
ചെറുതോണി ∙ ജില്ലയിലെ സ്കൂളുകളിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരുമണി അരി അരി പോലും അവശേഷിക്കുന്നില്ലെന്ന് അധ്യാപകർ. പിന്നാക്ക മേഖലയിൽ ഉൾപ്പെടെയുള്ള സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണം മുടങ്ങും.
സ്കൂൾ കുട്ടികൾ പട്ടിണിയിലേക്കു നീങ്ങുന്ന ഗുരുതരമായ സാഹചര്യം രൂപപ്പെട്ടിട്ടു ദിവസങ്ങൾ കഴിഞ്ഞെങ്കിലും ജില്ലാ ഭരണകൂടം ഇടപെട്ടിട്ടില്ല. കഴിഞ്ഞ 18 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളുടെ നേതൃത്വത്തിൽ സ്കൂളുകളിലെ പ്രധാന അധ്യാപകരുടെയും ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്ന അധ്യാപകരുടെയും യോഗം ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും അതും മാറ്റി. സ്കൂൾ കുട്ടികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തിൽ പരിഹാരത്തിനു ശ്രമം പോലും നടത്താത്ത ജില്ലാ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പട്ടിണിയിലേക്കുള്ള വഴി
എല്ലാ മാസവും അഞ്ചാം തീയതി തന്നെ സ്കൂളിൽ നിന്നും ചെലവായ അരിയുടെ അളവും ആവശ്യമുള്ള അരിയുടെ അളവും ശേഖരിച്ച് വിദ്യാഭ്യാസ ഓഫിസർമാർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് ഇൻഡന്റ് നൽകുന്നതാണ്.
എന്നാൽ ജൂലൈ മാസത്തിൽ ഒരു സ്കൂളിനും ഒരു കിലോ അരി പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുൻപു തന്നെ വിദ്യാഭ്യാസ ഓഫിസർമാർ ഈ പ്രതിസന്ധി ജില്ലാ സപ്ലൈ ഓഫിസറെ അറിയിച്ചിരുന്നതാണ്.
പക്ഷേ, നടപടികൾ ഒന്നും ഉണ്ടായില്ല. അറക്കുളം എഫ്സിഐ ഗോഡൗണിൽ നിന്ന് അരി മാവേലി സ്റ്റോറുകളിൽ എത്തിക്കുകയും, ഇവിടെ നിന്ന് സ്വന്തം ചെലവിൽ സ്കൂളുകളിൽ എത്തിക്കുകയുമാണു പതിവ്.
ഏതാനും ദിവസങ്ങളായി മാവേലി സ്റ്റോറുകളിൽ അരി സ്റ്റോക്ക് ഇല്ല. അറക്കുളത്തു നിന്നു കയറ്റി വിടുമ്പോൾ ഉണ്ടാകുന്ന കൂലിത്തർക്കമാണ് അരി എത്താത്തതിനു കാരണം.
പക്ഷേ, പ്രശ്നത്തിൽ ഇടപെടേണ്ട അധികൃതർ മൗനം പാലിക്കുന്നതിനാൽ തർക്കം തുടരുകയാണ്.
കാലിച്ചാക്ക് സമരം നടത്തി കെപിഎസ്ടിഎ
തൊടുപുഴ ∙ ജൂലൈ ഒന്നാം തീയതി ലഭിക്കേണ്ട
സ്കൂൾ ഉച്ചഭക്ഷണത്തിലുള്ള അരി മാസാവസാനമായിട്ടും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കെപിഎസ്ടിഎ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസിന് മുൻപിൽ കാലിച്ചാക്ക് സമരം നടത്തി. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.എം.നാസർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനിൽ ടി.തോമസ്, ജില്ലാ ട്രഷറർ ഷിന്റോ ജോർജ്, സംസ്ഥാന കൗൺസിലർ സജി മാത്യു, ഭാരവാഹികളായ ബിജു ഐസക്, ജിബിൻ ജോസഫ്, ദീപു ജോസ്, ലിജോമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
കടം വാങ്ങി ഉച്ചക്കഞ്ഞി നൽകാൻപറ്റില്ല: അധ്യാപകർ
അധ്യയന വർഷം സ്കൂൾ തുറക്കുന്ന ദിവസം ജില്ലയിലെ പകുതിയിലധികം വിദ്യാലയങ്ങളിലും അരി ലഭിച്ചിരുന്നില്ല.
എന്നാൽ അരിയില്ലെങ്കിലും കുട്ടികൾക്കുള്ള ഭക്ഷണം മുടക്കരുതെന്നും, ഇത് പ്രഥമാധ്യാപകരുടെ കടമയാണെന്നുമായിരുന്നു സർക്കാർ ഉത്തരവ്. തുടർന്ന് ഈ ദിവസങ്ങളിൽ പ്രഥമാധ്യാപകർ സ്വന്തം നിലയ്ക്ക് വാങ്ങിയ അരിയുടെ വില നാളിതുവരെയായിട്ടും സർക്കാർ അനുവദിച്ചിട്ടുമില്ല.
ഇനി സ്വന്തം നിലയ്ക്ക് അരി വാങ്ങാനില്ലെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]