
കാപ്പാട്ടുകുന്ന്-ചൂളിയാട് തീരദേശ റോഡിൽ തീരാദുരിതം; ഓട്ടോറിക്ഷകൾ സർവീസ് നിർത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിക്കൂർ ∙ കാപ്പാട്ടുകുന്ന്-ചൂളിയാട് തീരദേശ റോഡിൽ ദുരിത യാത്ര. 6 മാസം മുൻപ് നവീകരണ പ്രവൃത്തി നടന്ന റോഡിൽ സോളിങ് നടത്തിയിട്ടുണ്ടെങ്കിലും പൂർണമായും ടാറിങ് നടത്താത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. 2 കിലോമീറ്ററോളം ദൂരമുളള റോഡിന്റെ തുടക്കമായ കാപ്പാട്ടുകുന്ന് മുതൽ അയിക്കോത്ത് വരെയുള്ള 200 മീറ്റർ ഭാഗം മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. സോളിങ് നടത്തിയ ഇവിടം മുതൽ ചൂളിയാട് ഇറക്കം വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് കരിങ്കല്ലുകൾ ഇളകിക്കിടക്കുകയാണ്. തുടർന്നുള്ള 800 മീറ്ററോളം ഭാഗം മൺ റോഡായി തുടരുന്നു. സോളിങ് നടത്തിയ ഭാഗത്തു കൂടെ നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
റോഡിന്റെ ശോച്യാവസ്ഥ മൂലം ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്കുള്ള സർവീസ് നിർത്തിവച്ചിരിക്കുകയാണ്. പ്രദേശത്തെ 20 ഓളം കുടുംബങ്ങൾ റോഡ് ആശ്രയിക്കുന്നുണ്ട്. കാപ്പാട്ടുകുന്ന് നിന്ന് ചേടിച്ചേരി, പെരുവളത്തുപറമ്പ് ഭാഗത്തേക്കുള്ള എളുപ്പമാർഗമായതിനാൽ ഒട്ടേറെ യാത്രക്കാർ ദിവസവും ഇതുവഴി പോകുന്നുണ്ട്. മൺ റോഡായിരുന്ന കാലത്തുള്ളതിനേക്കാൾ ദുരിതമാണ് സോളിങ് നടത്തിയപ്പോൾ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സോളിങ് നടത്തിയ ഭാഗം അടിയന്തരമായി ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.