അടിമാലി ∙ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ വീടു തകർന്ന് പരുക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നെടുമ്പിള്ളിക്കുടി സന്ധ്യയുടെ(41) ഇടതുകാൽ മുട്ടിനു താഴെ മുറിച്ചു നീക്കി. സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ 8 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയിരുന്നു.
വലതുകാലിന് 2 ശസ്ത്രക്രിയകൾ കൂടി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചു.
അധികൃതർ പിന്നീട് അന്വേഷിച്ചില്ലെന്നു സന്ധ്യയുടെ ബന്ധുക്കൾ പരാതി പറഞ്ഞു. സന്ധ്യ–ബിജു ദമ്പതികളുടെ ഇളയമകൻ കാൻസർ ബാധിച്ചു മരിച്ചിട്ട് 29ന് ഒരു വർഷം തികയും.
മണ്ണിടിച്ചിൽ: രക്ഷപ്പെട്ടവർക്ക് സർക്കാർ സഹായം നൽകിയില്ലെന്ന് പരാതി
അടിമാലി ∙മണ്ണിടിച്ചിൽ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടവർക്ക് സഹായം നൽകുന്നതിൽ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും വീഴ്ചയുണ്ടായതായി പരാതി.
അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള തുക പോലും ദുരന്തബാധിതർക്ക് നൽകിയില്ല. ദുരന്തം നടന്ന ശനിയാഴ്ച രാത്രി സംഭവസ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിനും കലക്ടർ ഉൾപ്പെടുന്ന ഭരണാധികാരികളും ഞായറാഴ്ച വൈകിട്ടുവരെ സംഭവസ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
എന്നാൽ കാഴ്ചക്കാരായി എത്തിയതല്ലാതെ ദുരന്തത്തിൽ മരിച്ച നെടുമ്പള്ളിക്കുടി എൻ.കെ.ബിജുവിന്റെ സംസ്കാര ചടങ്ങുകൾക്കുപോലും ഒരു രൂപ പോലും നൽകാൻ കൂട്ടാക്കിയില്ല.
ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരുക്കേൽക്കുകയും 8 കുടുംബങ്ങളുടെ വീടുകൾ മണ്ണിനടിയിലാകുകയും 36 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതാണ് അടിമാലി ലക്ഷം വീട് നഗറിലെ ദുരന്തത്തിന്റെ ബാക്കിപത്രം. ഒരു രൂപയുടെ സഹായം പോലും നൽകാതെ മന്ത്രിയും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഓടി നടന്ന് ഞങ്ങളും ഒപ്പമുണ്ടെന്നു വരുത്തി ദുരിതബാധിതരുടെ കണ്ണിൽ പൊടിയിട്ടു പോകുക മാത്രമാണ് ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്.
വീടുകൾ പൂർണമായി നഷ്ടപ്പെട്ട
8 കുടുംബങ്ങളെ അടിമാലി ഗവ. ഹൈസ്കൂളിലെ ക്യാംപിൽ നിന്ന് കത്തിപ്പാറ കെഎസ്ഇബി ക്വാർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ഉടുതുണി ഒഴികെ ഒന്നും ഇവർക്കില്ല. താൽക്കാലിക ആശ്വാസമെന്ന നിലയിൽ ഒരു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ചിട്ടില്ല.
ക്വാർട്ടേഴ്സിലേക്കുമാറ്റിയ കുടുംബങ്ങൾക്ക് ഒന്നു വീതം കട്ടിൽ, കിടക്ക, പാചക വാതക അടുപ്പ്, സിലിണ്ടർ, ബക്കറ്റ്, കപ്പ് എന്നിവ നൽകിയിട്ടുണ്ട്. ഇത് കരാർ ഏറ്റെടുത്തു നടത്തുന്ന കമ്പനി നൽകിയതാണ്.
മണ്ണിടിച്ചിൽ: നഷ്ടപരിഹാരം നൽകണം
അടിമാലി∙ ദേശീയപാത മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ലക്ഷം വീട് നെടുമ്പിള്ളിക്കുടി ബിജുവിന്റെ കുടുംബത്തിന് സർക്കാർ അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ക്യാംപ് സന്ദർശിച്ച കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ്, ജന.
സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ എന്നിവർ ആവശ്യപ്പെട്ടു. തൊടുപുഴ ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി സംഭവിച്ച മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിനും വീടും ഭൂമിയും നഷ്ടമായ കുടുംബങ്ങൾക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ്.
സിയാദ് എന്നിവർ ആവശ്യപ്പെട്ടു.
ക്വാർട്ടേഴ്സ് ചോർന്നൊലിക്കുന്നു
ലഭിച്ച ക്വാർട്ടേഴ്സുകളിൽ പലതും ചോർന്നൊലിക്കുന്നതാണ്. ചോർച്ച തടയാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടിയിട്ടുണ്ടെങ്കിലും മഴ പെയ്താൽ മുറികൾ വെള്ളക്കെട്ടിലാകുമെന്ന് ദുരിതബാധിതർ പറഞ്ഞു. പാകം ചെയ്തു കഴിക്കാൻ ഭക്ഷണ സാധനങ്ങൾ ഒന്നുമില്ല.
3 ദിവസമായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ മാറുന്നതിന് പുതിയ വസ്ത്രങ്ങളില്ല. ഇന്നലെ രാവിലെ മുതൽ അടിമാലി ക്യാംപിൽ ഉണ്ടാക്കുന്ന ഭക്ഷണം ഇവർക്ക് എത്തിച്ചു നൽകുകയാണ്.
ഇതിനുള്ള പണം നൽകുന്നത് കരാർ ഏറ്റെടുത്ത ഇകെകെ കമ്പനിയും. ചില സന്നദ്ധ സംഘടനകൾ സഹായഹസ്തവുമായി എത്തുന്നത് ആശ്വാസമാണ്. ഫലത്തിൽ സർക്കാരും ദുരിതബാധിതർക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത ഭരണകൂടവും 4 ദിവസമായി കാഴ്ചക്കാരുടെ റോളിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

