തൊടുപുഴ∙ ഉച്ചകഞ്ഞിക്കുള്ള അരി ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ കൂലിപ്രശ്നത്തിന് താൽക്കാലിക പരിഹാരമായെങ്കിലും കുട്ടിക്കാനം ഗോഡൗണിൽ 2 ദിവസം മുൻപ് എത്തിയ ലോറിയിലെ ലോഡ് ഇറക്കിയിട്ടില്ല. മാസങ്ങളായി നീണ്ടുനിൽക്കുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്.
സ്കൂളുകൾ തുറന്നപ്പോൾ ജില്ലയിലെ ഒരു സ്കൂളിലും ഉച്ചക്കഞ്ഞിക്കുള്ള അരി എത്തിച്ചില്ല. തുടർന്ന് അധ്യാപകർ സ്വന്തം ചെലവിൽ പണം കണ്ടെത്തി ഉച്ചക്കഞ്ഞി വിതരണം നടത്തുകയായിരുന്നു.
ലേബർ ഓഫിസറുടെ നേതൃത്വത്തിൽ കരാറുകാരും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് അന്നു പരിഹാരമായത്.
കയറ്റിറക്ക് കൂലിക്ക് പുറമേ 950 കെട്ടുകൂലിയായി നൽകിയിരുന്നു. എന്നാൽ പുതിയ കരാറുകാരൻ അധിക കൂലി നൽകില്ലെന്ന് നിലപാട് എടുത്തതോടെ വിതരണം മുടങ്ങി.
ഇതോടെ കയറ്റിറക്ക് തൊഴിലാളികൾ സമരം പ്രഖ്യാപിക്കുകയായിരുന്നു. അന്നു നടത്തിയ ചർച്ചയിൽ കൂലിപ്രശ്നത്തിന് 2 മാസത്തിനുള്ളിൽ പരിഹാരം കാണാമെന്നു പറഞ്ഞ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.
എന്നാൽ പ്രശ്നത്തിൽ പരിഹാരം കാണാതായതിനെ തുടർന്നാണ് വീണ്ടും ജില്ലയിൽ ഉച്ചക്കഞ്ഞി മുടങ്ങിയത്.
ഇടവെട്ടി, കുട്ടിക്കാനം, നെടുങ്കണ്ടം, മൂന്നാർ എന്നീ സ്ഥലങ്ങളിലുള്ള ഡിപ്പോകളിലേക്കാണ് ഉച്ചക്കഞ്ഞിക്കുള്ള അരി എത്തിക്കുന്നത്. ഇതിൽ ഇടവെട്ടി, കുട്ടിക്കാനം ഡിപ്പോകളിൽ എത്തിയ ലോറികളിൽ നിന്നു ലോഡ് ഇറക്കാതെ 2 ദിവസമായി കിടക്കുകയാണ്. ഇതിനിടെ ഉച്ചക്കഞ്ഞിക്ക് അരി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചെറുതോണിയിൽ അധ്യാപകർ കാലിച്ചാക്കുമായി സമരം നടത്തി.
തുടർന്ന് ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തൽക്കാലത്തേക്ക് അരി ഇറക്കാൻ തൊഴിലാളി യൂണിയനുകൾ തയാറായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]