‘നീ എന്താ ഒന്നും എഴുതാതിരിക്കുന്നത്, പുസ്തകം കൊണ്ടുവന്നില്ലേ’’ തടിയൻകൊവ്വൽ എഎൽപി സ്കൂളിൽ ഗണിതാധ്യാപകൻ ഈയ്യക്കാട്ടെ നാരായണൻ നമ്പൂതിരിയുടെ ചോദ്യത്തിനു മുന്നിൽ നാലാം ക്ലാസുകാരനായ അപ്യാൽ രാജന്റെ മറുപടി മൗനമായിരുന്നു. പുസ്തകം ഇല്ലെന്നു മനസ്സിലാക്കിയ അധ്യാപകൻ ക്ലാസിലെ കുട്ടികളുടെ പുസ്തകത്തിൽ നിന്നു നടുപ്പേജ് ശേഖരിച്ച് തുന്നിക്കെട്ടി ഒരു പുസ്തകമാക്കി രാജനു നൽകി.
പഴയകാലത്തെ ഓർമകളെ ഓർത്തെടുത്ത് അപ്യാൽ രാജൻ കണ്ണുതുടച്ചു.
വിധി തളർത്താൻ ശ്രമിച്ചിട്ടും നിശ്ചയദാർഢ്യത്തോടെ പോരാടിയ രാജന് വിദ്യാലയജീവിതത്തിൽ നിന്ന് പടിയിറക്കം.
കൊഴുമ്മൽ ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപകനാണ് അപ്യാൽ രാജൻ.
അഞ്ചു രൂപ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ അഞ്ചാം ക്ലാസിൽ പഠനം നിർത്തി കുടുംബം പുലർത്താൻ ബീഡി തെറുപ്പു പണിക്കു പോയി. കൂലിപ്പണിയും ഹോട്ടൽ പണിയും ചെയ്തു.
ഇടക്കാലത്ത് കിണറുപണിക്കു പോയി.
ജീവിതം വഴിമാറുന്നു
കരിവെള്ളൂരിൽ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാൻഫെഡ് ഒരുക്കിയ രാത്രികാല ക്ലാസിൽ പഠനം നടത്തി. 600ൽ 457 മാർക്ക് നേടി 1988ൽ എസ്എസ്എൽസി പാസ്സാകുമ്പോൾ രാജന് 18 വയസ്സ്.
1991ൽ മായിപ്പാടി ഡയറ്റിൽ നിന്ന് ടിടിസി പാസായി. വീണ്ടും ബീഡിപ്പണിയെടുത്തു.
സമയം കിട്ടുമ്പോൾ വായിച്ചു.
പാണ്ടി ഹൈസ്കൂളിൽ പ്രൈമറി വിഭാഗം താൽക്കാലിക അധ്യാപകനായി ജോലി ചെയ്തപ്പോൾ ക്ലാസിൽ ഫീസടയ്ക്കാൻ കഴിയാത്ത കുട്ടികളുടെ ഫീസടച്ചു കൊണ്ട് രാജൻ കാലത്തോട് മധുരപ്രതികാരം ചെയ്തു.
1996ൽ കാസർകോട് ഫയർമാനായി നിയമനം ലഭിച്ചു. തന്നെ ഹൃദയത്തോട് ചേർത്തു പിടിച്ച നാരായണൻ മാഷോടുള്ള സ്നേഹം കാരണം ഗണിതാധ്യാപകനാകാൻ ആഗ്രഹിച്ചു.
1998 ൽ തടിക്കടവ് ജിയുപി സ്കൂളിൽ അധ്യാപകനായി സ്ഥിരം നിയമനം ലഭിച്ചു. പല വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.
2021ൽ വെള്ളൂർ ഗവ.എൽപി സ്കൂളിൽ പ്രധാനധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു.
സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിലും ചോദ്യക്കടലാസ് തയാറാക്കുന്ന സമിതിയിലും അംഗമായിരുന്നു. ഈ വർഷത്തെ രണ്ടാം ക്ലാസ് ഗണിത പാഠപുസ്തകവും കഴിഞ്ഞ വർഷം പരിഷ്കരിച്ച ഒന്നാം ക്ലാസ് ഗണിത പാഠപുസ്തകവും തയാറാക്കിയ സമിതിയിലെ അംഗമാണ് രാജൻ.
ഗണിതമിഠായി എന്ന പ്രവർത്തന പുസ്തകവും അധ്യാപക സഹായിയും തയാറാക്കി. ഗണിതം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിനകത്തും പുറത്തും ഒട്ടേറെ ക്യാംപുകൾക്ക് ചുക്കാൻ പിടിച്ചു.
കൊഴുമ്മൽ ഗവ. എൽപി സ്കൂൾ കൂട്ടായ്മ രാജന് ഏപ്രിൽ 4 ന് യാത്രയയപ്പു നൽകും.
ഭാര്യ പയ്യന്നൂർ എഎസ്ഐ കെ.വി.സ്മിത. മക്കൾ: മേഘ്ന, കാർത്തിക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

