മൂന്നാർ ∙ ആകാശത്ത് കുടുങ്ങിയവരെ സ്പൈഡർമാൻ രക്ഷിക്കാൻ എത്തുന്നതു പോലെയായിരുന്നു കഴിഞ്ഞ ദിവസം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയവർക്കായി മൂന്നാർ അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം. അതിൽ ഹീറോയായത് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പിറവം സ്വദേശി ടി.അജയകുമാർ (55). 27 വർഷത്തെ സർവീസിനിടയിൽ ഏറ്റവും റിസ്ക് എടുത്തു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇതെന്ന് അജയകുമാർ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആനച്ചാലിലെ ആകാശ ഭക്ഷണശാലയിൽ കുരുങ്ങിയ കുട്ടികളടക്കം അഞ്ചു പേരെയാണ് അജയകുമാർ ജീവൻ പണയംവച്ച് കേവലമൊരു പ്ലാസ്റ്റിക് കയറിൽ തൂങ്ങിക്കയറി ഒന്നര മണിക്കൂർ നീണ്ട
രക്ഷാപ്രവർത്തനത്തിലൂടെ താഴെയെത്തിച്ചത്.
രക്ഷാപ്രവർത്തനത്തെക്കുറിച്ച് അജയകുമാർ പറയുന്നതിങ്ങനെ:
കയറിൽ തൂങ്ങി മുകളിലെത്തിയ ഞാൻ ആദ്യം കണ്ടത് പേടിച്ചു നിലവിളിക്കുന്ന രണ്ടു കുട്ടികളെയാണ്. മറ്റുള്ളവർ സമചിത്തതയോടെയാണ് നിന്നിരുന്നത്.
കുട്ടികളെയടക്കം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചുസമയം വേണ്ടിവന്നു. ആദ്യം കുട്ടികളുടെ അമ്മയെ താഴെയെത്തിച്ചു. തുടർന്ന് കുട്ടികളെ ഓരോരുത്തരെയായി മാറോടുചേർത്ത് താഴേക്കിറങ്ങി.
ഭയമില്ലാതാക്കാൻ ആകാശക്കാഴ്ചകൾ കാട്ടിക്കൊടുത്തും താഴെ കാത്തു നിൽക്കുന്നവർക്ക് ഹായ് കൊടുത്തുമാണ് നീങ്ങിയത്. അഞ്ചാമത്തെയാളെയും താഴെ എത്തിച്ചതോടെയാണ് ദൗത്യം പൂർത്തിയായത്. ഒരു വർഷം മുൻപാണ് അജയകുമാർ മൂന്നാറിലേക്ക് സ്ഥലംമാറ്റം ലഭിച്ചു വന്നത്.
എറണാകുളം, കാസർകോട് ജില്ലകളിലായിരുന്നു മുൻപ് ജോലി. അധ്യാപികയായ സുധയാണ് ഭാര്യ. പിജി വിദ്യാർഥി ഹൃഷിദേവ് ഏജറ്റ്, ബിരുദ വിദ്യാർഥി ത്വിഷിദേവ് ഏജറ്റ് എന്നിവരാണ് മക്കൾ.
2020ൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ, ബാഡ്ജ് ഓഫ് ഓണർ എന്നിവ ലഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

