
ഉപ്പുതറ∙ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്തശേഷം നടപടികൾ എങ്ങുമെത്താതെ കിടക്കുമ്പോൾ കാറ്റാടിക്കവല-പശുപ്പാറ റോഡ് ദുരിതക്കൊടുമുടിയിൽ. പശുപ്പാറ, ആലംപള്ളി എസ്റ്റേറ്റുകളിലെ ഉൾപ്പെടെ അഞ്ഞൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
കാപ്പിപ്പതാൽ, മലയപ്പുതുവൽ, ഇഞ്ചിമലപ്പുതുവൽ ഉൾപ്പെടെയുള്ള കാർഷിക മേഖലകളിലുള്ളവരും ഇതിനെ ആശ്രയിക്കുന്നു.
വാഗമണ്ണിലേക്കുള്ള ഈ ലിങ്ക് റോഡ് 25 വർഷത്തോളമായി തകർന്നു കിടന്നിട്ടും നന്നാക്കാത്തതിന് എതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം ആരംഭിച്ചശേഷം ഇ.എസ്.ബിജിമോൾ എംഎൽഎയായിരുന്ന സമയത്ത് 2020ൽ ആണ് റോഡിനായി ഫണ്ട് അനുവദിച്ചത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് അനുവദിച്ചത്. തുടർന്ന് ഉപ്പുതറ പഞ്ചായത്ത് തുക വകയിരുത്തി മണ്ണ് പരിശോധന നടത്തുകയും വീതി കൂട്ടാൻ സർവേ നടത്തുകയും ചെയ്തു.
ആദ്യഘട്ടത്തിൽ 6 മീറ്റർ വീതിയിൽ പണിയാനാണ് ലക്ഷ്യമിട്ടതെങ്കിലും പിന്നീട് 8 മീറ്റർ വീതിയാക്കി. അതോടെ ഫണ്ട് തികയാത്ത സാഹചര്യമായി.
തുടർന്ന് ജില്ലാ പഞ്ചായത്തിൽനിന്ന് അധികതുക വകയിരുത്തി.
ഇതിനുശേഷം ടെൻഡർ നടപടി പൂർത്തിയാക്കുകയും രണ്ടുതവണ നിർമാണോദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമാണത്തിന് കാലതാമസം നേരിട്ടതിനാൽ സർക്കാർ പിന്നീട് ഫണ്ട് മരവിപ്പിച്ചു.
ഇതിനെതിരെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം പി.നിക്സൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി തുക അനുവദിക്കുകയും കരാർ വരെ നൽകിയശേഷം ഫണ്ട് പിൻവലിക്കുകയും ചെയ്ത നടപടിക്കെതിരെയാണ് പരാതി.
മുൻപ് കെഎസ്ആർടിസി ഉൾപ്പെടെ ഒട്ടേറെ ബസുകൾ സർവീസ് നടത്തിയിരുന്ന റോഡാണിത്.
റോഡ് തകർന്നതോടെ കെഎസ്ആർടിസി ബസ് സർവീസ് നിലച്ചു. നിലവിൽ ഏതാനും സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
റോഡിന്റെ പലഭാഗത്തും പേരിനുപോലും ടാറിങ് അവശേഷിക്കാതെ തകർന്നിട്ടും പ്രശ്ന പരിഹാരം ഉണ്ടാകാത്തതിനാൽ ജനം കടുത്ത പ്രതിഷേധത്തിലാണ്.
ജീവൻ തിരിച്ചുകിട്ടിയാൽ ഭാഗ്യം: എഴുകുംവയൽ- വലിയതോവാള റോഡ്
നെടുങ്കണ്ടം∙ ഇതിലും ഭേദം പഴയ റോഡാണ്: എഴുകുംവയൽ- വലിയതോവാള വഴി യാത്ര ചെയ്യുന്നവർ ഇപ്പോൾ ചിന്തിക്കുന്നതിങ്ങനെ. വർഷങ്ങൾ നീണ്ട
പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് പുനർനിർമിക്കാൻ 5 കോടി രൂപ അനുവദിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാൻ വൈകി. നിർമാണം തുടങ്ങിയെങ്കിലും മഴക്കാലം തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപു നിർത്തിവച്ചു. ഏതാനും ഭാഗത്തെ ടാറിങ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മാന്തിപ്പൊളിച്ചതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ദുഷ്കരമായി.
ക്വാറി അവശിഷ്ടങ്ങൾ ഇട്ടുനികത്തിയ ഭാഗങ്ങൾ വെള്ളക്കെട്ടായി. വലിയതോവാള മുതൽ ടാറിങ് പൂർണമായി ഇളക്കിമാറ്റിയിരിക്കുകയാണ്. കൊടും വളവുകളുള്ള ഇവിടെ ഇരുചക്ര വാഹന യാത്രക്കാർ റോഡിൽ തെന്നിവീണു പരുക്കേൽക്കുന്നതും പതിവാണ്.
ഒരേ സമയം 2 വാഹനങ്ങൾക്ക് കഷ്ടിച്ച് മാത്രം കടന്നു പോകാൻ കഴിയുന്ന റോഡിൽ അപകടങ്ങളും പതിവാണ്. ചെളിക്കുണ്ടിൽ വീഴാതെ കടന്നുപോകാൻ കഴിയണേ എന്നാണു നാട്ടുകാർ പ്രാർഥിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]