
കളിച്ചു വളർന്നതും പഠനവും വിരമിക്കലും ഒരുമിച്ച്
പയ്യന്നൂർ ∙ കളിച്ചുവളർന്നതു മുതൽ വിരമിച്ചതു വരെ ഒരുമിച്ച്. എസ്ഐമാരായ എം.നാരായണൻ നമ്പൂതിരി, ഇ.ടി.സുരേഷ്, എം.പി.സോമരാജൻ എന്നിവർ പഠിച്ചതും സർവീസിൽ കയറിയതുമൊക്കെ ഒരുമിച്ചാണ്.
നാരായണൻ നമ്പൂതിരിയും സുരേഷും കാനായി സ്വദേശികളാണ്. സമീപത്തെ മുത്തത്തിയിലാണു സോമരാജൻ. നാരായണൻ നമ്പൂതിരിയും സുരേഷും ഒന്നു മുതൽ 7 വരെ കാനായി നോർത്ത് യുപി സ്കൂളിൽ പഠിച്ചു.
സോമരാജൻ മുത്തത്തി സ്കൂളിലും. മൂവരും ഒരുമിച്ചു ഹൈസ്കൂൾ പഠനം കോറോം ഗവ.ഹൈസ്കൂളിൽ.
ഒരുമിച്ചായിരുന്നു സ്കൂൾ യാത്ര. സ്കൂൾ പഠനത്തിനുശേഷം കോളജ് വിദ്യാഭ്യാസം വ്യത്യസ്ത കോളജുകളിലായിരുന്നുവെങ്കിലും എന്നും ഒത്തുകൂടുമായിരുന്നു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ഒരുമിച്ചെഴുതി.
മൂന്നുപേരും റാങ്ക് ലിസ്റ്റിൽ അടുത്തടുത്തു തന്നെയുണ്ടായിരുന്നു. 1993 മാർച്ചിൽ ഒരുമിച്ചു സർവീസിൽ കയറി.
പ്രമോഷനും അടുത്തടുത്തു തന്നെ. നാരായണൻ നമ്പൂതിരി എസ്ഐയായി പ്രമോഷൻ ലഭിച്ച് ആദ്യമെത്തിയതു വളപട്ടണം പൊലീസ് സ്റ്റേഷനിൽ. സുരേഷും പ്രമോഷൻ ലഭിച്ച് ആദ്യമെത്തിയതു വളപട്ടണം പൊലീസ് സ്റ്റേഷനിൽ തന്നെ.
നാരായണൻ നമ്പൂതിരി ചെറുപുഴ പൊലീസ് സ്റ്റേഷനിൽനിന്നും സുരേഷ് പയ്യന്നൂർ കൺട്രോൾ റൂമിൽനിന്നും സോമരാജൻ തിരുവനന്തപുരം സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയിൽനിന്നുമാണ് എസ്ഐമാരായി ഇന്നലെ വിരമിച്ചത്. സുരേഷ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]