് റജിസ്റ്റർ ചെയ്തു കിട്ടിയത്. കണ്ണൂർ ജില്ലയിൽ 4.15 എക്കർ വാഗ്ദാനം ചെയ്തതിൽ 1.76 ഏക്കറും കാസർകോട് ജില്ലയിൽ 2.80 ഏക്കർ വാഗ്ദാനം ലഭിച്ചതിൽ 2 ഏക്കർ ഭൂമിയുമാണ് ഇതുവരെ സർക്കാരിലേക്ക് ലഭിച്ചത്. ജൂൺ 25 വരെ സംസ്ഥാനത്ത് ആകെ 3177.385 സെന്റ് ഭൂമി വാഗ്ദാനം ലഭിച്ചവയിൽ 2271.815 സെന്റ് റജിസ്റ്റർ ചെയ്തു ലഭിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ വയനാട് ജില്ലയിൽ 26,235 വീടുകൾ പൂർത്തീകരിച്ചു. ഇത് ലക്ഷ്യമിട്ടതിന്റെ 81.17 % ആണ്. സെപ്റ്റംബർ ആകുമ്പോഴേക്കും 26,702 വീടുകൾ പൂർത്തിയാക്കലാണ് ലക്ഷ്യം.
വയനാട് ജില്ലയിലെ 98% സ്കൂളുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനവും 99 % സ്കൂളുകളിൽ അജൈവമാലിന്യ സംസ്കരണ സംവിധാനവും ഉണ്ട്. ജില്ലയിലെ 249 സ്കൂളുകളിൽ (89%) ഇ-മാലിന്യ പരിപാലന സംവിധാനമുണ്ട്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 100 % തദ്ദേശ സ്ഥാപനങ്ങളും ജല ബജറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.